പഴയ കാലത്തെ സ്കൂളിലെ പിന് ബഞ്ചിന് ഒരുപാടുകഥ പറയാനുണ്ടാവും. തോറ്റ് തോറ്റ് കോമാളികളായവരുടെ,ഉറക്കം തൂങ്ങികളുടെ,അലസന്മാരുടെ,തല്ലുകൊള്ളികളുടെ,
വില്ലന്മ്മാരുടെ ഒരുപാട് ഉദാഹരണങ്ങള് പിന്ബഞ്ചിന് സ്വന്തമായിരുന്നു....!
എത്ര തല്ലിയാലും ഒരിക്കലും നന്നാവാന് ഇടയില്ലെന്ന് മാഷ് പിന് ബഞ്ചിലെ തലകളെ ചൂണ്ടി ഉദാഹരിക്കുമായിരുന്നു.
അതുകൊണ്ടുതന്നെ മുന് ബഞ്ചിലിരുന്ന് പഠിക്കുന്നവന്
ഒരിക്കലും പിറകിലേക്ക് നോക്കാറില്ലായിരുന്നു. കൂട്ടുകൂടാന് മുന് ബഞ്ചുകാര്ക്ക് പിന് ബഞ്ചുകാരോട് ഭയമായിരുന്നു.
രാവിലെ സ്ക്കൂളില് വരിനിന്ന് പ്രതിജ്ഞയില് സഹോദരനാണെന്ന് വരി ചൊല്ലിയാലും ക്ലാസ്സ് റൂമില് അപരിചിതരായിരുന്നു പലര്ക്കും പിന് ബഞ്ചുകാര്.
പതിവായി ചോക്കേറ് കൊള്ളാന് തല വിധിച്ചവര്,എണീപ്പിച്ച് നിര്ത്തി മറ്റുള്ളവര്ക്ക് ചിരിക്കാന് വകയുണ്ടാക്കിയവര്,ചൂരലിന്റെ ശേഷിയളക്കാന് കൈനീട്ടിപ്പിടിച്ചവര് ഇതായിരുന്നു പിന് ബഞ്ച്....!
പിരിവെടുക്കാനും,തോരണം കെട്ടാനും,മാറാലതട്ടാനും,കഞ്ഞിയും,പയറും വിളമ്പാനും,സ്റ്റാമ്പ് വില്ക്കാനും ഇവരുടെ മുഖത്ത്നോക്കിയാല് മതി അവരത് ഭംഗിയായി ചെയ്യും. അവര്ക്കത് ചാര്ത്തികൊടുക്കുമ്പോള് അവരും മാഷും സംതൃപ്തരായിരുന്നു....!
എനിക്കറിയാം പിന് ബഞ്ചിലെ എല്ലാവരും മണ്ടന്മ്മാരായിരുന്നില്ല സത്യത്തില് വില്ലന്മാരും...പഠിക്കാന് ശേഷിയുണ്ടായിട്ടും വീട്ടില് കഴിക്കാന് ശേഷിയില്ലാത്തവരെങ്ങനെ മുന് ബഞ്ചില് നട്ടെല്ല് വളയാതെ
ചോദ്യങ്ങള്ക്ക്ഉത്തരം കൊടുക്കും...വയറൊട്ടിയ മുതുകിന്റെ താഴ്ച കാണാതിരിക്കാന്പിന് ബഞ്ചിനെ മറയാക്കിയവര്.
പട്ടിണിയേക്കാള് വലുതല്ല പഠിപ്പെന്ന സത്യം ആരെക്കാളും മുന്നേ അറിഞ്ഞവര്...നാലണക്ക് മുകളില് കണ്ടിട്ടില്ലാത്തവന്
ഗണിതത്തിലെ ലാഭനഷ്ട്ടം കൂട്ടാന് മനസ്സുണ്ടാവില്ല..നിവര്ന്നുനില്ക്കാന് ശേഷിയില്ലാത്തവന് ഊര്ജ്ജതന്ത്ര ക്ലാസ്സില് ഏതൂര്ജ്ജത്തിന്റെ പേരില് നിവര്ന്നിരിക്കും...പട്ടിണിയെ ഉറങ്ങി തോല്പ്പിക്കുമ്പോള് ചോക്കെറിഞ്ഞു ഉറക്കം നഷ്ട്ടപ്പെടുത്തുന്ന മാഷോട് വിശപ്പിനെ ഉറങ്ങി തോല്പ്പിക്കുകയാണെന്ന് അവരെങ്ങനെ പറയും.....!
പിന് ബഞ്ചില് ഇങ്ങനെയൊരു തലമുറ ഉണ്ടായിരുന്നെന്ന് ഒരുപക്ഷെ ഇന്നാരും വിശ്വസിക്കില്ല..പക്ഷെ അറിഞ്ഞവര്ക്ക് മനസ്സിലാകും..ഒരിക്കലും നന്നാവില്ലെന്ന്പറഞ്ഞുതള്ളിയ പലരും ജീവിതത്തില് ഇന്ന് വളരെ മുന്നിലാണ്. അവരെ നന്നാവില്ലെന്ന്പറഞ്ഞു ശപിച്ച മാഷ് ശപികുകയായിരുന്നില്ല കാരണം അദ്ദേഹത്തിന് അവരെ അറിയാമായിരുന്നു.
ചില ശാപങ്ങള് നന്മപുരട്ടി എറിയുന്നതാണ് കൊണ്ടാല് പൊള്ളില്ല...രസകരമായ ഒരുസത്യം പില്ക്കാലത്ത്‌മുന് ബഞ്ചുകാര് പലരും ഫയലുകളുമായി അലയുകയാണ്.....!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ