വലിയോറ: 2026-ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പണിയ നൃത്തത്തിൽ എ-ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ വലിയോറ ചിനക്കൽ ജി.എച്ച്.എസ് കുറുകയിലെ കലാപ്രതിഭകളെ കുവൈത്ത് ചിനക്കൽ സാംസ്കാരിക വേദി ആദരിച്ചു. സ്കൂൾ പി.ടി.എ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് വിജയികളായ 12 വിദ്യാർത്ഥികൾക്കും സാംസ്കാരിക വേദിയുടെ വകയായി ക്യാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസലു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മികച്ച നേട്ടം കൈവരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ രജീഷ ടീച്ചർക്ക് സാംസ്കാരിക വേദിയുടെ പ്രത്യേക ഉപഹാരം ചടങ്ങിൽ വെച്ച് കൈമാറി. സാംസ്കാരിക വേദി പ്രവർത്തകരായ ആലിക്കുട്ടി പറങ്ങോടത്ത്, എ.ടി. ഹംസക്കുട്ടി, കല്ലൻ അബ്ദുറഹ്മാൻ, കാവുങ്ങൽ ആലിക്കുട്ടി, പ്രഭാകരൻ, സിറാജ് ടി.വി, എ.ടി. അഷ്റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.