യുവാവിന്റെ കസ്റ്റഡി മരണം: താനൂർ എസ്.ഐ ഉൾപ്പെടെ 8 പൊലീസുകാർക്ക് സസ്പെൻഷൻ

താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താനൂർ എസ്.ഐ ഉൾപ്പെടെ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ. താനൂർ എസ്.ഐ  കൃഷ്ണലാലിനെ കൂടാതെ, മനോജ്, അഭിമന്യൂ , ആൽബിൻ, ദിനേഷ്, വിപിൻ, ശ്രീകുമാര്‍,ആശിഷ് സ്റ്റീഫന്‍ എന്നിവർക്കെതിരെയാണ് സസ്പെൻഷൻ നടപടി. താമിറിന്റെ ശരീരത്തില്‍ 13 പരിക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

 അന്വേഷണത്തിനു മുന്നോടിയായി കുറ്റാരോപിതരെ മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണു നടപടി. എസ്ഐ കൃഷ്ണലാൽ, പൊലീസുകാരായ കെ.മനോജ്, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് തൃശൂർ ഡിഐജി സസ്പെൻഡ് ചെയ്തത്.

 രാസലഹരിയുമായി പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ കുഴ‍ഞ്ഞു വീണു മരിച്ച സംഭവത്തിൽ ഇയാൾക്ക‌ു മർദ്ദനമേറ്റതായി  പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തിരുരങ്ങാടി മമ്പുറം മൂഴിക്കൽ പുതിയ മാളിയേക്കൽ താമിർ ജിഫ്രി (30) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചതവുകള്‍ അടക്കം 13 പാടുകൾ കണ്ടെത്തിയിരുന്നു.

അസ്വാഭാവിക മരണത്തിന് എടുത്ത കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.സി.ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.  ലഹരിക്കേസ് നർകോട്ടിക് സെൽ ഡിവൈഎസ്പിയും പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായോയെന്ന് ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും.