മൂന്നിയൂര്‍ കളിയാട്ട മഹോത്സവം നാളെ ;DJ സിസ്റ്റം പാടില്ല.ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പോലീസ്.
മെയ് 31 ന് വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂർ കോഴി കളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തിരൂരങ്ങാടി പൊലീസ്. കളിയാട്ടം മഹോൽസവത്തോടനുബന്ധിച്ച് ഒരു വാഹനത്തിലും DJ സൗണ്ട് സിസ്റ്റം ഉപയോഗിക്കുവാൻ പാടില്ലെന്ന് തിരൂരങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ടി .ശ്രീനിവാസൻ അറിയിച്ചു. അനുമതിയില്ലാതെ DJ സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതായി കാണപ്പെടുന്ന പക്ഷം പ്രസ്തുത DJ സൗണ്ട് സിസ്റ്റവും വാഹന സാമഗ്രികളും കസ്റ്റഡിയിലെടുത്ത് നിയമ നടപടികൾ സ്വീകരിക്കുമെന്നും എസ്.എച്ച്.ഒ. മുന്നറിയിപ്പ് നൽകി.
അതേസമയം കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഭക്തജനങ്ങൾ പൊയ്കുതിരകളുമായി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് വരുന്നതിനാൽ ദേശീയപാത-66 ൽ വലിയരീതിയിൽ ട്രാഫിക് തടസ്സം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അന്നേദിവസം (മെയ് 31) ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 മണി വരെ നാഷണൽ ഹൈവേ- 66 ൽ കോഹിനൂർ മുതൽ എടരിക്കോട് വരെ വലിയ ചരക്ക് വാഹനങ്ങളുടെയും ടാങ്കർ ലോറികളുടെയും മറ്റു വലിയ വാഹനങ്ങളുടെയും ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുന്നതാണ് . കൂടാതെ ഇവിടെ താഴെപറയും പ്രകാരമുള്ള ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമാണ്.
കോഴിക്കോട് ഭാഗത്ത് നിന്നും കോട്ടക്കൽ - തൃശൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കോഹിനൂർ നിന്ന് നീരോൽപ്പാലം- പറമ്പിൽപീടിക-കരുവാൻകല്ല് റൂട്ടിലൂടെ കൊളപ്പുറം വഴി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതും
തൃശൂർ ഭാഗത്ത് നിന്നും വരുന്ന കോഴിക്കോട് ഭാഗത്തേക്കുള്ള വലിയ ചരക്ക് വാഹനങ്ങൾ കോട്ടക്കൽ എടരിക്കോട് നിന്നും വൈലത്തൂർ താനൂർ- പരപ്പനങ്ങാടി - ഫറോക്ക് വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.
തൃശൂർ ഭാഗത്ത് നിന്നും വരുന്ന കോഴിക്കോട് ഭാഗത്തേക്കുള്ള മറ്റ് വാഹനങ്ങൾ കൊളപ്പുറത്ത് നിന്നും എയർപോർട്ട് റോഡ് വഴി കരുവാൻകല്ല് - പറമ്പിൽപിടിക നീരോൽപ്പാലം- കോഹിനൂർ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്. ഈ നിയന്ത്രണങ്ങളുമായി പൊതു ജനവും വാഹനങ്ങളും സഹകരിക്കണമെന്നും എസ്. എച്ച്. ഒ. അഭ്യാർത്ഥിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ