| മക്ക |ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും.
ഹജ്ജിനെത്തിയ ലക്ഷങ്ങൾ ഇന്ന് ഉച്ചയോടെ അറഫാ മൈതാനത്ത് സംഗമിക്കും. ളുഹർ , അസർ, ഇശാ പ്രാർഥനകൾ മിനാ കൂടാരങ്ങളിൽ നിന്ന് നിർവഹിച്ചാണ് ഹാജിമാർ അറഫയിലേക്കെത്തുന്നത്. അറഫയിൽ നിന്ന് സൂര്യാസ്തമയത്തിന് തൊട്ടു മുൻപ് തീർഥാടകർ മുസ്ദലിഫയിലേക്ക് തിരിക്കും. ചൊവ്വാഴ്ച രാത്രി മുസ്ദലിഫയിലാണ് ഇവർ വിശ്രമിക്കുക. ഇവിടെ നിന്ന് ചെറുകല്ലുകൾ ശേഖരിച്ച് ബുധനാഴ്ച പ്രഭാതത്തിൽ മിനായിലേക്ക് തിരിച്ചെത്തും.
ബുധനാഴ്ചമുതൽ അടുത്ത മൂന്നു ദിവസം ജംറയിലെ പിശാചിന്റെ പ്രതീകത്തിന് നേരെ കല്ലേറുകർമം നടത്തും. ആദ്യദിനത്തിലെ കല്ലേറ് കർമത്തിനുശേഷം തല മുണ്ഡനം ചെയ്യുകയും ധരിച്ച ഇഹ്റാം വേഷം മാറുകയുംചെയ്യും. ശേഷം ബലികർമവും നടത്തി മക്കയിൽ ചെന്ന് കഅബ പ്രദക്ഷിണം നിർവഹിക്കും.
ഹജ്ജിന്റെ വാർഷിക തീർഥാടനത്തിന് തുടക്കമിട്ടു കൊണ്ട് തിങ്കളാഴ്ച ലക്ഷക്കണക്കിനു പേരാണ് മിനായിലേക്കെത്തി ആദ്യചടങ്ങ് നിർവഹിച്ചത്. മക്കയിൽ നിന്ന് തവാഫ് അൽ-ഖുദും (പ്രദക്ഷിണം) അനുഷ്ഠിച്ചാണ് തീർഥാടകർ മിനായിലെത്തിയത്.
കോവിഡിനെത്തുടർന്ന് പരിമിതമായ തീർഥാടകരായിരുന്നു കഴിഞ്ഞ മൂന്നു വർഷം ഹജ്ജിൽ പങ്കെടുത്തിരുന്നത്. കടലുണ്ടിലൈവ്. എന്നാലിപ്പോൾ പുണ്യനഗരി വീണ്ടും തീർഥാടകരുടെ തിരക്കിലായിരിക്കുകയാണ്.
20 ലക്ഷത്തിലേറെപ്പേരാണ് ഈ വർഷമെത്തിയിരിക്കുന്നത്. തൂവെള്ള ഇഹ്റാം വസ്ത്രം ധരിച്ച തീർഥാടകരെ മിനായിലെ ടെന്റുകളിലും തെരുവുകളിലും കാണാം. കടുത്ത ചൂടിൽ നിന്ന് രക്ഷനേടാനായി വെള്ള കുടകളുമായാണ് പലയിടത്തും തീർഥാടകരെത്തിയത്. മക്കയിൽനിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റർ അകലെയാണ് മലകളാൽ ചുറ്റപ്പെട്ട മിനാ താഴ്വാരം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ