വേങ്ങര: വേങ്ങരയിൽ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. കണ്ണമംഗലം, വേങ്ങര വില്ലേജുകളിലെ വെട്ടുതോട്, ചെമ്പട്ട നഗർ പ്രദേശങ്ങളിലാണ് വ്യാപക നഷ്ടമുണ്ടായത്. ചുഴലിക്കാറ്റിലും മഴയിലും കണ്ണമംഗലം വില്ലേജിൽ ആറു വീടുകൾ ഭാഗികമായും ഒരു വീട് പകുതിയും തകർന്നു. വേങ്ങര വില്ലേജിൽ ഒരു വീട് പകുതിയും ഏഴു വീടുകൾ ഭാഗികമായും തകർന്നു. പൂച്ചോലമാട്-വേങ്ങര റോഡിലേക്ക് ഒരു വലിയ പ്ലാവ് കടപുഴകി വീണു. കൊട്ടേക്കാട്ട് മൊയ്തീൻകുട്ടിയുടെ വീട്ടിലേക്ക് മരം വീണ് മകൻ സൈനുൽ ആബിദ് (35), ആദം സൈൻ (4) എന്നിവർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
കണ്ണമംഗലം വില്ലേജിൽ മനോജ് മണ്ണിൽ, കൊട്ടേക്കാട്ട് മൊയ്തീൻകുട്ടി, തച്ചരുപടിക്കൽ റസിയ, മാട്ടറ മുസ്തഫ, കുളങ്ങര ഉമ്മർ ഖത്താബ്, ഒറ്റയിൽപാടി രാജൻ, ചെമ്പട്ട കണ്ണൻകുട്ടി എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം.
വേങ്ങര വില്ലേജിൽ തെയ്യാംവീടൻ രവിയുടെ വീട് ഏതാണ്ട് പകുതിയിലധികം തകർന്നു. ചെമ്പട്ട നാടി, കെ.കെ. രാമകൃഷ്ണൻ, എട്ടുവീട്ടിൽ അബ്ദുൽ ജബ്ബാർ, കൊളപ്പറ്റ സെയ്തു, ചെമ്പട്ട വേലായുധൻ, മനയംതൊടി ആലി, എം.ടി. ഷമീർ എന്നിവരുടെ വീടുകൾക്ക് സാരമായ കേടുകൾ സംഭവിച്ചു. നിരവധി വൻമരങ്ങൾ കടപുഴകി വീണു. രണ്ട് എച്ച്ടി ലൈൻ കാലുകളും എട്ട് എൽടി ലൈൻ കാലുകളും തകർന്നു. 40 ഇടങ്ങളിൽ മരം വീണ് കമ്പികൾ തകർന്നു. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ എടുക്കുമെന്നാണ് കെഎസ്ഇബി അധികൃതർ പറഞ്ഞത്. വേങ്ങര, കണ്ണമംഗലം വില്ലേജ് ഓഫീസർമാർ, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ, മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് പി.കെ. അസ്‌ലു, സിപിഎം ഏരിയാ സെക്രട്ടറി കെ.ടി. അലവിക്കുട്ടി, വി. ശിവദാസ്, എൻ.കെ. പോക്കർ, കെ.പി. സുബ്രഹ്മണ്യൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ