ചന്ദ്രയാന്‍ 3 എത്തിയ സ്ഥാനം ‘ശിവശക്തി’ എന്നറിയപ്പെടും: നരേന്ദ്രമോദി

ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ സ്ഥാനത്തെ ഇനിമുതല്‍ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടും. മറ്റാരും എത്താത്ത ഇടത്താണ് നമ്മൾ. ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്‍റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചിവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയ ശില്‍പികളായ ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ ഗ്രീസിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു. എന്നാൽ എന്റെ മനസ്സ് നിങ്ങൾക്കൊപ്പമായിരുന്നു. ഇന്ത്യ ചന്ദ്രനോളമെത്തി, നമ്മുടെ ദേശീയ പ്രൗഢി ചന്ദ്രനോളം ഉയർന്നു. ലോകത്ത് ശാസ്ത്രത്തിലും ഭാവിയിലും ഭാവിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇന്ത്യയുടെ നേട്ടത്തിൽ സന്തോഷിക്കും.

ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദമാണ്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഒരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെ ഇത് ആഘോഷിച്ചു. ദക്ഷിണ ദ്രുവത്തിന്‍റെ ചിത്രം ലോകത്തില്‍ ആദ്യം എത്തിച്ചത് ഇന്ത്യ. ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ലോകം ഇന്ത്യയുടെ ശാസ്ത്രത്തിന്‍റെ കരുത്ത് കാണുകയാണ്. ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിക്ഷേപണത്തിന് ഇവിടെ ഇല്ലായിരുന്നുവെങ്കിലും മനസ് ഇവിടെ ഉണ്ടായിരുന്നുവെന്നും രാജ്യത്തിന്‍റെ അഭിമാനം ചന്ദ്രനില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.