വേങ്ങര: തെങ്ങുകൃഷിയാണ് നാട്ടിലെ കൃഷിയുടെ നട്ടല്ലെന്നും അതിൽ പരിഷ്‌കാരങ്ങൾ വരേണ്ടത് ആവശ്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ഗ്രാമപ്പഞ്ചായത്ത് കർഷകർക്ക് അനുവദിച്ച തെങ്ങുകയറ്റയന്ത്രങ്ങളുടെ വിതരണവും യന്ത്രങ്ങളുപയോഗിച്ച് തെങ്ങുകയറാനുള്ള പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 150 കർഷകർക്കാണ് യന്ത്രങ്ങൾ വിതരണം ചെയ്തത്. നാളികേരകൃഷി വികസനം ലക്ഷ്യമാക്കി പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 625 ഏക്കറിലെ 43,750 തെങ്ങുകൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കൃഷി ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ, കൃഷി ഓഫീസർ എം. നജീബ് എന്നിവർ പദ്ധതി വിശദീകരിച്ചു. ടി.കെ. പൂച്യാപ്പു, സെക്രട്ടറി കെ.കെ. പ്രഭാകരൻ, യൂസുഫലി വലിയോറ, എ.കെ. സലീം, പി.എച്ച്. ഫൈസൽ, മങ്കട മുസ്തഫ, സഹീർ അബ്ബാസ് നടക്കൽ, എൻ.ടി. ഷെരീഫ്, കെ.പി. ഫസൽ എന്നിവർ പ്രസംഗിച്ചു.
വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത് എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു