വളാഞ്ചേരിയിൽ ആകാശത്ത് രാത്രി വർണ്ണ വെളിച്ചം പാറിനടന്നു - ആശങ്കയിലായി ജനങ്ങൾ -പോലീസ് എത്തിയപ്പോൾ കണ്ടത്
വളാഞ്ചേരിയിൽ ആകാശത്ത് രാത്രി വർണ്ണ വെളിച്ചം പാറിനടന്നു - ആശങ്കയിലായി ജനങ്ങൾ -പോലീസ് എത്തിയപ്പോൾ കണ്ടത് പ്രാവ് പറത്തൽ മത്സര പരിശീലകരെ.
വളാഞ്ചേരി: വളാഞ്ചേരി ടൗണിന് സമീപം വെളിച്ചം മിന്നിച്ച് രാത്രി മാനത്ത് കറങ്ങി നടക്കുന്നത് എന്തെന്നറിയാതെ ജനം ആശങ്കയിലായത് മണിക്കൂറുകൾ. ചിലർ ഡ്രോൺ ആണെന്ന സംശയം പ്രകടിപ്പിച്ചു. എന്നാൽ ചാരോപകരണങ്ങൾ വരെയാകാമെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചതോടെ വിവരം പൊലീസിലുമെത്തി. നഗരവാസികൾ കൂട്ടത്തോടെ പൊലീസിനൊപ്പം അന്വേഷണം തുടങ്ങി. ഒടുവിൽ കോഴിക്കോട് റോഡിലെ ഒരു കെട്ടിടത്തിനു മുകളിലെ ആകാശത്ത് നിന്നാണ് വെളിച്ചം എന്ന് കണ്ടെത്തി.കെട്ടിടത്തിനു മുകളിൽ 3 പേരെയും കണ്ടപ്പോൾ ആശങ്ക കൂടി അന്വേഷണം അവരിലേക്കു നീണ്ടപ്പോഴാണ് ‘കള്ളി’ വെളിച്ചത്തായത്. ആകാശത്ത് വട്ടമിട്ടത് പ്രാവുകളായിരുന്നു പ്രാവ് പറത്തൽ മത്സരത്തിനുള്ള പരിശീലനത്തിനായി പ്രാവുകളുടെ കാലിൽ എൽ ഇ ഡി ബൾബുകൾ കെട്ടി പറപ്പിച്ചതായിരുന്നു. വർണവെളിച്ചം അതിൽ നിന്നാണ്. വളരെ ഉയരത്തിൽ പറക്കുന്ന പ്രാവിനെ കണ്ടെത്തുന്നതിനാണ് കാലിൽ എൽഇഡി വെളിച്ചം ഘടിപ്പിച്ചത്. 10 പ്രാവുകളെയും കണ്ടെത്തി. പകൽ മറ്റു പറവകൾ പ്രാവുകളെ ആക്രമിക്കുമെന്നു ഭയന്നാണ് പരിശീലനം രാത്രിയിലേക്കു മാറ്റിയതെന്നും അവർ പൊലീസിനോട് പറഞ്ഞു വിവരമറിഞ്ഞപ്പോഴാണ് നാട്ടുകാർക്ക് ആശ്വാസമായത്