ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച് സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 1988 ലെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്. പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധനടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.
പി ഐ ടി എന്‍ ഡി പി എസ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക നിയമം പാര്‍ലിമെന്റ് പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷംവരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഇത് നാം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലാണ് കര്‍ശനിര്‍ദേശം നല്‍കിയത്.
ഉത്തരവ് സംസ്ഥാന സര്‍ക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നല്‍കേണ്ടത്. പി ഐ ടി എന്‍ ഡി പി എസ് ആക്ട് പ്രകാരമുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും തയ്യാറാകണം.
ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിഷയം നമ്മുടെ സമൂഹം നേരിടുന്ന അതീവ ഗൗരവമായ ഒന്നാണ്. അത് അതീവ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. വിവിധ രീതിയില്‍ നാം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ സമീപിക്കേണ്ടതുണ്ട്. അതില്‍ ഒന്ന് ഇത് ബോധപൂര്‍വ്വം ചെയ്യുന്നൊരു കുറ്റമാണ് എന്ന് കണ്ട് പ്രതിരോധിക്കുകയെന്നതാണ്. പണസമ്പാദനത്തിനു വേണ്ടി ഏത് ഹീനമാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാകുന്ന ശക്തികള്‍ നിസാരന്‍മാരായിരിക്കില്ല. അത്തരം ആളുകളാണ് ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇപ്പോഴത്തെ അന്വേഷണ രീതിയിലും കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങള്‍ വേണ്ടതുണ്ട്. നാര്‍ക്കോട്ടിക് കേസുകളില്‍പ്പെട്ട പ്രതികളുടെ മുന്‍ ശിക്ഷകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഇപ്പോള്‍ വിശദമായി ചേര്‍ക്കുന്നില്ല. എന്‍ ഡി പി എസ് നിയമത്തിലെ 31, 31എ വിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പു വരുത്താന്‍ ഇത് ചേര്‍ക്കേണ്ടതുണ്ട്. ആ കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചാര്‍ജ്ജ് ചെയ്യുന്ന കേസുകളില്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ കൂടി ഇനി മുതല്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തണം. അങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എന്‍ ഡി പി എസ് നിയമത്തിലെ 31, 31 എ പ്രകാരം ഉയര്‍ന്ന ശിക്ഷ ഉറപ്പു വരുത്താന്‍ കഴിയണം.
അതൊടൊപ്പം കുറ്റവാളികളില്‍ നിന്ന് ഇനി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടില്ല എന്ന് വ്യക്തമാക്കുന്ന ബോണ്ട് വാങ്ങാന്‍ സാധിക്കും. ബോണ്ട് വാങ്ങുന്നതിന് എന്‍ ഡി പി എസ് നിയമത്തില്‍ 34-ാം വകുപ്പ് അധികാരം നല്‍കുന്നുണ്ട്. പക്ഷെ അത് സാര്‍വ്വത്രികമായി ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്.എച്ച്.ഒമാരും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുമാണ് ഈ ബോണ്ട് വാങ്ങേണ്ടത്.
കാപ്പാ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരികടത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കണം. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. / എ.സി.പി. യുടെ നേതൃത്വത്തില്‍ ഈ ഡാറ്റാ ബാങ്ക് തയ്യാറാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട പ്രത്യേക പ്രചരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചുടുണ്ട്. അടുത്ത ചില ആഴ്ചകളില്‍ ഇതിനായുള്ള ഒരു സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. എന്‍ഡിപിഎസ് നിയമത്തില്‍ 34-ാം വകുപ്പ് പ്രകാരം ബോണ്ട് വയ്പ്പിക്കുക, മയക്കുമരുന്ന് കടത്തലില്‍ പതിവായി ഉള്‍പ്പെടുന്നവരെ പിഐടി എന്‍ഡിപിസ് ആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുക, ഇത്തരം നടപടികള്‍ക്കാണ് ഒരു സ്‌പെഷ്യല്‍ ഡ്രൈവ് ഈ അടുത്ത ദിവസങ്ങള്‍ തൊട്ട് സംസ്ഥാനത്താകെ നടത്തണം എന്ന് തീരുമാനിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മാര്‍ക്കും കേരള ആന്റി നര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യല്‍ ഫോഴ്‌സിലെ അംഗങ്ങള്‍ക്കും എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷ്ണര്‍മാര്‍ എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡ് എന്നിവര്‍ക്കും സംസ്ഥാനതലത്തില്‍ പരിശീലനം നല്‍കും. ജില്ലാതലത്തില്‍ എസ് എച്ച് ഒമാര്‍ സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഇവര്‍ക്കും ഇതേ പരിശീലനം നല്‍കും.
മയക്കുമരുന്ന് കേസുകളില്‍ ഒന്നിലധികം തവണ ഉള്‍പ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കണം. അവരെ നിരന്തരം നിരീക്ഷിക്കണം.
ഇത്തരം നടപടികള്‍കൊണ്ട് മാത്രം ഈ കാര്യങ്ങള്‍ പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപിതവും സംഘടിതവുമായ സംവിധാനം ഉണ്ടാകണം. നമ്മുടെ നാടാകെ ചേര്‍ന്ന് കൊണ്ടുള്ള ഒരു നീക്കമാണ് ആവശ്യം.
ലഹരിക്ക് എതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കേണ്ടുതുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ഈ ക്യാമ്പയിനിന്റെ ഭാഗമാക്കാന്‍ സഹായകമാകുംവിധം പ്രവര്‍ത്തന പദ്ധതി തയ്യാറാക്കണം. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജാതി-മത-സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമൂഹ്യ - സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ഈ ക്യാമ്പയിനില്‍ കണ്ണിചേര്‍ക്കണം. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കണം.
ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനമാണ്. അന്ന് ലഹരി വിരുദ്ധ പരിപാടികള്‍ സംസ്ഥാനത്താകെ നമ്മുക്ക് സംഘടിപ്പിക്കാം. ആ ദിവസം എല്ലാ വിദ്യാലയങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കണം. ഗാന്ധിജയന്തി ദിനത്തില്‍ സ്‌കൂള്‍, കോളേജ്, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും ലഹരി വിരുദ്ധ സംരക്ഷണശൃംഖല സൃഷ്ടിക്കാവുന്നതാണ്. എല്ലാ ക്ലാസ്സുകളിലും വിക്ടേഴ്‌സ് ചാനല്‍ വഴി ലഹരിവിരുദ്ധ സന്ദേശം കേള്‍ക്കാന്‍ അവസരം ഒരുക്കണം. തുടര്‍ന്ന് ലഹരിക്കെതിരായ രണ്ടോ മൂന്നോ ഹ്രസ്വ സിനിമ/ വീഡിയോയുടെ സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി എന്ന വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും സംഘടിപ്പിക്കാന്‍ സാധിക്കും.
വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യണം. റോള്‍പ്ലേ, സ്‌കിറ്റ്, ലഹരി വിരുദ്ധ കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റര്‍ രചന, തുടങ്ങി പ്രാദേശിക സാധ്യതകള്‍ പരിഗണിച്ച് പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യാവുന്നതാണ്. ശുചീകരണത്തിന്റെ ഭാഗമായി പ്രതീകാത്മക ലഹരി ഉല്‍പ്പന്നങ്ങള്‍ കുഴിച്ചുമൂടല്‍ ചടങ്ങും സംഘടിപ്പിക്കാവുന്നതാണ്.
എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ.യുടെ നേതൃത്വത്തില്‍ പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ലഹരിവിരുദ്ധ ജനജാഗ്രത സമിതികള്‍ രൂപീകരിക്കണം. വിദ്യാലയത്തിനകത്തും പുറത്തും ജാഗ്രതയോടെ ഇടപെടാനുള്ള പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ