3/6/15

വാട്സ്ആപ്പിൽ മിനിമം പാലിക്കേണ്ട ചില മര്യാദകൾ

എന്ത് ഷെയർ ചെയ്യുന്നതിന് മുമ്പും അതിന്റെ സത്യാവസ്ഥ കഴിയുന്നത്ര ഉറപ്പ്
വരുത്താൻ ശ്രമിക്കുക. രണ്ട് വർഷം പഴക്കമുള്ള 'ജോലി ഒഴിവുണ്ട്'   'രക്തം
ആവശ്യമുണ്ട്' 'വിവാഹാലോചനകൾ ക്ഷണിക്കുന്നു' തുടങ്ങിയ സന്ദേശങ്ങൾ ഷെയർ
ചെയ്യാതിരിക്കുക. ഇതൊക്കെ കണ്ട് ഏതെങ്കിലും പാവങ്ങൾ  പെണ്ണ് ആലോചിച്ചു
ചെല്ലുമ്പോൾ നായിക ആറു മാസം ഗർഭിണിയായിരിക്കും, ഒക്കത്ത് വേറൊരു
കുഞ്ഞുമുണ്ടാകും. വെറുതേ ആളുകളെ വട്ടം കറക്കാതിരിക്കുക. ഒരു ലേഖനമോ
കുറിപ്പോ ഷെയർ ചെയ്യുമ്പോൾ അതെഴുതിയ ആളുടെ പേര് ചേർക്കുക. അടിയന്തിര
സന്ദേശങ്ങൾ ഷെയർ ചെയ്യുമ്പോൾ എഴുതുന്ന തിയ്യതി വെക്കുക. ഏതെങ്കിലും
ഗ്രൂപ്പിലേക്ക് ഒരു മെസ്സേജ് അയക്കുന്നതിന് മുമ്പ് ആ ഗ്രൂപ്പിന്റെ
ലക്ഷ്യവും ഉദ്ദേശ്യവും എന്താണെന്ന് മനസ്സിലാക്കി അതിനു അനുഗുണമായത്
മാത്രം അങ്ങോട്ട്‌ അയക്കുക. ബസറയിലേക്ക് കാരക്ക കയറ്റാതിരിക്കാൻ
പ്രത്യേകം ശ്രദ്ധിക്കുക.  ഒരു ഫോട്ടോയോ വാർത്തയോ ഷെയർ ചെയ്യുമ്പോൾ
അതാരെയെങ്കിലും വ്യക്തിപരമായി അപഹസിക്കുന്നതോ പരിഹസിക്കുന്നതോ അല്ലെന്ന്
ഉറപ്പ് വരുത്തുക. ആരുടേയും സ്വകാര്യതയെ ആഘോഷിക്കുവാൻ അവരെത്ര
മോശക്കാരായാലും ശരി, നമുക്കവകാശമില്ലെന്ന് ഓർക്കുക, വർഗീയതയും വിദ്വേഷവും
പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ ഒരിക്കലും കൈമാറാതിരിക്കുക. ഒരു
സന്ദേശത്തിന്റെ കൂടെയും ഇത് പത്ത് പേർക്ക് നിർബന്ധമായും ഷെയർ ചെയ്യണം
എന്നെഴുതാതിരിക്കുക. ഷെയർ ചെയ്യേണ്ട ഉരുപ്പടിയാണ് എന്ന്
വായിക്കുന്നവർക്ക് തോന്നിയാൽ നിങ്ങൾ പറയാതെ തന്നെ അവരത് ഷെയർ ചെയ്തോളും.
ഇപ്പറഞ്ഞതിനെയെല്ലാം ഒറ്റവാചകത്തിൽ ഒതുക്കിപ്പറഞ്ഞാൽ അതിതാണ്, ഒന്നും
ഓവറാക്കാതിരിക്കുക, ആരെയും ബെർപ്പിക്കാതിരിക്കുക copy to whatsapp