മുങ്ങിയ മത്തിയും അയലയും തിരിച്ചെത്തി, ഇപ്പൊ ആർക്കും വേണ്ടാതായി, ചാകരയ്ക്ക് കാരണം ലാലിനോ പ്രതിഭാസമെന്ന് വിദഗ്ധര്‍
കേരള തീരങ്ങളില്‍ ഇത് മത്തിച്ചാകരയുടെ കാലമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണാത്ത രീതിയില്‍ മത്തി തീരത്തോട് അടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ കാസർകോട് ജില്ലയിലും, തൃശൂരിലെ ചാവക്കാട്, വാടാനപ്പള്ളി, മലപ്പുറം ജില്ലയിലെ കൂട്ടായി, താനൂര്‍, പരപ്പനങ്ങാടി, കോഴിക്കോട്ടെ വടകര, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ വന്‍തോതില്‍ മത്തി ലഭിച്ചിരുന്നു.
ഇതിന് കാരണം ലാലിനോ പ്രതിഭാസമാണെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അയല്‍സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ മത്തി ലഭിച്ചപ്പോള്‍ കേരളത്തില്‍ കുറവായിരുന്നു. കേരളത്തിലെ സമുദ്രോപരിതലത്തില്‍ ചൂട് അധികമായതാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...
മത്തി മല്‍സ്യം എല്ലാ വേളയിലും ഒരേ സ്ഥലത്ത് തന്നെ തങ്ങില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും മത്തികളുടെ സ്ഥലംമാറ്റത്തിന് കാരണമാണ്. കേരളത്തിലെ കാലാവസ്ഥ ഇപ്പോള്‍ അനുകൂലമായതിനാലാണ് മത്തിച്ചാകര ഉണ്ടാകുന്നതത്രെ. മത്തി ലഭ്യതയില്‍ ഈ വര്‍ഷം റെക്കോര്‍ഡിടാനും സാധ്യതയുണ്ട്.
എല്‍നിനോ പ്രതിഭാസം മാറി ലാലിനോ വന്നതാണ് മത്തികളുടെ ലഭ്യത വര്‍ധിക്കാന്‍ ഇടയാക്കിയത്. സമുദ്രോപരിതലത്തിലെ വെള്ളം ചൂടാകുന്ന പ്രതിഭാസമാണ് എല്‍നിനോ. ഇങ്ങനെ സംഭവിച്ചാല്‍ മത്തി മറ്റു തീരങ്ങളിലേക്ക് നീങ്ങും. വെള്ളം തണുക്കുന്ന പ്രതിഭാസമാണ് ലാലിനോ. കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഈ പ്രതിഭാസമാണ്.
കടലിന്റെ അടിത്തട്ടിലെ വെള്ളം ചുഴി പോലെ മുകളിലേക്ക് ഉയരുമ്ബോള്‍ മീനുകള്‍ക്ക് താല്‍പ്പര്യമുള്ള വസ്തുക്കളും മേല്‍ത്തട്ടിലെത്തും. ഇവ കഴിക്കുന്നതിനും മീനുകള്‍ കൂട്ടത്തോടെ വരും. മത്തികള്‍ കുറച്ചു കാലം ഒരു തീരത്താണെങ്കില്‍ പിന്നീട് മറ്റു തീരങ്ങളിലേക്ക് പോകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. മത്തി ലഭ്യതയിലെ മാറ്റം ഇതിന്റെ കാരണമാണ്.
അതേസമയം, മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇത് നല്ല കാലമാണ്. മല്‍സ്യച്ചാകരയുണ്ടാകുന്നത് വറുതിയില്‍ അവര്‍ക്ക് ആശ്വാസമാണ്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സീസണില്‍ നേട്ടം കൊയ്യാമെന്ന് തൊഴിലാളികള്‍ പറയുന്നു. അതേസമയം, മത്തിച്ചാകര മാത്രമാണെങ്കില്‍ വലിയ കാര്യമില്ലെന്ന് പറയുന്ന മീന്‍ പിടിത്തക്കാരുമുണ്ട്.മറ്റു മീനുകളില്‍ നിന്ന് വ്യത്യസ്തമായി മത്തിച്ചാകരയുണ്ടായാല്‍ വില കുത്തനെ ഇടിയും.
ഹാര്‍ബറില്‍ ലഭിക്കുന്ന മത്തിക്ക് വില കുത്തനെ കുറഞ്ഞു. വന്‍തോതില്‍ കിട്ടുന്നതിനാല്‍ പൊടിച്ച് വളമാക്കാന്‍ കൊണ്ടുപോകുകയും ചെയ്യുന്നു. മലപ്പുറത്തെയും കോഴിക്കോട്ടെയും തീരങ്ങളില്‍ നിന്ന് പിടിക്കുന്ന മത്തി മംഗലാപുരത്ത് ഫാക്ടറികളിലെത്തിച്ചാണ് പൊടിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ