വേങ്ങര: കടലുണ്ടിപ്പുഴയിലെ വലിയോറ പാണ്ടികശാലയിലെ ബാക്കിക്കയം റെഗുലേറ്ററിന്റെ അനുബന്ധപ്രവൃത്തികൾ പൂർത്തിയാക്കാൻ ജലസേചനവിഭാഗം ചീഫ് എൻജിനീയർക്കും ജലനിധി എക്‌സിക്യുട്ടീവ് ഡയറക്ടർക്കും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി.
ഗ്രാമപ്പഞ്ചായത്തംഗമായ യൂസുഫലി വലിയോറ കമ്മിഷന് നൽകിയ പരാതിയിലാണ് കമ്മിഷൻ ഉത്തരവിട്ടത്. ലോകബാങ്ക് സഹായത്തോടെ 20 കോടി രൂപ ചെലവിൽ 2016-ലാണ് ബാക്കിക്കയം റെഗുലേറ്ററിന്റെ പണി ആരംഭിച്ചത്.
2020-ഓടെ പ്രവൃത്തി പൂർത്തീകരിച്ചെങ്കിലും അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടില്ലായിരുന്നു. 21 മീറ്റർ പാർശ്വഭിത്തി നിർമാണം, റെഗുലേറ്ററിന്റെ പ്രവൃത്തികൾക്കായി പുഴയിലേക്ക് ക്രെയിനും മണ്ണുമാന്തിയന്ത്രങ്ങളുമെല്ലാം കൊണ്ടുപോവാൻ വ്യക്തികളുടെ സ്ഥലമെടുത്താണ് പഞ്ചായത്ത് റോഡ് വിതികൂട്ടിയത്.
ഇവിടെ സംരക്ഷണഭിത്തി നിർമാണം, പ്രോജക്ട് ഓഫീസ് കെട്ടിടത്തിന് കെട്ടിടനമ്പറും വൈദ്യുതി കണക്‌ഷനും ലഭിക്കൽ തുടങ്ങിയ പണികളാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. റോഡ് വീതി കൂട്ടാൻ താത്കാലികമായി ഏറ്റെടുത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലം പൂർവസ്ഥിതിയിലാക്കാമെന്ന കരാർകമ്പനി അധികൃതരുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും വാക്കാലുള്ള ഉറപ്പും നടപ്പായിട്ടില്ല.
എറണാകുളം ആസ്ഥാനമായ സെഗൂറ ഫൗണ്ടേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കരാർകമ്പനി പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുസർക്കാറിന്റെ കാലത്തും വകുപ്പുമന്ത്രിക്കും ജല സേചനജലനിധി ഉദ്യോഗസ്ഥർക്കും എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നിരവധിതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. അനുബന്ധ പ്രവൃത്തികൾക്കായുള്ള അഞ്ചുകോടിയോളം രൂപയുടെ അടങ്കൽ ജലവിഭവവകുപ്പ് മന്ത്രിയുടെ പരിഗണനയിലാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ