മലപ്പുറം:കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തും. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകുമെന്ന് ഡി.സി.സി.ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ്.നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ്‌ചെന്നിത്തല, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ, ബെന്നി ബെഹ്‌നാൻ, കെ. മുരളീധരൻ എന്നിവർ പര്യടനത്തിൽ പങ്കെടുക്കും. ശനിയാഴ്ച 9.30-ന് ഇടിമൂഴിക്കലിൽ ജില്ലാതല സ്വീകരണംനൽകും തുടർന്ന് 10ന് ചേളാരി, 11ന് കോണ്ടോട്ടി, 3ന് മഞ്ചേരി, 4.30ന് എടവണ്ണ, 5.30ന് വണ്ടൂർ, 6.30ന് എടക്കര എന്നിവിടങ്ങളിലാണ് സ്വീകരണം. ഞായറാഴ്ച 10ന് പെരിന്തൽമണ്ണ, 11ന് കൂട്ടിലങ്ങാടി, 3ന് മലപ്പുറം, 4.30ന് വേങ്ങര, 5.30ന് ചെമ്മാട്, 6.30ന് താനാളൂർ, തിങ്കളാഴ്ച 10ന് തിരുനാവായ, 11ന് കുറ്റിപ്പുറം, 3ന് മാറാഞ്ചേരി, 4.30ന് എടപ്പാൾ എന്നിവടങ്ങളിൽ സ്വീകരണം നൽകും. ഡി.സി.സി. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ജനറൽ സെക്രട്ടറി സക്കീർ പുല്ലാര, അജീഷ് എടാലത്ത്, പി.എ. മജീദ്, മുഹസിൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.