കുറ്റിച്ചൽ: കുറ്റിച്ചലിൽ അനക്കോണ്ടയെ കണ്ടവർ ആദ്യം ഒന്നമ്പരന്നു. റബർ തോട്ടത്തിനരികെ നീണ്ട് നിവർന്ന് വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഭീമൻ പാമ്പിനെ പെട്ടെന്ന് കണ്ടാൽ ആരാണ് പേടിക്കാത്തത്. മണ്ണിൽ തീർത്ത അനക്കോണ്ടയാണ് നാട്ടുകാരിൽ കൗതുകമുണർത്തുന്നത്. മണ്ണ് വെട്ടി കൂട്ടിക്കുഴച്ച് നാല് ദിവസം കൊണ്ടാണ് കോട്ടൂർ പാണംകുഴി സ്വദേശിയും രാജാരവി വർമ്മ കോളേജിൽ നിന്ന് ഫൈൻ ആർട്സ് ബിരുദം നേടിയ ആകാശ് ജിജി (23) അനക്കോണ്ടയെ നിർമ്മിച്ചത്.
കുറ്റിച്ചൽ പരുത്തിപ്പള്ളി പാണംകുഴി ആകാശ് ഭവനിൽ കൂലിപ്പണിക്കാരനായ ഗിരീഷ് കുമാറിന്റേയും തിരുവനന്തപുരം കോപ്പറേഷനിലെ അനാഥാലയത്തിൽ ജോലിചെയ്യുന്ന ജയാപ്രഭയുടേയും മകനാണ് ആകാശ് ജിജി. ജി.ജെ. മൗഗ്ലി എന്ന യൂടൂബ് ചാനലിൽ വ്യത്യസ്തമായ വീഡിയോകൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ആകാശ് അനാക്കോണ്ടയെ നിർമ്മിച്ചത്. ഇനി ഇതേ നിലയിൽ നിറുത്തി ചില മാറ്റങ്ങൾ വരുത്തി മുതലയെ രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ ആകാശ് നടത്തുന്നത്. എന്നാൽ ഇത് നിലനിറുത്തി മറ്റൊരു ഭാഗത്ത് മുതലയെ നിർമ്മിക്കാനാണ് നാട്ടുകാർ ആകാശിനോട് പറയുന്നത്.
പഠനം പൂർത്തിയാക്കണമെന്നതാണ് ഇപ്പോൾ ലക്ഷ്യം ഇതൊക്കെ അതിന്റെ ഭാഗമാണെന്നാണ് ആകാശ് പറയുന്നത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പ്രോത്സാഹനമാണ് എപ്പോഴും തനിക്ക് പ്രചോദനമാകുന്നതെന്ന് ആകാശ് പറഞ്ഞു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ഉപരിപഠനം നടത്തുന്ന ആകാശ് ഇനിയും വ്യത്യസ്തമായ ശില്പങ്ങൾ ഒരുക്കുമെന്നും ഇതൊക്കെ തത്കാലം യൂട്യൂബ് ചാനലിൽ കൂടെ ഏവർക്കും കാണാൻ അവസരമൊരുക്കുമെന്നും പറഞ്ഞു