👉ടിക് ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്തതോടെയാണ് ഇൻസ്റ്റാഗ്രാം റീൽസ് സജീവമാകുന്നത്. എന്നാൽ വെറും സിനിമ ഡയലോഗുകളും , പാട്ടുകളും മാത്രമല്ലാതെ വന്ന മറ്റൊരു ട്രെൻഡായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഡയലോഗുകൾ വച്ച് റാപ്പ് ഗാനങ്ങൾ സൃഷ്ടിക്കുന്നത്. അങ്ങനെ സമൂഹ മാധ്യമം ഏറ്റെടുത്ത നിരവധി റാപ്പ് ഗാനങ്ങൾ ഇന്ത്യയിലുണ്ട്.
അതിനുദാഹരണമാണ് കുറച്ചു കാലം മുൻപ് പ്രേക്ഷകർ ഏറ്റെടുത്ത'പെർഫെക്റ്റ് ഓക്കേ..'' എന്നത്. എന്നാൽ ഇപ്പോൾ ലോകമെമ്പാടും ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത് മറ്റൊന്നാണ് ''കച്ചാ ബദാം..'' എന്ന ഒരു കപ്പലണ്ടിക്കച്ചവടക്കാരന്റെ പാട്ട്.
ഭൂപന്‍ ബാഡ്യാകര്‍ എന്ന കപ്പലണ്ടിക്കച്ചവടക്കാരന്റെ വെറുമൊരു പാട്ട് റാപ്പായി മാറി സോഷ്യൽ മീഡിയയിൽ തരംഗമാകാൻ അധിക നാളുകൾ ഒന്നും വേണ്ടി വന്നില്ല.ഇന്ത്യക്കകത്തും , പുറത്തും ഇന്‍സ്റ്റഗ്രാം റീലുകളിലും , ടിക് ടോക് വീഡിയോകളിലും 'കച്ചാ ബദാം' വേറെ ലെവൽ വൈറലാണ്. ഭൂപന്‍ ബാഡ്യാകര്‍ തന്റെ ബൈക്കിന്റെ പിന്നിൽ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വിൽപ്പനക്കെത്തുമ്പോൾ അവിടെ ആളുകളെ ആകര്‍ഷിക്കാൻ വേണ്ടി പാടുന്ന ഗാനമായിരുന്നു ''കച്ചാ ബദാം..''. ഭൂപന്റെ ഗാനം ഏക്താര എന്ന യൂട്യൂബ് ചാനലാണ് ആദ്യം പുറത്തു വിടുന്നത്. ഈ ഗാനം ഗായകന്‍ നസ്മു റീച്ചറ്റ് പിന്നീട് പുതിയ വേർഷനിൽ പുറത്തിറക്കി. ഇതിന്റെ നൃത്തച്ചുവടുകൾ കൂടി പുറത്തിറങ്ങിയതോടെ ഇന്‍സ്റ്റഗ്രാമിലും , ടിക് ടോക്കിലും 'കച്ചാ ബദാമായി' ട്രെൻഡ്.ഒരു കപ്പലണ്ടിക്കച്ചവടക്കാരന്റെ വെറുമൊരു ജിംഗിൾ കുറഞ്ഞ സമയത്തിനുള്ളിലാണ് സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡായത്.
പശ്ചിമബംഗാളിലെ കുരാള്‍ജുരി എന്ന ഗ്രാമത്തില്‍ ഭാര്യയ്ക്കും , മൂന്ന് മക്കള്‍ക്കുമൊപ്പമാണ് ഭൂപൻ താമസിക്കുന്നത്. കോവിഡ് കാലത്ത് ദുരിതത്തിലായ ഭാര്യയും , രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം നിലക്കടല വില്‍പ്പനയായിരുന്നു. കച്ചവടം കൂട്ടാന്‍ എന്തു ചെയ്യുമെന്ന ആലോചനയിലാണ്, "നിങ്ങളുടെ കൈയിലുള്ള എന്തെങ്കിലും എനിക്ക് തരൂ, ആ വിലയുടെ തുല്യമായ അളവില്‍ ഞാന്‍ നിങ്ങള്‍ക്ക് കടല തരാം "എന്ന് ബംഗാളി നാടോടി സംഗീതമായ ബാവുലിന്റെ ഈണത്തില്‍ പാടിക്കൊണ്ടുള്ള വില്‍പ്പന തന്ത്രം പ്രയോഗിക്കാന്‍ ഭൂപനെ പ്രേരിപ്പിച്ചത്. സംഗതിയെന്തായാലും വര്‍ക്ക് ഔട്ടായി. ഭൂപന്റെ പാട്ട് ബദാം പാട്ട് എന്ന നിലയില്‍ ഗ്രാമീണര്‍ക്കിടയില്‍ ഹിറ്റായി. പാട്ടില്‍ രസം പിടിച്ചു ഭൂപന്റെ ചുറ്റും ആളുകൂടാന്‍ തുടങ്ങി. നിലക്കടല വേണ്ടവര്‍ പണം തന്നെ കൊടുക്കണമെന്നില്ല, പഴയ ഫോണോ, പൊട്ടിയ ചെയ്‌നുകളോ അങ്ങനെ എന്തെങ്കിലുമൊക്കെ മതി.
നിലക്കടല കച്ചവടത്തില്‍ മാത്രമായിരുന്നു ഭൂപന്റെ ശ്രദ്ധയെങ്കില്‍, അയാള്‍ക്ക് ചുറ്റും കൂടിയവരില്‍ ഭൂപന്റെ ബദാം പാട്ടിലായിരുന്നു ശ്രദ്ധ. കുട്ടികളടക്കം ഭൂപനെയും , അയാളുടെ പാട്ടിനെയും മൊബൈലില്‍ റെക്കോര്‍ഡ് ചെയ്‌തെടുത്തു. പിന്നീടവര്‍ ആ പാട്ടിനെ അവരവരുടെതായ രീതിയില്‍ റി മിക്‌സ് ചെയ്തു. ഫെയ്‌സ്ബുക്ക് റീലുകളില്‍ ഭൂപന്റെ ബദാം പാട്ട് ട്രെന്‍ഡിംഗ് ആയി. അധികം വൈകാതെ തന്നെ ഭൂപന്‍ ബദ്യാകറിന്റെ ബദാം പാട്ട് ' കച്ചാ ബദാം സോംഗ് 'എന്ന പേരില്‍ വൈറല്‍ ആയി. സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റു മീഡിയകളിലേ്ക്കും കച്ച ബദാം സോംഗ് പടര്‍ന്നു കയറി.അന്നന്നത്തെ അന്നത്തിനു വേണ്ടി ഭൂപന്‍ പാടിയ പാട്ടുകൊണ്ട് ഒത്തിരിപ്പേര്‍ പണം സമ്പാദിക്കാന്‍ തുടങ്ങി. പക്ഷേ, അതൊക്കെ ആ ഗ്രാമീണന്‍ അറിഞ്ഞത് വളരെ വൈകിയാണ്. തന്റെ പാട്ടുകൊണ്ട് മറ്റുള്ളവര്‍ പണം നേടുകയും , തനിക്കൊന്നും കിട്ടാതെയും വന്നതോടെ റോയല്‍റ്റിക്ക് വേണ്ടി 2021 ഡിസംബറില്‍ ഭൂപന്‍ ബാഡ്യാകര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നൽകിയെങ്കിലും പിന്നീട് ഭൂപന്‍ തന്നെ പുതിയ കച്ചാ ബദാം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടു. പശ്ചിമ ബംഗാള്ർ മുതല്‍ സിനിമ താരങ്ങൾ വരെ കച്ചാ ബദാമിനു ചുവടുവച്ചു. നവംബര്‍ അവസാനം പുറത്തിറങ്ങിയ ഗാനം പിന്നീട് കണ്ടത് രണ്ട് കോടിയിലധികം പ്രേക്ഷകരാണ്.ഇന്ത്യയുടെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെയുള്ള സാമൂഹികമാധ്യമ ഉപയോക്താക്കളിൽ ഭൂരിഭാഗവും കച്ചാ ബദാമിനൊപ്പം ചുവടുവെച്ചു. കച്ചാ ബദാം ചലഞ്ച് വരെയുണ്ടായി.
ഇന്ത്യയ്ക്ക് പുറത്തും കച്ചാ ബദാമിന് ആരാധകർ ഏറെയുണ്ട്. ബോളിവുഡ് ഗാനങ്ങളിലൂടെ ഇന്ത്യാക്കാർക്ക് പ്രിയങ്കരനായി മാറിയ കിലി പോളും , ബ്രസീലിയൽ വീഡിയോ കണ്ടന്റ് പ്രൊഡ്യൂസറായ പാബ്ലോ ഇ വെറോണിക്കയും കച്ചാ ബദാമിന്റെ ചുവടുവെപ്പിന് കയ്യടി നേടി.കച്ചാ ബദാം ഉണ്ടാക്കിയ തരംഗം ട്രോളുകൾക്കും വഴിതെളിച്ചു. ട്രോളൻമാർ വിവിധ തരത്തിലുള്ള ട്രോൾ വീഡിയോകൾ പുറത്തിറക്കി. എന്തായാലും വെറുമൊരു കപ്പലണ്ടിക്കച്ചവടക്കാരനായ ഭൂപനിപ്പോൾ നാട്ടിൽ സ്റ്റാറാണ്.
ദേശത്തിനും , ഭാഷയ്ക്കും അതീതമായി ചുരുങ്ങിയ സമയം കൊണ്ടു തരംഗമായി മാറിയ 'കച്ചാ ബദാം' ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. ആദ്യ കേൾവിയിൽ തന്നെ താളം പിടിപ്പിച്ചു രസിപ്പിക്കുന്ന ഈ ബംഗാളി പാട്ട് ഇന്റർനെറ്റിൽ തിരയുന്നവരുടെ എണ്ണവും ദിനംപ്രതി കൂടി വരുന്നു.ഇന്ന് ഭൂപന്‍ ബദ്യാകര്‍ ആഗോള സെലിബ്രിറ്റിയാണെന്നു പറഞ്ഞാല്‍ കൂടുതലാകില്ല. ബംഗാളിലെ ഇലക്ഷന്‍ റാലികളിലെ സജീവ സാന്നിധ്യമാണ്. മമതാ ബാനര്‍ജിയുടെ ഇലക്ഷന്‍ പ്രചാരണത്തിനായി പാട്ടുകള്‍ പാടുന്നു. ടിഎംസിക്ക് വേണ്ടി നാലോളം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുന്നു. കച്ച ബദാം റാപ്പ് വിഡിയോയില്‍ അഭിനയിക്കുന്നു. അങ്ങനെ ആകെ തിരക്കിലാണ്. എന്നാലും കടല കച്ചവടം ഒന്നു കൂടിയിട്ടുണ്ട് എന്നാണ് ഭൂപന്‍ പറയുന്നത് .പണ്ട് 2-3 കിലോ വിറ്റത് ഇപ്പൊ ഒരു 6 -7 കിലോ കടല വില്‍ക്കുന്നു. ഒരു നല്ല വീട് വെക്കണം ; കുട്ടികളെ നോക്കണം; 'ബദാം പാട്ട്' ലോകം മുഴുവന്‍ പാടിയാലും ഭൂപന് ഇത്ര മാത്രമേയുള്ളു സ്വപ്നം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ