കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് വിപുലമായ പ്രചാരണം നല്കാന് മീഡിയ കമ്മിറ്റി ചെയര്മാന് പി കെ നവാസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സരസ് മീഡിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഗ്രാമീണ വനിതാ സംരംഭകരുടെ ഉല്പന്നങ്ങള്ക്കും സംരംഭക മികവിനും ദേശീയതലത്തില്‍ വിപണനാവസരമൊരുക്കുന്ന പതിനാലാമത് ദേശീയ സരസ് മേള 2026 ഡിസംബര്‍ 22 മുതല്‍ 31 വരെ വേങ്ങര കൂരിയാട് നടക്കും. കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. സ്വാഗതസംഘം ഓഫീസ് വേങ്ങരയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും എല്ലാ പഞ്ചായത്തുകളിലും യുവജന സംഘടനകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ മാരത്തോണ്‍ ഓട്ടമത്സരം നടത്തും. വേങ്ങര പഞ്ചായത്തിലും ജില്ലയിലെ 12 നഗരസഭകളിലും ഫ്ളാഷ് മോബ് നടത്തും. ഷൂട്ടൗട്ട് മത്സരം, വനിതാ ഫുട്ബോള്‍ മത്സരം എന്നിവയും സംഘടിപ്പിക്കും. പരിസ്ഥിതി സൗഹൃദമായ തരത്തില്‍ ബാനറുകളും പോസ്റ്ററുകളും മറ്റു പ്രചാരണ സാമഗ്രികളും സ്ഥാപിക്കും. മേള നടക്കുന്ന ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നതിനുള്ള ആവശ്യം സര്‍ക്കാരിന് സമര്‍പ്പിക്കും. മേളയുടെ ലോഗോ പ്രകാശനം വിപുലമായി നടത്താനും യോഗം തീരുമാനിച്ചു. മേളയുടെ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി വേങ്ങര നിയോജകമണ്ഡലത്തിലെ എല്ലാ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെയും വേങ്ങര ബ്ലോക്കിന് കീഴിലെ ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ യോഗവും നവംബര്‍ 14ന് രാവിലെ 9 30 ന് വേങ്ങര വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജിയുടെ അധ്യക്ഷതയില്‍ നടക്കും. പി.കെ നവാസ് എം.എല്‍.എ, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രാമീണ വനിതാ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാവും. കലാ-സാംസ്കാരിക പരിപാടികള്‍, സെമിനാറുകള്‍, ഫ്ളവര്‍ ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക്, പെറ്റ് ഷോ തുടങ്ങിയവയും മേളയുടെ ഭാഗമായുണ്ടാവും. സ്ത്രീകളുടെ കലാപരമായ കഴിവുകള്‍ക്കും സംരംഭകത്വത്തിനും ആത്മവിശ്വാസത്തിനും വേദിയൊരുക്കാന്‍ മേളയ്ക്ക് സാധിക്കും. മണ്‍പാത്ര-കരകൗശല ശില്പ നിര്‍മ്മാണങ്ങളുടെ തത്സമയ പ്രദര്‍ശനവും കുട്ടികള്‍ക്കുള്ള പ്രത്യേക പരിശീലനവുമുണ്ടാവും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ