കണ്ണമംഗലം.
കണ്ണമംഗലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ സബ് സ്റ്റേഷൻ വരുന്നു. സ്റ്റേഷൻ സ്ഥാപിക്കാൻ ക്രഷർ ഉടമകൾ 15 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത് പദ്ധതി വേഗത്തിലാക്കും. കണ്ണമംഗലം പഞ്ചായത്തിലെ വട്ടപൊന്തയിലാണ് 33 കെവി സബ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. കണ്ണമംഗലം, എആർ നഗർ, കൊണ്ടോട്ടി നഗരസഭ പ്രദേശങ്ങളിലെ വോൾട്ടേജ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 9.25 കോടി രൂപ ചെലവിലാണ് സബ് സ്റ്റേഷൻ നിർമിക്കുന്നത്. ചേളാരിയിൽ നിന്ന് 33 കെവി ലൈൻ വലിച്ചു കുന്നുംപുറത്ത് എത്തിച്ച് 11 കെവിയുടെ നാല് ഫീഡറുകൾ വഴി വൈദ്യുതി നൽകാനാണ് ലക്ഷ്യംവയ്ക്കുന്നത്. അഞ്ച് മെഗാവാട്ടിന്റെ 2 ട്രാൻസ്ഫോമറുകൾ സ്ഥാപിക്കും ചേളാരിയിൽ നിന്ന് വൈദ്യുതി എത്തിക്കുന്ന മെയിൻ ലൈനിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.
ഭൂമി കിട്ടിയതോടെ സ്റ്റേഷൻ നിർമാണം ഉടൻ തുടങ്ങും. നിലവിൽ കിഴിശ്ശേരി, കൊണ്ടോട്ടി, ചേളാരി, കൂരിയാട്, പറമ്പിൽ പീടിക ഫീഡറുകളിൽ നിന്നാണ് കുന്നുംപുറത്തേക്ക് വൈദ്യുതി എത്തുന്നത്. സ്വന്തം സബ് സ്റ്റേഷൻ വരുന്നതോടെ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാവും. ഭൂമിയുടെ രേഖ കണ്ണമംഗലം പഞ്ചായത്ത് ഹാളിൽ കെഎസ്ഇബി മലപ്പുറം സർക്കിൾ പ്രസരണ വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനീയർ എം.കെ.സുദേവ് കുമാറിന് പഞ്ചായത്ത് പ്രസിഡന്റ് യു.എം.ഹംസ കൈമാറി ഉദ്ഘാടനം ചെയ്തു. ഇ.കെ.കാദർ ബാബു അധ്യക്ഷത വഹിച്ചു. ഇ.കെ.ആലി മൊയ്തീൻ, സമീറ പുളിക്കൽ, പുളിക്കൽ അബൂബക്കർ, തയ്യിൽഹസീന എന്നിവർ പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ