പ്രവാസകാലത്ത് സ്വരുക്കൂട്ടിയ സമ്ബാദ്യം ഉപയോഗിച്ച് പടുത്തുയര്‍ത്തിയ വീട്ടില്‍ ഒരുദിനം പോലും താമസിക്കാന്‍ അനുവദിക്കാതെയാണ് റിജേഷിനെയും ജിഷിയെയും അഗ്നിഗോളങ്ങള്‍ തട്ടിയെടുത്തത്.
ആഗ്രഹങ്ങള്‍ക്കുമേല്‍ വിധിയുടെ കരിനിഴല്‍ വീണപ്പോള്‍ മലപ്പുറം കണ്ണമംഗലം ചേരൂരിലെ പണിതീരാറായ വീട്ടിലേക്ക് നിശ്ചല ശരീരങ്ങളായാണ് അവര്‍ എത്തുന്നത്.
ഒരുപതിറ്റാണ്ടിലേറെ പ്രവാസികളായ റിജേഷും ജിഷിയും 11 വര്‍ഷം മുമ്ബാണ് വിവാഹിതരായത്. മക്കളില്ലാത്ത ഇവര്‍ വീടെന്ന സ്വപ്നം പൂര്‍ത്തീകരിച്ചത് അടുത്തിടെയാണ്. ചെറിയ മിനുക്കുപണികള്‍ക്കുശേഷം വിഷുവിന് ഗൃഹപ്രവേശം നടത്താനുള്ള ഒരുക്കത്തിലായിരുന്നു.
എന്നാല്‍, ചില കാരണങ്ങളാല്‍ വിഷുവിന് നാട്ടിലേക്ക് പോകാന്‍ കഴിയാതെവന്നു. എങ്കിലും വൈകാതെ ഗൃഹപ്രവേശനം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. സെപ്റ്റംബറിലാണ് ബന്ധുവിന്‍റെ വിവാഹത്തിനായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്. ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു റിജേഷെന്ന് പിതൃസഹോദര പുത്രനും ദുബൈയില്‍ പ്രവാസിയുമായ വിബീഷ് പറയുന്നു. അടുത്തിടെകൂടി കണ്ട വിബീഷിന്‍റെ മരണത്തിന്‍റെ ഞെട്ടലില്‍നിന്ന് വിബീഷ് ഇപ്പോഴും മോചിതനായിട്ടില്ല. കോണ്‍ഗ്രസിന്‍റെ പ്രവാസി സംഘടനയായ ഇന്‍കാസിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു.
പാര്‍ട്ടി കുടുംബത്തില്‍നിന്ന് വന്ന റിജേഷ് സാമൂഹിക സേവനങ്ങളിലും രംഗത്തുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി ദുബൈയില്‍ എത്തിയപ്പോള്‍ ജിഷിയുമൊത്ത് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഈ പരിപാടിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കുന്നതിലും സജീവപങ്കാളിത്തം വഹിച്ചു. ദേരയിലെ ഡ്രീംലൈന്‍ ട്രാവല്‍സിലെ ജീവനക്കാര്‍ക്കും അടുത്തുള്ള സ്ഥാപനങ്ങളിലുള്ളവര്‍ക്കും റിജേഷിനെക്കുറിച്ച് പറയാന്‍ നല്ല വര്‍ത്തമാനങ്ങള്‍ മാത്രമാണ്.
ദുബൈ ക്രസന്‍റ് സ്കൂളിലെ അധ്യാപികയായിരുന്ന ജിഷി കഴിഞ്ഞ മാസമാണ് വുഡ്ലം പാര്‍ക്ക് സ്കൂളിലേക്ക് മാറിയത്. വിദ്യാര്‍ഥികളുടെയും സ്കൂള്‍ ജീവനക്കാരുടെയും പ്രിയപ്പെട്ട ടീച്ചറായിരുന്നു. അഞ്ച് വര്‍ഷത്തോളം ക്രസന്‍റ് സ്കൂളിലായിരുന്നു. ഇംഗ്ലീഷ് അധ്യാപികയായിരുന്നു ജിഷി പ്രൈമറി കുട്ടികള്‍ക്കായിരുന്നു ക്ലാസെടുത്തിരുന്നത്. സംഭവസമയത്ത് രണ്ടുപേരും ഉറക്കത്തിലായിരുന്നു എന്നാണ് പറയുന്നത്. വിഷു ആയതിനാല്‍ റിജേഷ് ഓഫിസില്‍ പോയിരുന്നില്ല. ശനിയാഴ്ചയായതിനാല്‍ ജിഷിയുടെ സ്കൂളും അവധിയായിരുന്നു.