ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്.ആര് ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും.
പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ കെ. മണികണ്ഠന്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം, മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് സെല്‍ (എം.സി.എം.സി) എന്നിവയും നിരീക്ഷകര്‍ സന്ദര്‍ശിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ