പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് സ്വന്തമായി വീടില്ലായിരുന്നു. വീട് പണി തുടങ്ങിട്ടേ ഉണ്ടായിരുന്നുള്ളു

പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, എവിടെ പോയാലും പുതുപ്പള്ളിയെ നെഞ്ചേറ്റിയ നേതാവ്, അതായിരുന്നു ഉമ്മൻ ചാണ്ടി. ചാണ്ടി സാറിന് വേണ്ടി പുതുപ്പള്ളി കരൾ പറിച്ചുകൊടുക്കും. പുതുപ്പള്ളിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ലോകവും. പക്ഷേ ആ ലോകത്ത് അദ്ദേഹത്തിന് സ്വന്തമായി ഒരു വീടില്ലായിരുന്നു. 

ഇളയ സഹോദരന്റെ പേരിലുള്ള തറവാട് വീട്ടിലായിരുന്നു പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ താമസം. സന്ദർശകരെല്ലാം എത്തിയിരുന്നത് ഈ വീട്ടിൽ തന്നെയായിരുന്നു. കഴിഞ്ഞ വർഷമാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വീടുപണി തുടങ്ങുന്നത്. വീടിന്റെ ആദ്യഘട്ട പണികൾ മാത്രമേ തീർന്നുള്ളു. തറക്കല്ലിട്ട സമയത്തായിരുന്നു അസുഖം മൂർച്ഛിച്ചത്. പിന്നീട് ചികിത്സയുടെ ഭാഗമായി ബംഗളൂരുവിലായതിനാൽ ബാക്കി പണി പൂർത്തിയാക്കാനായിരുന്നില്ല.

ഒന്നും രണ്ടുമല്ല, തുടർച്ചയായി 51 വർഷം ജനപ്രതിനിധിയായിരുന്ന ഈ മനുഷ്യന് സഹജീവികളുടെ പ്രശന്ങ്ങളും സ്വപ്‌നങ്ങളും നിറവേറ്റുന്നതിനിടെ സ്വന്തം സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധിക്കാതെ പോയി. ജനങ്ങൾക്ക് വേണ്ടി ജീവിച്ച്, സ്വന്തം ആഗ്രഹങ്ങൾ പോലും രണ്ടാം നിരയിലേക്ക് മാറ്റിവച്ച ജനനായകന് വിട…