കോട്ടയം ; ഭീകരരുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന ശ്രീനഗറിന്റെ ഹൃദയ വഴിയിലൂടെ നാഷനൽ പെർമിറ്റ് ലോറി ഓടിച്ച് മലയാളി വീട്ടമ്മ.
ഏറ്റുമാനൂർ ചെറുവാണ്ടൂർ പുത്തേട്ട് ജലജയാണ് ലോഡുമായി 23 ദിവസം നീണ്ട യാത്ര നടത്തിയത്.
കഴിഞ്ഞ ഫെബ്രുവരി ആദ്യമായിരുന്നു യാത്ര.
ലോറി ട്രാൻസ്പോർട്ട് ബിസിനസുകാരനായ ഭർത്താവ് പി.എസ്.രതീഷിന്റെ ഉടമസ്ഥതയിലാണു ലോറി.
ഭർത്താവും ഒന്നിച്ചായിരുന്നു യാത്ര.
പെരുമ്പാവൂരിൽ നിന്നു പുണെ വരെ പ്ലൈവുഡ് കയറ്റിയായിരുന്നു ആദ്യ ട്രിപ്.
പുണെയിൽ നിന്നു സവാളയുമായി ശ്രീനഗറിലേക്ക് പോയി.
കശ്മീർ കാണണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു സാഹസത്തിനു പ്രേരിപ്പിച്ചതെന്നു ജലജ പറഞ്ഞു.
മിക്ക വഴികളിലും സുരക്ഷാ സേനയുടെ പരിശോധന ഉണ്ടായിരുന്നു.
ശ്രീനഗറിനു തൊട്ടുമുൻപ് സേനയുടെ വലിയ പരിശോധനയും നടന്നു.
ഇടുക്കി സ്വദേശിയായ ജവാനെ പരിചയപ്പെടുത്തി.
പിന്നെ ഒപ്പം നിന്നൊരു സെൽഫി.
ശ്രീനഗറിൽ ലോഡ് ഇറക്കിക്കിട്ടാൻ 2 ദിവസമെടുത്തു.
അതിനിടെ കശ്മീർ ചുറ്റിക്കണ്ടു.
തിരികെ കശ്മീരിൽ നിന്നു ലോഡ് കിട്ടിയില്ല.
പഞ്ചാബിൽ എത്തി സുവർണ ക്ഷേത്രവും ജാലിയൻവാലാബാഗ് സ്മാരകമൊക്കെ കണ്ടു.
ആഗ്രയിലെത്തി താജ്മഹലും.
പിന്നെ ഹരിയാനയിൽ നിന്നു ബെംഗളൂരുവിലേക്ക് ലോഡ് കിട്ടി. മൈസൂരുവിൽ നിന്നു മറ്റൊരു ലോഡുമായി കേരളത്തിലേക്ക്.
ആദ്യമായല്ല ജലജ ലോഡുമായി ദീർഘദൂരം യാത്ര ചെയ്യുന്നത്. മുംബെയിലേക്കായിരുന്നു ആദ്യ യാത്ര.
അന്നും ഭർത്താവായിരുന്നു കൂട്ട്.
യാത്രയിൽ ഇടയ്ക്ക് ഫ്രഷ് ആകാൻ പെട്രോൾ പമ്പുകളെയാണ് ആശ്രയിക്കുന്നത്.
ഭക്ഷണം സ്വയം പാചകം ചെയ്യും.
ക്ഷീണം തോന്നുമ്പോൾ സ്റ്റിയറിങ് ഭർത്താവിനു കൈമാറും.
ലോറിയുടെ കാബിൻ ശീതീകരിച്ചതാണ്.
അവിടെ കിടന്ന് അൽപം മയങ്ങും.
ലോഡ് മിക്കതും കേടാകാതെ എത്തിക്കേണ്ടതിനാൽ കൂടുതൽ വിശ്രമത്തിനു വഴിയോരങ്ങളിൽ തങ്ങാൻ കഴിയില്ല.
ജലജ ഡ്രൈവിങ് പഠിച്ചിട്ട് 7 വർഷമായി.
21 –ാം വയസ്സിൽ വിവാഹം കഴിച്ച് ചെറുവാണ്ടൂരിൽ എത്തി.
സ്കൂട്ടർ ഓടിക്കാൻ പഠിച്ചു തുടങ്ങി.
പിന്നെ ഹെവി ലൈസൻസും എടുത്തു.
മക്കളായ ദേവികയും (പ്ലസ് ടു), ഗോപികയും (പ്ലസ് വൺ) അവധിക്കാല ട്രിപ്പിൽ ഒപ്പം കൂടാറുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ