എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?
ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?
വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ - അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് .
നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ , പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് . ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation ) എന്നും നിയമപരമായി പറയും . പോക്കുവരവ്
ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966 എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .
സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആരാണ് യഥാർത്ഥ അവകാശി എന്ന് കണ്ടെത്താൻ വില്ലേജ് ഓഫീസർ ഒരു ലഘുവായ അന്വേഷണം നടത്തും . ആവശ്യമെങ്കിൽ നോട്ടീസ് നൽകി തർക്കങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും . ഇതിനുശേഷമാണ് രേഖകളിൽ മാറ്റം വരുത്തുന്നത് .
The Transfer of Registry Rules 1966 - റൂൾ 16 അനുസരിച്ച് പോക്കുവരവിന്റെ പ്രധാന ഉദ്ദേശം നികുതിപ്പിരിവ് ഫെസ്കൽ പർപ്പസ് എളുപ്പമാക്കുക എന്നതാണ് . അതായത് ഭൂമിയുടെ കരം ആരിൽ നിന്ന് ഈടാക്കണമെന്ന് റെവന്യൂ ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയുള്ള ഒരു ക്രമീകരണം മാത്രമാണിത് .
നിലവിൽ ആരാണോ ഭൂമി കൈവശം വെക്കുന്നത് അല്ലെങ്കിൽ ഉടമസ്ഥ രേഖകളിൽ ഉള്ളത് - അവരിൽ നിന്ന് കരം ഈടാക്കാൻ ഇത് സഹായിക്കുന്നു .
പോക്കുവരവ് രേഖകൾ ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അവസാന വാക്കല്ല .
പോക്കുവരവ് നടപടികൾ കേവലം ഒരു റെവന്യൂ ക്രമീകരണം മാത്രമാണ് . ഒരു ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് തർക്കമുണ്ടായാൽ അതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സിവിൽ കോടതികളാണ്.
പോക്കുവരവ് ആരുടെ പേരിലാണോ അയാൾ തന്നെയായിരിക്കണം യഥാർത്ഥ ഉടമ എന്ന് നിർബന്ധമില്ല. സിവിൽ കോടതി തെളിവുകളുടെ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനമായിരിക്കും അന്തിമം. നിരവധി കോടതിവിധികളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പോക്കുവരവ് യഥാർത്ഥ ഉടമസ്ഥാവകാശം തീരുമാനിക്കുന്നില്ലെങ്കിലും ഇതിന് ഇന്നത്തെ കാലത്ത് വലിയ പ്രായോഗിക പ്രാധാന്യമുണ്ട്.
അപ്പോൾ ചുരുക്കത്തിൽ പറഞ്ഞാൽ പോക്കുവരവ് എന്നത് ഉടമസ്ഥാവകാശം മാറുമ്പോൾ വില്ലേജ് രേഖകളിൽ മാറ്റം വരുത്തുന്ന പ്രക്രിയയാണ്. ഇതിൻറെ പ്രധാന നിയമപരമായ ഉദ്ദേശം നികുതി പിരിവ് സുഗമമാക്കുക എന്നതാണ്. പോക്കുവരവ് രേഖകൾ ഒരു ഭൂമിയുടെ മേലുള്ള നിയമപരമായ ഉടമസ്ഥാവകാശം സംബന്ധിച്ച അന്തിമ തെളിവല്ല.
ഉടമസ്ഥാവകാശ തർക്കങ്ങളിൽ സിവിൽ കോടതിയുടെ തീരുമാനമാണ് പ്രധാനം. എന്നാൽ ലോൺ , സർക്കാർ ആവശ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് പോക്കുവരവ് ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള രേഖകൾക്ക് പ്രായോഗിക പ്രാധാന്യമുണ്ട്.
✍️ Adv Zain Shabeer
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ