അർദ്ധരാത്രി ഫണ്ട് സമാഹരണം സമാപിക്കുമ്പോൾ 26,77,58,592 കോടി രൂപയാണ് ലഭിച്ചത്.
ക്യു.എം.സി ആപ്ലിക്കേഷനിൽ സംഖ്യകൾ മാറിമറിയുകയാണ്. അതിവേഗമാണ് മുന്നേറ്റം. അർധരാത്രി വരെയും ആകാംക്ഷയോടെ മിഴിതുറന്ന് മുസ്ലിംലീഗ് പ്രവർത്തകർ. ആവേശം തുടിക്കുന്ന അത്ഭുതകരമായ നിമിഷങ്ങൾ. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്ററിന് വേണ്ടി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഫണ്ട് സമാഹരണത്തിന് ലഭിച്ചത് അത്യപൂർവ്വമായ സ്വീകാര്യത. ആ സ്വപ്ന സാക്ഷാൽക്കരത്തിലേക്ക് ഇനി അതിവേഗം മുന്നേറാം. ജൂലൈ ഒന്ന് മുതൽ ആരംഭിച്ച ക്യാമ്പയിൻ ഇന്നലെ അർധരാത്രി സമാപിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തന്നെ അമ്പരപ്പിക്കുന്ന രീതിയിലാണ് മുസ്ലിംലീഗ് പ്രവർത്തകരും പൊതുസമൂഹവും ഈ ധനസമാഹരണത്തെ വരവേറ്റത്.
അവസാന മണിക്കൂറുകളിൽ അത്യാവേശത്തോടെയാണ് പ്രവർത്തകർ ക്യാമ്പയിന്റെ ഭാഗമായത്. ശാഖ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികൾ നിശ്ചിത ക്വാട്ട പൂർത്തീകരിക്കാനും കൂടുതൽ തുക സമാഹരിക്കാനും പരസ്പരം മത്സരിച്ചു. മലപ്പുറത്തെ കൺട്രോൾ റൂമിലെ ഫോണുകൾ ഇടതടവില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ തുക നിക്ഷേപിക്കാനും ക്വാട്ട പൂർത്തീകരിക്കാനും വേണ്ടി പ്രവർത്തകർ ചടുലതയോടെ മുന്നേറി. കൺട്രോൾ റൂമിൽനിന്നുള്ള തത്സമയ ദൃശ്യങ്ങൾ കൂടുതൽ ആവേശമായി. നേതാക്കൾ നേരിട്ടെത്തി അവസാന ലാപ്പിന്റെ ആവേശത്തിൽ പങ്കുചേർന്നു.
മുസ്ലിംലീഗ് പ്രവർത്തകരുടെ ഇടനെഞ്ചിലെ തുടിപ്പായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ പേരിലാണ് ആസ്ഥാന മന്ദിരം ഒരുങ്ങുന്നത്. എഴുപത്തഞ്ചാണ്ടുകൾക്ക് ശേഷം രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാനം. ഓരോ പ്രവർത്തകർക്കും ഈ ക്യാമ്പയിൻ വൈകാരികമായി മാറുകയായിരുന്നു. ഒരു മാസക്കാലം വിശ്രമമില്ലാതെയാണ് അവർ ക്യാമ്പയിന്റെ ഭാഗമായത്. സമ്പൂർണ്ണമായും ഓൺലൈനിലൂടെ നടന്ന ഫണ്ട് സമാഹരണത്തിൽ ഓരോ ദിവസവും അഭൂതപൂർവ്വമായ മുന്നേറ്റമുണ്ടായി. പ്രവർത്തകർ കൈയും മെയ്യും മറന്ന് രംഗത്തിറങ്ങിയതോടെ മണിക്കൂറുകൾക്കം കോടികൾ മാറിമറിഞ്ഞു. ഇന്നലെ അർദ്ധരാത്രി ഫണ്ട് സമാഹരണം സമാപിക്കുമ്പോൾ 26,77,58,592 കോടി രൂപയാണ് ലഭിച്ചത്.
അവസാന മണിക്കൂറുകളിൽ ആവേശം വർദ്ധിപ്പിക്കുന്നതിന് ജില്ല, മണ്ഡലം കമ്മിറ്റികളും പ്രത്യേകം ക്യാമ്പയിനുകൾ നടത്തി. നേതാക്കൾ അതാത് പ്രദേശങ്ങളിൽ ഒന്നിച്ചിറങ്ങി. കുടുംബങ്ങളെയും വ്യക്തികളെയും നേരിട്ട് സന്ദർശിച്ച് ഖാഇദെ മില്ലത്ത് സെന്ററിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയാണ് ഫണ്ട് സമാഹരണം നടന്നത്. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ, ശാഖാ കമ്മിറ്റികൾ പ്രത്യേകം ക്യാമ്പയിനുകളും ഗൃഹസമ്പർക്ക പരിപാടികളും നടത്തി. നിശ്ചിത സമയത്തിനുള്ളിൽ നിശ്ചയിക്കപ്പെട്ട സംഖ്യ പൂർത്തീകരിക്കാത്ത കമ്മിറ്റികൾക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന് സംസ്ഥാന കമ്മിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെ ക്വാട്ട പൂർത്തീകരിക്കാത്ത ശാഖകളുടെ ലിസ്റ്റ് ജില്ലാ കമ്മിറ്റികൾ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പ് സംസ്ഥാന കമ്മിറ്റിയെ ഏൽപിക്കണമെന്നും അനാസ്ഥ കാണിച്ച കമ്മിറ്റികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ദേശീയ, സംസ്ഥാന ഭാരവാഹികളും ഇന്നലെ രാത്രി ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ അവസാന വട്ട അവലോകനം നടത്തി. മുസ്ലിംലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ധനസമാഹരണ യജ്ഞമാണ് ഖാഇദെ മില്ലത്ത് സെന്ററിനു വേണ്ടി നടന്നതെന്ന് നേതാക്കൾ വിലയിരുത്തി.