എന്താണ് കടലിലെ മത്സ്യങ്ങളെ നശിപ്പിക്കുന്ന ഡബിൾനെറ്റ് മീൻ പിടുത്തം.

നിരോധിത വലകൾ ഉപയോഗിച്ച് രണ്ട് ബോട്ടുകാർ ചേർന്ന് നടത്തുന്ന മീൻ പിടുത്ത രീതിയാണ് പെയർ ട്രോളിംഗ് അഥവാ ഡബിൾനെറ്റ് വല ഉപയോഗിച്ചുള്ള മീൻ പിടുത്തം. ഇത്തരത്തിലുളള വലകളുപയോഗിച്ചുളള മീന്‍പിടുത്തം സംസ്ഥാനത്ത് നേരത്തെ തന്നെ നിരോധിച്ചതാണ്. മീറ്ററുകളോളം നീളമുള്ള വലിയ വല ഉപയോഗിച്ച് കടലിന്‍റെ അടിത്തട്ട് മുതൽ മുകളിൽ വരെയുള്ള മീൻ സമ്പത്ത് പെയർ ട്രോളിംഗ് വഴി കരയിലെത്തും.

മൽസ്യ സമ്പത്ത് നശിക്കുകയും കടലിന്‍റെ ആവാസ വ്യവസ്ഥ തന്നെ തകരുകയും ചെയ്യുന്ന രീതിയാണ് ഡബിൾ നെറ്റ് ഉപയോഗിച്ചുള്ള മൽസ്യ ബന്ധനം. ഈ രീതി ഉപയോഗിക്കുമ്പോൾ തീരെ ചെറിയ മീൻ കുഞ്ഞുങ്ങൾ പോലും വലയിൽ കുരുങ്ങും.  ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബോട്ടുകളാണ് കേരള തീരത്ത് ഇത്തരത്തിലുളള മല്‍സബന്ധനം കൂടുതലായി നടത്തുന്നത്. ഇത്തരം രീതികള്‍ തടയാനായി ഫിഷറീവ് വകുപ്പ് പരിശോധന നടത്താറുണ്ടെങ്കിലും നിയമലംഘകര്‍ക്ക് ഇതൊന്നും തടസമാകുന്നില്ല.

ഒരു ദിവസം ഡബിൾ നെറ്റ് ഉപയോഗിച്ച് മീൻ പിടിച്ചാൽ പരമ്പരാഗത തൊഴിലാളികൾക്ക് ദിവസങ്ങളോളം മിൻ കീട്ടാതാകും. അങ്ങനെ നിർത്തിയിട്ടിരിക്കുന്ന വള്ളങ്ങൾ ഏറെയാണ്. നിരോധിച്ച രാത്രികാല ട്രോളിംഗും കേരള തീരങ്ങളിൽ നടക്കാറുണ്ടാന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു. അതേസമയം, പരിശോധനയും ഡെബിൾ നെറ്റ് ഉപയോഗിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കലും മുറപോലെ നടക്കുന്നു എന്നാണ് ഫിഷറീസ് വകുപ്പിന്‍റെ വിശദീകരണം.