അപകട ഭീഷണി ഉയർത്തി ജില്ലാ ഹോസ്പിറ്റലിന് മുന്നിലുണ്ടായിരുന്ന മൂന്ന് മരങ്ങൾ ട്രോമാകെയർ പ്രവർത്തകർ മുറിച്ചുമാറ്റി
പെരിന്തൽമണ്ണ: ജില്ലാ ഹോസ്പിറ്റലിന് മുമ്പിൽ കാലങ്ങളായി അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മൂന്ന് മരങ്ങൾ മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകർ മുറിച്ചു മാറ്റി.കഴിഞ്ഞ ദിവസം താലൂക് ഓഫീസിൽ താഹസിൽദാർ എസ്. എസ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ മുസ്തഫ, പോലീസ്, ഫയർ&റെസ്ക്യൂ, ജില്ലാ ഹോസ്പിറ്റൽ R.M.O, കെ. എസ്.ഇ.ബി, ട്രോമാ കെയർ പ്രവർത്തകർ എന്നിവർ ചേർന്ന് നടത്തിയ കൂടിയാലോചനയിലാണ് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ തീരുമാനമായത്.
യോഗത്തിൽ തന്നെ ഈ ധൗത്യം മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിനെ ഏല്പിക്കുകയായിരുന്നു. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷൻ യൂണിറ്റുകളിൽ നിന്നായി മുപ്പത്തഞ്ചോളം പ്രവർത്തകരും, ഫയർ&റെസ്ക്യൂ, സിവിൽ ഡിഫൻസ്, എ.ഒ.ഡി.എ പ്രവർത്തകർ എന്നിവരും ചേർന്നാണ് രാവിലെ 7 മണിക്ക് ആരംഭിച്ച് 3 മണിക്കൂർ നേരം കൊണ്ട് മുഴുവൻ മരങ്ങളും മുറിച്ചു നീക്കിയത്. ഗതാഗതം മറ്റു റോഡുകളിലൂടെ തിരിച്ചു വിടും എന്ന് അറിയിച്ചിരുന്നെങ്കിലും ഭാഗികമായി മാത്രം തടസ്സപ്പെടുത്തി ഗതാഗതം നിയന്ത്രിച്ചും പ്രവർത്തകർ മാതൃകയായി.