ബന്ധം തുടരാൻ താത്പര്യമില്ലെന്ന് ലെസ്ബിയൻ പങ്കാളി; സുമയ്യ ഷെറിന്റെ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞ തന്റെ ലെസ്ബിയൻ പങ്കാളിയായ യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്ന മലപ്പുറം സ്വദേശിനി സുമയ്യ ഷെറിന്റെ ഹർജിയിൽ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.
സുമയ്യയുടെ ഹേബിയസ് കോർപ്പസ് ഹർജിയിൽ കോടതിയിൽ ഹാജരായ ലെസ്ബിയൻ പങ്കാളി അഫീഫ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് അറിയിക്കുകയും മാതാപിതാക്കളോടൊപ്പം പോകാനാണു താൽപര്യം എന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണിത്. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ തുടർനടപടികൾ അവസാനിപ്പിച്ചത്.
ഹൈക്കോടതിയിൽ ഹാജരായ യുവതി ബന്ധം തുടരാൻ താത്പര്യമില്ലെന്നും മാതാപിതാക്കൾക്കൊപ്പം പോകാനാണ് താത്പര്യമെന്നും അറിയിച്ചതോടെ അഫീഫയെ വീട്ടുകാർക്കൊപ്പം വിടുകയുംചെയ്തു. മലപ്പുറം സ്വദേശിനികളായ ഇരുവരും പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സൗഹൃദത്തിലായതാണ്. പ്രായപൂർത്തിയായതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ജനുവരി 27ന് വീടുവിട്ടു.
ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇരുവരേയും മലപ്പുറം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഒരുമിച്ചുജീവിക്കാൻ കോടതി അനുവാദം നൽകിയതിനെ തുടർന്നായിരുന്നു എറണാകുളത്തേക്ക് താമസം മാറ്റിയത്. കോലഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കവേ മെയ് 30ന് കൂട്ടുകാരിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ