കോഴിക്കോട് കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ മലപ്പുറത്തെ കാഴ്ചകൾ തേടിയെത്തുന്നതു 2 ശതമാനത്തിൽ താഴെപ്പേർ മാത്രം. കഴിഞ്ഞ വർഷം കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത് 6,49,057 വിദേശികളാണ്. ഇതിൽ മലപ്പുറത്തെത്തിയതു 10,398 പേർ. വിദേശ വിനോദസഞ്ചാരികളുടെ വരവിൽ സംസ്ഥാനത്ത് 8–ാം സ്ഥാനത്താണു ജില്ല. എറണാകുളമാണ് ഒന്നാമത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കണക്കുപ്രകാരമാണിത്.
ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും മലപ്പുറം 8–ാം സ്ഥാനത്താണ്. 7.75 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികൾ കഴിഞ്ഞ വർഷം മലപ്പുറത്തെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. ജില്ലയിൽ നിലമ്പൂരിലും പൊന്നാനിയിലും തിരൂരിലുമെല്ലാം വിദേശ വിനോദസഞ്ചാരികളെത്തിയിട്ടുണ്ട്. ആഭ്യന്തര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതലെത്തിയ ടൂറിസ്റ്റ് സ്പോട്ട് ജില്ലാ ആസ്ഥാനത്തെ കോട്ടക്കുന്നാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ജില്ല എറണാകുളമാണ്. കഴിഞ്ഞ വർഷം ജില്ല സന്ദർശിച്ച വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 47.67 ലക്ഷമാണ്. രണ്ടാം സ്ഥാനത്തു തിരുവനന്തപുരം (37.38 ലക്ഷം). ഇടുക്കി (37.37 ലക്ഷം), തൃശൂർ (24.94 ലക്ഷം), വയനാട് (17.54 ലക്ഷം), കോഴിക്കോട് (13.39 ലക്ഷം), കണ്ണൂർ ( 85.72 ലക്ഷം) എന്നീ ജില്ലകളാണു വിനോദസഞ്ചാരികളുടെ എണ്ണത്തിൽ മലപ്പുറത്തിനു മുന്നിലുള്ളത്
ആലപ്പുഴ (7.7 ലക്ഷം), പാലക്കാട് (5.5 ലക്ഷം) കോട്ടയം ( 5.37 ലക്ഷം), കൊല്ലം (4.4 ലക്ഷം), പത്തനംതിട്ട (4.32 ലക്ഷം), കാസർകോട് ( 2.95 ലക്ഷം) എന്നീ ജില്ലകളാണ് മലപ്പുറത്തിനു പിന്നിലുള്ളത്. ഇതിൽ ആലപ്പുഴയും കോട്ടയവും വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ മലപ്പുറത്തിനു മുന്നിലാണ്. ആലപ്പുഴയിൽ കഴിഞ്ഞ വർഷം 31,403 വിദേശികളും കോട്ടയത്ത് 28,458 പേരും നാടു കാണാനെത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ