കോഴികളുമായി താരതമ്യംചെയ്യുമ്പോള്‍ താറാവുകളില്‍ നിന്നു കൂടുതല്‍ മുട്ട ലഭിക്കും എന്നതു പ്രധാന കാര്യമാണ്. നല്ല ജനുസ്സുകളില്‍നിന്നു വര്‍ഷത്തില്‍ 300 മുട്ടകള്‍ വരെ ലഭിക്കും. താറാവുകളെ 2-3 വര്‍ഷംവരെ മുട്ടയ്‌ക്കുവേണ്ടി വളര്‍ത്താം. താറുവകളുടെ വളര്‍ച്ച ദ്രുതഗതിയിലാണ്. താറാവുകള്‍ക്ക് കോഴികളേക്കാള്‍ രോഗപ്രതിരോധശേഷിയും കൂടുതലാണ്. താറാവു വളര്‍ത്തലിനു കുറഞ്ഞ മുതല്‍ മുടക്കുമതിയാകും. കോഴിവളര്‍ത്തലിനു വേണ്ട ആധുനിക രീതിയിലുള്ള കെട്ടിടങ്ങളൊന്നും തന്നെ താറാവുവളര്‍ത്തലിനു ആവശ്യമില്ല. കുളങ്ങളോ അരുവികളോ ആവശ്യമില്ല. ഏതിനം താറാവുകളെയും എളുപ്പത്തില്‍ ഇണക്കാവുന്നതാണ്. അനുസരണയുള്ള പക്ഷിയായതിനാല്‍ പരിപാലിക്കാന്‍ അധികം ആളുകളുടെ ആവശ്യമില്ല. താറാവുകള്‍ വയലുകളുടെ ഫലഭൂയിഷ്‌ഠത വര്‍ധിപ്പിക്കുന്നതോടൊപ്പം കീടങ്ങളെയും ഒച്ചുകളെയും നശിപ്പിക്കുന്നു. കോഴിയിറച്ചിയും മുട്ടയും കഴിക്കാത്തവര്‍ താറാവിറച്ചിയും മുട്ടയും ഇഷ്‌ടപ്പെടുന്നു. അതുകൊണ്ടുതന്നെ അവയ്‌ക്ക് നല്ല മാര്‍ക്കറ്റ് വിലയുണ്ട്. കോഴികളെയും മറ്റു മൃഗങ്ങളെയും വളര്‍ത്താന്‍ പറ്റാത്ത വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശത്ത് താറാവുകളെ വളര്‍ത്താം. താറാവുകളെ എളുപ്പത്തില്‍ പരിശീലിപ്പിക്കാന്‍ കഴിയുന്നതിനാല്‍ പരിപാലിക്കാനും എളുപ്പമാണ്. നെല്‍കൃഷിയോടൊപ്പവും മീന്‍കൃഷിയോടൊപ്പവും സംയോജിതകൃഷിക്ക് അനുയോജ്യമാണ് താറാവ്.
താറാവ് :ഇനങ്ങള്‍
മസ്‌കോവി
ബ്രസീലാണ് ഇവയുടെ ജന്മസ്ഥലം. വലിപ്പം കൂടിയ ജനുസ്സാണിത്. മുഖം നേരിയ ചുവപ്പുനിറമാണ്. തലഭാഗത്ത് അരിമ്പാറപോലെ തോന്നുന്ന തൊലിയുണ്ട്. ആണ്‍താറാവിന്റെ വാലില്‍ വളഞ്ഞ തൂവലുകളില്ലാത്തത് ഇതിന്റെ പ്രത്യേകതയാണ്. മസ്‌കോവിയിനത്തില്‍ തന്നെ കറുപ്പും വെളുപ്പും നിറമുള്ള രണ്ടിനങ്ങളുണ്ട്. മസ്‌കോവി താറാവിന്റെ മുട്ടവിരിയാന്‍ 36 ദിവസം വേണം. ഇവയുടെ കുഞ്ഞുങ്ങള്‍ക്ക് ശരീരത്തില്‍ രോമം മുഴുവന്‍ കിളിര്‍ത്തുവരാന്‍ 16 ആഴ്‌ചയെങ്കിലും എടുക്കും. ഇവയുടെ മാംസം നല്ല രുചിയുള്ളതാണ്. 17 ആഴ്‌ചയായാല്‍ ഇവയെ കശാപ്പ് ചെയ്യാം. പൂവന്‍ താറാവിനു നാലര കി.ഗ്രാമും പിടയ്‌ക്ക് മൂന്നര കിഗ്രാമും തൂക്കമുണ്ടാകും. ഇവയെ മറ്റു താറാവുകളുമായി ഇണ ചേര്‍ത്തുണ്ടാകുന്ന ഇനം പ്രത്യുല്‍പ്പാദനശേഷിയില്ലാത്തതായിരിക്കും. മസ്‌കോവി താറാവുകള്‍ക്ക് പറക്കാനുള്ളശേഷി കൂടുതലാണ്. മസ്‌കോവിതാറാവിനെ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇണങ്ങിയാല്‍ വളരെ അടുപ്പം കാണിക്കുന്ന ഇവ സ്‌നേഹം പ്രകടിപ്പിക്കാന്‍ നമ്മുടെ കൈകാലുകളില്‍ ചാടിക്കയറാം. ഇവയുടെ കാലുകളിലെ നീളം കൂടിയ മൂര്‍ച്ചയുള്ള നഖങ്ങള്‍കൊണ്ട് മുറിവുണ്ടാക്കാന്‍ സാധ്യതയുണ്ട്.
ഐല്‍സ്‌ബറി
ഇംഗ്ലണ്ട് ആണ് ജന്മസ്ഥലം. വെള്ളം തൂവലുള്ള ഇതിന്റെ കാല്‍ കുറുകിയതും ഓറഞ്ച് നിറമുള്ളതുമാണ് ഈ താറാവിന് വൈറ്റ് പെക്കിന്‍ ഇനത്തിന്റെ ഗുണങ്ങളെല്ലാമുണ്ട്. വര്‍ഷത്തില്‍ 150 മുട്ടവരെ നല്‍കും. ഇതിന്റെ ഇറച്ചിക്ക് ക്രീം നിറമാണുള്ളത്. ഇവയുടെ തല നേരെയും ഉയര്‍ന്നതും, നീളമുള്ളതുമാണ്. ചുണ്ടുകള്‍ക്ക് വീതിയും നീളവുമുണ്ട്. ഒരു വശത്തുനിന്ന് നോക്കുമ്പോള്‍ തലയുടെ മുകള്‍ഭാഗത്തുനിന്നും ചുണ്ടുകള്‍ വരെ ഒരുനേര്‍വരയിലാണെന്നു കാണാം. കണ്ണുകള്‍ പോളകള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നു. കഴുത്തിനു നീളമുണ്ടെങ്കിലും വണ്ണം കുറഞ്ഞ് അല്‍പ്പം വളഞ്ഞാണ്. ഉടലിന് നല്ല വീതിയും നീളവും പൊക്കവുമുണ്ട്. മുതുക് പരന്നതും വളവില്ലാത്തുമാണ്. പൂവന്മാര്‍ക്ക് വാലില്‍ രണ്ടോ മൂന്നോ വളഞ്ഞ തൂവലുണ്ട്.
മിനിക്കോസ്
വളരെ കുറഞ്ഞ മരണനിരക്ക്, ദ്രുതഗതിയിലുള്ള വളര്‍ച്ച, കൊഴുപ്പ് കുറഞ്ഞ സ്വാദേറിയ ഇറച്ചി എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഇവ 45 ദിവസംകൊണ്ട് 1.6 കി.ഗ്രാം തൂക്കം വയ്‌ക്കുന്നതായി കണ്ടിട്ടുണ്ട്.
വൈറ്റ് പെക്കിന്‍
ചൈനയില്‍ ഉടലെടുത്തതാണ് ഈ ഇനം. ദ്രുതഗതിയിലുള്ള വളര്‍ച്ച, നല്ല തീറ്റ പരിവര്‍ത്തനശേഷി, സ്വദേറിയ ഇറച്ചി ഉയര്‍ന്ന ജീവനക്ഷമത എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഇതിന്റെ തൂവലുകള്‍ക്ക് വെള്ളനിറവും കൊക്കിനും കാലുകള്‍ക്കും ഓറഞ്ചുനിറവുമാണ്. പ്രായപൂര്‍ത്തിയായ ആണ്‍താറാവിന് 4 കി.ഗ്രാമും പെണ്‍ താറാവിന് 3½ കി.ഗ്രാം തൂക്കമുണ്ടാകും. നന്നായി പരിപാലിച്ചാല്‍ ഈ ഇനം 54 ദിവസം കൊണ്ട് 2½ കി.ഗ്രാം തൂക്കം വെക്കുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ഇറച്ചിക്കുവേണ്ടിയാണ് വളര്‍ത്തി വരുന്നത്. വര്‍ഷത്തില്‍ 220 മുട്ടകള്‍ വരെ ഇടാറുണ്ട്.
വിഗോവ
ഇറച്ചിത്താറാവിനമാണു വിഗോവ. വൈറ്റ് പെക്കിന്‍ ഐല്‍സ്‌ബറി എന്നീ ഇനങ്ങള്‍ പ്രജനനം നടത്തി ഉല്‍പ്പാദിപ്പിച്ച ഇനമാണിത്. വിയറ്റ്‌നാമാണ് ജന്മദേശം. തെക്കേഇന്ത്യയിലും കേരളത്തിലും ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്ന ഇനമാണിത്. വെള്ളനിറമുള്ള ഇതിന് നല്ല തീറ്റ പരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കുമുണ്ട്. രണ്ടാംമാസത്തില്‍ 2 ½-3 കി.ഗ്രാം തൂക്കമെത്തും. മുട്ടയുല്‍പ്പാദനം വളരെ കുറവാണ്. വര്‍ത്തില്‍ 80-100 മുട്ടയേ ലഭിക്കൂ.
കാക്കിക്കേമ്പല്‍
ഇതൊരു സങ്കരയിനമാണ്. ഇംഗ്ലണ്ടാണ് ജന്മസ്ഥലം. ഈ ഇനത്തില്‍പ്പെട്ട താറാവുകള്‍ വര്‍ഷത്തില്‍ 364 മുട്ടകള്‍ വരെ ഇടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പേരുപോലെ തന്നെ കാക്കിനിറമാണ്. നീളമുള്ള കഴുത്ത് പച്ച തല, കറുപ്പുനിറത്തോടുകൂടിയ കൊക്ക്, ബ്രൗണ്‍ നിറത്തിലുള്ള കാല്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. കുറച്ചു ദിവസങ്ങള്‍ വെള്ളമില്ലാതെയും ഇവയ്‌ക്ക് കഴിയാന്‍ സാധിക്കും. മേയ്‌ച്ച് വളര്‍ത്താന്‍ പറ്റിയ ഇനമാണിത്. പൂവന് രണ്ടര കി.ഗ്രാമും പിടയ്‌ക്ക് 2.2 കി.ഗ്രാമും തൂക്കമുണ്ടാകും.
ഇന്ത്യന്‍ റണ്ണര്‍
ഇന്ത്യന്‍ ജനുസ്സാണ്. ഇവയ്‌ക്ക് നീളമുള്ള മെലിഞ്ഞ ശരീരമാണുള്ളത്. പെന്‍ഗ്വിന്‍ പക്ഷികളുടെ ശരീര പ്രകൃതിയാണിവയ്‌ക്ക്. മുട്ടയിടുന്നതില്‍ രണ്ടാം സ്ഥാനം ഇവയ്‌ക്കുണ്ട്. വളരെ കുറഞ്ഞ മരണനിരക്ക് കൂടിയ മുട്ട ഉല്‍പ്പാദനം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
അലങ്കാരത്താറാവുകള്‍
ക്രസ്റ്റഡ് വൈറ്റ്, ഈസ്റ്റ് ഇന്ത്യകള്‍ ആന്റ് ബ്ലാക്ക്, കരോലിന, മന്‍ഡറിന്‍ എന്നിവയാണ് അലങ്കാരത്തിനുവേണ്ടി വളര്‍ത്തുന്നത്.
കുട്ടനാടന്‍ താറാവുകള്‍
കേരളത്തിലെ വനാന്തരങ്ങളില്‍ ഉണ്ടായിരുന്ന കാട്ടുതാറാവുകളില്‍നിന്നാണ് കുട്ടനാടന്‍ താറാവുകളുടെ ഉദ്‌ഭവം. ഇവയ്‌ക്ക് നിറത്തിലും ആകൃതിയിലും വലിപ്പത്തിലും കാട്ടുതാറാവുകൂട്ടമായി നല്ല സാമ്യമുണ്ട്. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിനു ചുറ്റുമുള്ള ഭൂപ്രദേശങ്ങളിലാണ് ഇവയെ വ്യാപകമായി വളര്‍ത്തുന്നത്. ആലപ്പുഴ ജില്ലയ്‌ക്കു പുറമേ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇവയെ വളര്‍ത്തിയിരുന്നു. മുട്ടയ്‌ക്കും ഇറച്ചിക്കുംവേണ്ടി വളര്‍ത്താന്‍ പറ്റിയ ഇനങ്ങളാണിവ. കേരളത്തിന്റെ കാലാവസ്ഥയോട് നന്നായി പൊരുത്തപ്പെട്ട ഈ ഇനത്തിന് ദീര്‍ഘദൂരം നടക്കാനുള്ള കഴിവും ഉണ്ട്. കുട്ടനാടന്‍ താറാവുകളില്‍ രണ്ടിനങ്ങളുണ്ട്. ചാരയും ചെമ്പല്ലിയും. ഇടയ്‌ക്കിടെ തവിട്ടുനിറമുള്ള കറുത്ത തൂവലോടുകൂടിയ ചാരനിറമുള്ളതാണ് ചാരത്താറാവുകള്‍. എന്നാല്‍ കറുപ്പിന്റെ അംശം ഒട്ടുമില്ലാതെ മങ്ങിയ തവിട്ടുനിറമുള്ള ഇനമാണ് ചെമ്പല്ലി. എണ്ണത്തില്‍ കൂടുതല്‍ ഈ ഇനമാണ്.
ചാരത്താറാവുകളുടെ പ്രത്യേകതകള്‍
1. പൂവന്‍ താറാവുകളുടെ തലയിലെ തൂവലുകള്‍ക്ക് തിളങ്ങുന്ന പച്ചയോടുകൂടിയ കറുപ്പ് നിറമുണ്ട്.
2. ചുണ്ടുകള്‍ക്ക് മങ്ങിയ ഓറഞ്ചു നിറത്തില്‍ കറുത്ത പുള്ളികളുണ്ടാവും.
3. കാലും പാദവും ഓറഞ്ചുനിറമായിരിക്കും.
4. പുറംഭാഗങ്ങളും ചെരിവുകളും വാല്‍ഭാഗവും ആവരണം ചെയ്‌തിട്ടുള്ള തൂവുകള്‍ക്ക് കറുപ്പില്‍ തവിട്ട് കലര്‍ന്ന നിറമാണ്.
ചെമ്പല്ലിത്താറാവുകളുടെ പ്രത്യേകതകള്‍
1. പൂവന്‍ താറാവിന് മങ്ങിയ പച്ചയോടുകൂടിയ കറുപ്പുനിറമാണ്.
2. ചുണ്ടുകള്‍ക്ക് മഞ്ഞനിറത്തില്‍ കറുത്തപുള്ളികളുണ്ടാകും.
3. കാലും പാദവും കറുത്ത ഓറഞ്ച് നിറമായിരിക്കും.
4. നല്ല തവിട്ടു നിറമായിരിക്കും.
മേല്‍പ്പറഞ്ഞ പൊതുലക്ഷണങ്ങളില്‍നിന്നും വൈവിധ്യമാര്‍ന്ന ലക്ഷണങ്ങളും ചിലപ്പോള്‍ കാണാറുണ്ട്. ഭാഗികമായി, കറുത്ത പുള്ളികളും ഇടയ്‌ക്കിടെ വെളുത്ത തൂവലോടുകൂടിയ ഇനങ്ങളും കണ്ടു വരുന്നുണ്ട്. പൂര്‍ണ തോതിലുള്ള ശ്വേതാവസ്ഥയാവട്ടെ വളരെ കുറവാണ്. തവിട്ടുനിറത്തിലുള്ള നെഞ്ചും, കഴുത്തില്‍ വെളുത്തനിറത്തിലുള്ള ഒരു വലയവുമുള്ള പിടത്താറാവുകളെ ചിലപ്പോള്‍ കാണാറുണ്ട്. നെഞ്ചില്‍ മാത്രം വെളുത്തതൂവലുകളുള്ള കറുത്ത താറാവുകളും കൂട്ടത്തിലുണ്ടാകും. ഇങ്ങനെ തൂവല്‍ ഘടനയിലും വര്‍ണങ്ങളിലും വ്യത്യസ്‌തത പുലര്‍ത്തുന്ന ധാരാളം ഇനങ്ങള്‍ നാടന്‍ താറാവുകള്‍ക്കിടയിലുണ്ട്
താറാവിന്റെ ശാരീരിക പ്രത്യേകതകള്‍
കോഴികള്‍, ടര്‍ക്കികള്‍ എന്നിവയേക്കാള്‍ ചില പ്രത്യേകതകള്‍ താറാവിനുണ്ട്. നീളം കുറഞ്ഞകാലുകള്‍ ശരീരത്തിന്റെ പിന്‍ഭാഗത്തായതുകൊണ്ടാണ് ഇവയുടെ നടത്തത്തില്‍ ഒരു പ്രത്യേകതയുള്ളത് കാല്‍ വിരലുകള്‍ തമ്മില്‍ ഒരു നേര്‍ത്ത ചര്‍മ്മം കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു. വലിപ്പമുള്ള പരന്നകൊക്ക് ഒരു അരിപ്പപോലെ പ്രവര്‍ത്തിക്കുന്നു. വെള്ളത്തില്‍ മുങ്ങിത്തപ്പി കൊക്കിലാക്കുന്ന ഇരകളോടൊപ്പം കുറച്ച് വെള്ളം കൂടി ഉള്ളില്‍ കയറും. ഇര പുറത്തുപോവാതെ വെള്ളം പുറംതള്ളുവാന്‍ കഴിയുംവിധമാണ് കൊക്കിന്റെ ഘടന. ശരീരം മുഴുവന്‍ മറയത്തക്കവിധമാണ് തൂവലുകളുള്ളത്. തൂവലുകള്‍ക്ക് എണ്ണമയമുണ്ടാകും. ത്വക്കിനടിയില്‍ കൊഴുപ്പ് ശേഖരിക്കപ്പെടുന്നു. ഈ കാരണത്താല്‍ ഇവയ്‌ക്ക് കുറേനേരം തണുത്ത വെള്ളത്തില്‍ ചെലവഴിക്കാന്‍ സാധിക്കും. ചിറകിലെ അസ്ഥികളേക്കാള്‍ കാലിലേതിന് നീളം കുറവാണ്.
താറാവിനങ്ങളെ തിരഞ്ഞെടുക്കലും വളര്‍ത്തലും
ഇറച്ചിക്കും മുട്ടയ്‌ക്കും വേണ്ടി പ്രത്യേക ഇനങ്ങള്‍ ഉള്ളതുകൊണ്ട് ഏതിനാണ് പ്രാമുഖ്യം കൊടുക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ജനുസ്സുകളെ തീരുമാനിക്കുന്നത്. നല്ല ഉല്‍പ്പാദനശേഷിക്ക് പ്രസിദ്ധമായ ഫാമുകളില്‍നിന്നു വാങ്ങുന്നതാണ് ഉത്തമം. കുഞ്ഞുങ്ങളെയാണ് വാങ്ങുന്നതെങ്കില്‍ 6-7 ആഴ്‌ച പ്രായമുള്ളവയാണ് നല്ലത്. ഈ പ്രായത്തില്‍ പൂവനെയും പിടയെയും തിരിച്ചറിയാനും കഴിയും. ആറു പിടകള്‍ക്ക് ഒരു പൂവന്‍ എന്ന അനുപാതമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പൂവന്മാര്‍ പിടയേക്കാള്‍ നേരത്തെ വിരിയിച്ചിറക്കിയവയായിരിക്കണം. നല്ല ചുറുചുറുക്ക് മുഴുമുഴുപ്പ്, ശരീരഘടന, തൂവല്‍ വിത്യാസം എന്നീ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം താറാവുകളെ തിരഞ്ഞെടുക്കേണ്ടത്. നല്ല വര്‍ഗഗുണണുള്ളവ ആറ് ആഴ്‌ച പ്രായമുള്ളപ്പോള്‍ രണ്ടരകി.ഗ്രാം ഭാരവും എട്ടാഴ്‌ച പ്രായമുള്ളപ്പോള്‍ മൂന്നരകി.ഗ്രാം ഭാരവും വയ്‌ക്കുന്നു. എന്നാല്‍ പെട്ടെന്ന വളരുന്നവയെ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ പ്രത്യുല്‍പ്പാദനശേഷി കുറഞ്ഞതുവരുന്നതായി കണ്ടിട്ടുണ്ട്. ഉയര്‍ന്ന മുട്ടയുല്‍പ്പാദനശേഷിയും, ഉര്‍വരത വിരിയല്‍ നിരക്ക് മുതലായവ പരമാവധി വളര്‍ച്ചയുമായി ബന്ധപ്പെട്ടല്ല ഇരിക്കുന്നത്. ഇത്തരം പൊരുത്തക്കേട് ഉള്ളതിനാല്‍ ശാസ്‌ത്രീയമായ പ്രജനന പരിപാടി അനുവര്‍ത്തിക്കേണ്ടതുണ്ട്. താറാവു വളര്‍ത്തല്‍ ആദായകരമായി വളര്‍ത്തുന്നതിന് പിടകള്‍ വര്‍ധിച്ച് ഉല്‍പ്പാദനനിരക്ക് പാരമ്പര്യമായുള്ളതും പൂവന്മാര്‍ പെട്ടെന്നു വളരുന്നതിനുള്ള പാരമ്പര്യഗുണങ്ങടങ്ങിയതുമായിരിക്കണം.
സങ്കരവര്‍ഗോല്‍പ്പാദനം വഴി നല്ല ഓജസുള്ളവയെ സൃഷ്‌ടിക്കാന്‍ കഴിയും. ഉയര്‍ന്ന ഊര്‍ജ്ജസ്വലത, വളര്‍ച്ചാനിരക്ക്, ജീവനക്ഷമത പ്രത്യുല്‍പ്പാദനക്ഷമത എന്നിവ സങ്കര വര്‍ഗോല്‍പ്പാദനത്തിന്റെ ഗുണങ്ങളാണ്. നാലു പ്രത്യേക അടിസ്ഥാന ലൈനുകള്‍ അഥവാ സ്‌ട്രെയ്‌നുകള്‍ നിലനിര്‍ത്തി പ്രജനനം നടത്തിയാണ് ഇറച്ചിക്കോഴികളെയും ടര്‍ക്കികളെയും ഉല്‍പ്പാദിപ്പിക്കുന്നത്. ഈ രീതി തന്നെ താറാവുകളിലും പ്രയോഗിക്കാം. ഈ പ്രജനനരീതിയുടെ സംക്ഷിപ്‌തരൂപം താഴെ കൊടുക്കുന്നു.
ദ്വിമുഖസങ്കരം: പൂവന്മാര്‍ ഗുണമേന്മ സ്‌ട്രെയിനില്‍നിന്നും ഉദാ: ഐല്‍ബറി, പെക്കിന്‍ പിടകള്‍ ഉല്‍പ്പാദനഗുണമുള്ള സ്‌ട്രെയിന്‍, വൈറ്റ് പെക്കിന്‍, വൈറ്റ് ഡിക്കോയിന്‍ കമേഴ്‌സ്യല്‍ അടിസ്ഥാനത്തില്‍ വളര്‍ത്താനുള്ള കുഞ്ഞുങ്ങള്‍.
ത്രിമുഖസങ്കരം: പൂവന്മാര്‍ ഉല്‍പ്പാദനഗുണമുള്ള സ്‌ട്രെയിന്‍-എ പിടകള്‍ ഉല്‍പ്പാദനഗുണമുള്ള സ്‌ട്രെയിന്‍-ബി.
പൂവന്മാര്‍ ഗുണമേന്മ സ്‌ട്രെയിന്‍: സങ്കരപിടകളെ കമേഴ്‌സ്യല്‍ അടിസ്ഥാനത്തില്‍ താറാവിന്‍ കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
താറാവുകുഞ്ഞുങ്ങളെ തിരഞ്ഞെടുക്കാം.
പ്രജനനത്തിനായി ഇറച്ചിത്താറാവുകളെ തിരഞ്ഞെടുക്കുമ്പോള്‍ തീറ്റ പരിവര്‍ത്തനശേഷി കണക്കിലെടുക്കേണ്ടതുണ്ട്. എട്ടാഴ്‌ച പ്രായത്തിലാണ് ശരീരഭാരം നോക്കേണ്ടത്. അതുവരെ കൊടുത്ത തീറ്റയുടെ കണക്കും വേണം താറാവിന്റെ ഉടലിന്റെ ഉയരവും ഉദരാസ്ഥിയുടെ നീളവും പരിഗണിക്കണം.
ഉടലിന്റെ ഉയരം കണക്കാക്കുന്നത് താറാവിന്റെ മുതുകുഭാഗം മുതല്‍ ഉദരാസ്ഥിയുടെ അഗ്രം വരെയുള്ള ദൂരം കണക്കാക്കിയാണ്. നീളം വളരെ കുറഞ്ഞതോ കൂടിയതോ ആയ ഉദരാസ്ഥിനന്നല്ല. അംഗവൈകല്യം ഉള്ളതിനെയും വളരെ വ്യത്യസ്‌തമായ ശരീരമുള്ള താറാവുകളെയും ഒഴിവാക്കണം. ഇറച്ചിയുടെ നിറവും പ്രധാനപ്പെട്ടതാണ്. വെളുത്തനിറമുള്ള ഇറച്ചിയാണ് എല്ലാവര്‍ക്കും ഇഷ്‌ടം. മഞ്ഞനിറം ഉള്ളവയെ ഒഴിവാക്കണം.
താറാവുകളുടെ ലിംഗനിര്‍ണയം
3 രീതികളിലാണ് താറാവുകുഞ്ഞുങ്ങളില്‍ ലിംഗനിര്‍ണയം നടത്തുന്നത്.
1. അവസ്‌കര പരിശോധന: വിരിയിച്ചിറക്കുന്ന ദിവസംതന്നെ താറാവിന്‍ കുഞ്ഞുങ്ങളുടെ ശരീരത്തിലെ ഈര്‍പ്പം മാറിക്കഴിഞ്ഞാല്‍ അവസ്‌കരം പരിശോധിച്ച് ലിംഗനിര്‍ണയം നടത്താം. ഇടതുകൈയ്യില്‍ തല കീഴ്‌പോട്ടാക്കി തൂങ്ങിക്കിടത്തക്കവണ്ണം പിടിച്ച് വലതുകൈയ്യില്‍ തള്ള വിരലും ചൂണ്ടുവിരലും ഉപയോഗിച്ച് അവസ്‌കരം വികസിപ്പിച്ചെടുക്കാവുന്നതാണ്. ചെറിയ തോതില്‍ ഒന്നമര്‍ത്തിയാല്‍ ആണ്‍ലിംഗം തള്ളി നില്‍ക്കുന്നതുകാണാം. എന്നാല്‍ പിടകളില്‍ ഇതു കാണില്ല.
2. ശബ്‌ദം: 6-8 ആഴ്‌ച പ്രായമാകുമ്പോള്‍ പൂവനും പിടയും പുറപ്പെടുവിക്കുന്ന ശബ്‌ദത്തിന് സാരമായ വ്യത്യാസമുണ്ടാകും. പൂവന്‍ പൂര്‍ണമായ ഹോങ്ക് ശബ്‌ദം ഉണ്ടാക്കുമ്പോള്‍ പിടകള്‍ തൊണ്ടയില്‍ തങ്ങിനില്‍ക്കുന്നതുപോലെ ബെല്‍ച്ച് എന്ന ശബ്‌ദം പുറപ്പെടുവിക്കുന്നു.
3. തൂവലുകളുടെ ആകൃതി- പൂവന്മാര്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ച് തൂവലുകളെല്ലാം വന്നുകഴിയുമ്പോള്‍ വാലിലെ തൂവലുകള്‍ ചിലത് ചുരുണ്ടിരിക്കും. പിടകളില്‍ ഈ വ്യത്യാസം കാണുന്നില്ല. എന്നാല്‍ മസ്‌കോവിതാറാവുകളില്‍ ഈ പ്രത്യേകതകളില്ല. പ്രസ്‌തുത വര്‍ഗത്തിലെ പൂവന്മാര്‍ക്ക് പിടകളേക്കാള്‍ വലിപ്പം കാണും കൂടാതെ പൂവന്റെ തൂവലുകള്‍ക്ക് പിടയുടേതിനേക്കാളും നിറമായിരിക്കും.
കൂടുനിര്‍മാണം
തുറസ്സായ സ്ഥലത്ത് തുറന്നുവിട്ടു വളര്‍ത്തുന്നരീതിയില്‍, കൂടിന്റെ ആവശ്യമേ വരുന്നില്ല. രാത്രികാലങ്ങളില്‍ കുളക്കരയിലോ, പാടത്തോ പറമ്പിലോ 90-120 സെ.മീ. ഉയരത്തില്‍ വലകൊണ്ടോ മുളച്ചീളു കൊണ്ടോ ഉണ്ടാക്കിയ താല്‍ക്കാലിക വേലിക്കുകത്താണ് താറാവുകളെ ഇടാറുള്ളത്.
എന്നാല്‍ പകല്‍ തുറന്നു വിടുകയും രാത്രി കൂട്ടില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന രീതിയില്‍ കൂടു പണിയേണ്ട ആവശ്യമുണ്ട്. ഇതിനായി വില കുറഞ്ഞ മരങ്ങളും മറ്റും ഉപയോഗിച്ച് ചെറിയ രീതിയില്‍ കൂടുപണി ചെയ്‌താല്‍ മതി. 12 മീറ്റര്‍ നീളവും 6മീറ്റര്‍ വീതിയുമുള്ള ഷെഡ്ഡ് പണിയണം. 2.1 മീറ്റര്‍ മുന്‍ചുമരിനും 1.5 മീറ്റര്‍ പിന്‍ചുമരിനും ഉയരം വേണം. ഇത്തരം ഒരു കൂട്ടില്‍ 230-250 താറാവുകളെ വളര്‍ത്താം. ശക്തിയായ കാറ്റടിക്കുന്നത് ഒഴിവാക്കണം. താറാവുകള്‍ക്ക് ഉറങ്ങുന്നതിന് ഉണങ്ങിയ ലിറ്റര്‍ നല്‍കുകയും വേണം. തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും തുറന്നുവിടുന്ന സ്ഥലത്ത് വയ്‌ക്കുന്നതാണ് ഉത്തമം. നീന്താനുള്ള വെള്ളം കൊടുക്കുന്നത് ഉല്‍പ്പാദനം കൂട്ടില്ലെങ്കിലും ഉര്‍വരത കൂട്ടാന്‍ സഹായിക്കും. ഇതിനായി തുറന്ന സ്ഥലത്തിന്റെ മധ്യഭാഗത്തായി 90 സെ.മീ. വ്യാസവും 45 സെ.മീ. ആഴവുമുള്ള കോണ്‍ക്രീറ്റ് ടാങ്കുകള്‍ ഒരു മൂലയില്‍ ഉണ്ടാക്കിയാല്‍ 150-200 താറാവിനു മതിയാകും. കൂടുതല്‍ താറാവുകളെ ഒരു കൂട്ടില്‍ വളര്‍ത്തുന്നതിനെ അപേക്ഷിച്ച് 50-60 എണ്ണത്തിന്റെ പറ്റങ്ങളെ വളര്‍ത്തുമ്പോഴാണ് ഉല്‍പ്പാദനം കൂടുതലായി കാണപ്പെടുന്നത്.
പരിപാലനം
താറാവിന്‍ കുഞ്ഞുങ്ങളുടെ പരിപാലനം
താറാവിന്‍ കുഞ്ഞുങ്ങളെ ഇറച്ചിക്കും മുട്ടയ്‌ക്കും വേണ്ടി വളര്‍ത്തുമ്പോള്‍ പരിപാലനം ഒരുപോലെതന്നെയാണ്. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ കൊണ്ടു വന്നതിനുശേഷം ആദ്യമായി ചെയ്യേണ്ട പ്രവര്‍ത്തി അവയ്‌ക്ക് വെള്ളം കൊടുക്കുക എന്നതാണ്. ഓരോന്നിനെയായി കൈയ്യിലെടുത്ത് അവയുടെ ചുണ്ടുകള്‍ ഒരു സെക്കന്റ് നേരം വെള്ളത്തില്‍ മുക്കുക. മിക്കവാറും അവ വെള്ളം കുടിച്ചിരിക്കും. വെള്ളം കുടിച്ചശേഷം അവയെ ബ്രൂഡറുകളിലേക്ക് മാറ്റുക. ബ്രൂഡര്‍ 24 മണിക്കൂര്‍ മുമ്പുതന്നെ പ്രവര്‍ത്തിപ്പിച്ച് ഊഷ്‌മാവ് നിലനിറുത്തിയിരിക്കണം. ഇതു ചെയ്‌താല്‍ ലിറ്ററിലും തറയിലുമുള്ള ഈര്‍പ്പം മാറികിട്ടും.
താറാവുകുഞ്ഞുങ്ങള്‍ക്കും കോഴിക്കുഞ്ഞിനെപ്പോലെ വിരിഞ്ഞതു മുതല്‍ ചിറകുകള്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നതുവരെ കൃത്രിമച്ചൂട് നല്‍കേണ്ടത് ആവശ്യമാണ്. കുറച്ച് കുഞ്ഞുങ്ങളെയുള്ളുവെങ്കില്‍ അടക്കോഴികളെ ഉപയോഗിക്കാം. ഒരു അടകോഴിക്ക് 10-12 താറാവുകുഞ്ഞുങ്ങളുണ്ടെങ്കില്‍ കൃത്രിമച്ചൂട് നല്‍കണം. ഇവയ്‌ക്ക് ചൂടും ബ്രീഡിങ് സമയവും കോഴിക്കുഞ്ഞുങ്ങളെക്കാള്‍ കുറവുമതി. ആദ്യത്തെ ആഴ്‌ച 30 ഡിഗ്രി സെല്‍ഷ്യസ് ചൂടും മതിയാകും.
കാലാവസ്ഥയുടെ മാറ്റമനുസരിച്ച് ബ്രൂഡിങ് സമയം 2-4 ആഴ്‌ചവരെ വ്യത്യാസപ്പെട്ടിരിക്കും. വേനല്‍ക്കാലമാണെങ്കില്‍ 8-10 ദിവസം വരെ മതിയാകും.
ഡീപ്പ് ലിറ്റര്‍ രീതിയില്‍ ബ്രൂഡിങ്ങ് നടത്തുമ്പോള്‍ നിലം നന്നായി വൃത്തിയാക്കി അണുനശീകരണം ചെയ്യണം. അതിനുശേഷം 6-8 സെ.മീ. ഉയരത്തില്‍ ലിറ്റര്‍ വിരിക്കണം. ലിറ്റര്‍ തിരഞ്ഞെടുക്കുമ്പോള്‍ പൂപ്പല്‍ പിടിച്ചതല്ലെന്ന് ഉറപ്പാക്കണം. താറാവുകുഞ്ഞ് ഒന്നിന് 0.09 ച.മീ. എന്ന നിരക്കില്‍ ആദ്യത്തെ 2 ആഴ്‌ചവരെയും അതിനുശേഷം നാലാഴ്‌ചവരെ 0.19 മീറ്റര്‍ എന്ന നിരക്കലും സ്ഥലം നല്‍കണം. ചൂടു നല്‍കുവാന്‍ സാധാരണ ബള്‍ബ് ഘടിപ്പിച്ചു ഹോവറോ ഇന്‍ഫ്രാറെഡ് ബള്‍ബോ ഉപയോഗിക്കാം. 30-40 താറാവുകള്‍ക്ക് 250 വാട്ടിന്റെ ഒരു ഇന്‍ഫ്രാറെഡ് ബള്‍ബ് മതിയാകും. സാധാരണ ബള്‍ബാണ് ഉപയോഗിക്കുന്നതെങ്കില്‍ ആദ്യത്തെ ആഴ്‌ച 30-31 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉണ്ടായിരിക്കണം. അതിനുശേഷം ആഴ്‌ചയില്‍ 3 ഡിഗ്രി ചൂട് ഉണ്ടായിരിക്കണം. അതിനുശേഷം ആഴ്‌ചയില്‍ 3 ഡിഗ്രി സെല്‍ഷ്യസ് എന്ന നിരക്കില്‍ ചൂട് കുറയ്‌ക്കണം. ഹോവറിനുചുറ്റും തകിടുകൊണ്ടോ, കാര്‍ഡുബോര്‍ഡ് കൊണ്ടോ ചിക്ക്‌ഗാര്‍ഡ് വെക്കുന്നതു വഴി കുഞ്ഞുങ്ങള്‍ക്ക് പാകത്തിനു ചൂടു ലഭിക്കുന്നതാണ്.
ബ്രൂഡര്‍ ഹൗസിലേക്ക് താറാവുകുഞ്ഞുങ്ങളെ മാറ്റിയ ഉടനെതന്നെ ഇവയ്‌ക്ക് തീറ്റവും വെള്ളവും നല്‍കണം. വെള്ളപ്പാത്രത്തില്‍നിന്ന് വെള്ളം തുളുമ്പി ലിറ്റര്‍ നനയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുറിക്കകത്ത് ചാലില്‍കൂടി വെള്ളം നല്‍കുകയോ, ചാലിനു മുകളില്‍ കമ്പിവലവെച്ച് അതിനു മുകളില്‍ വെള്ളപ്പാത്രം വെക്കുകയും ചെയ്യണം. തീറ്റ നല്‍കിയ ഉടനെ വെള്ളം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ലിറ്റര്‍ പെട്ടെന്ന് നനഞ്ഞുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തറയ്‌ക്കു മുകളില്‍ 7-8 സെ.മീ. ഉയരത്തില്‍ 1.72-2 സെ.മീറ്റര്‍ വെല്‍ഡ് ചെയ്‌ത 8 ഗേജ് കൊണ്ടുള്ള കമ്പിവല ഘടിപ്പിച്ചും താറാവുകളെ വളര്‍ത്താം. ബാറ്ററി ബ്രൂഡര്‍ ഉപയോഗിച്ചും താറാവുകുഞ്ഞുങ്ങള്‍ക്ക് ചൂടുനല്‍കാം. 1 മുതല്‍ 3 തട്ടുകള്‍ വരെയുള്ള ബ്രൂഡറുകള്‍ ഉണ്ടാക്കാം. ലോഹം കൊണ്ടോ, ലോഹവും തടിയും ഉപയോഗിച്ചോ ബാറ്ററി ബ്രൂഡര്‍ ഉണ്ടാകാറുണ്ട്. ഓരോ നിരയിലും കമ്പിവല തറയും, കാഷ്‌ഠം വീഴുന്നതിന് അടി ഭാഗത്ത് ട്രേയും ഉണ്ടായിരിക്കണം. 120x 60x 50 സെ.മീ. അളവിലുള്ള ഒരു നിരയില്‍ 40 താറാവിന്‍ കുഞ്ഞുങ്ങളെ 10-14 ദിവസങ്ങള്‍ വരെ വളര്‍ത്താവുന്നതാണ്.
ബ്രീഡര്‍ താറാവുകളുടെ പരിപാലനം
കൊത്തുമുട്ട ഉല്‍പ്പാദിപ്പിക്കുവാന്‍ വേണ്ടിയാണ് ബ്രീഡര്‍ താറാവുകളെ വളര്‍ത്തുന്നത്. ഇവയുടെ പരിപാലനരീതി മുട്ടയിടുന്ന താറാവുകളുടേതുപോലെ തന്നെയാണ്. 6-8 ആഴ്‌ച പ്രായമാകുമ്പോള്‍ പൂവനെയും പിടയെയും തിരഞ്ഞെടുക്കണം. ശരീരം കൂടുതല്‍ വണ്ണം വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 6 മാസമാകുന്നതോടെ കൃത്രിമ വെളിച്ചം നല്‍കിയാല്‍ ഉല്‍പ്പാദനം തുടങ്ങും. നേരത്തേ കൃത്രിമ വെളിച്ചം നല്‍കിയാല്‍ വലിപ്പം കുറഞ്ഞ മുട്ട ഉല്‍പ്പാദിപ്പിക്കുകയും തന്മൂലം കുഞ്ഞുങ്ങളുടെ വലിപ്പം കുറയുകയും ചെയ്യും. കൃത്രിമവെളിച്ചം കൊടുത്ത് 14 ദിവസം കഴിഞ്ഞാല്‍ താറാവ് മുട്ടയിട്ടു തുടങ്ങും.
പിടത്താറാവിന് കൃത്രിമവെളിച്ചം നല്‍കുന്നതിനു 4-5 ആഴ്‌ച മുമ്പ് പൂവന് കൃത്രിമ വെളിച്ചം നല്‍കിത്തുടങ്ങണം. പൂവനു പിടയേക്കാള്‍ 4-5 ആഴ്‌ച പ്രായകൂടുതല്‍ വേണം. 6-8 പിടയ്‌ക്ക് ഒരു പൂവന്‍ എന്ന നിരക്കില്‍ വിടാം. വൈറ്റ് പെക്കിന്‍ താറാവുകള്‍ക്ക് ശരീരതൂക്കം കൂടുതലുള്ളതിനാല്‍ കൂടുതല്‍ പൂവന്മാര്‍ വേണം. തുറസ്സായ സ്ഥലത്ത് വിട്ടു വളര്‍ത്തുന്നവയ്‌ക്ക് നീന്താന്‍ ധാരാളം വെള്ളം കിട്ടുമെങ്കില്‍ 25 പിടകള്‍ക്ക് ഒരു പൂവന്‍ മതി.
ബ്രീഡര്‍ താറാവുകള്‍ കൂടുതല്‍ എണ്ണമുള്ള പറ്റത്തേക്കാള്‍ 110-150 എണ്ണമുള്ള പറ്റമായി വളര്‍ത്തുന്നതാണ് നല്ലത്. പ്രജനനത്തിനുപയോഗിക്കുന്ന പൂവനും പിടയ്‌ക്കും പൂര്‍ണ ആരോഗ്യം ഉണ്ടായിരിക്കത്തക്കവിധത്തില്‍ പോഷകസമൃദ്ധമായ തീറ്റ നല്‍കിയാലേ അടവയ്‌ക്കുന്നതിനു ധാരാളം മുട്ടകള്‍ ലഭിക്കുകയുള്ളു. നല്ല ആരോഗ്യമുള്ള താറാവില്‍നിന്നേ ഉര്‍വരതയുള്ളതും വിരിയിക്കാവുന്നതുമായ മുട്ടകള്‍ ലഭിക്കുകയുള്ളു. വിരിയിക്കാന്‍ മുട്ട ആവശ്യമുള്ളതിന് നാല് ആഴ്‌ചമുമ്പു മുതല്‍ പ്രജനനത്തീറ്റ കൊടുത്തു തുടങ്ങുന്നതാണ് ഏറ്റവും അനുയോജ്യം തീറ്റയുടെ അളവ്, താറാവിന്റെ ഇനം, തൂക്കം തീറ്റയുടെ തരം, മുട്ടയുല്‍പ്പാദനം, വളര്‍ത്തുന്ന രീതി എന്നിവയെ ആശ്രയിച്ചിരിക്കും. സാധാരണ ഇതിന്റെ അളവ് പ്രതിദിനം 170 മുതല്‍ 230 ഗ്രാം വരെയാണ്.
ചില അവസരങ്ങളില്‍ പ്രജനനത്തിനുള്ള താറാവുകള്‍ക്ക് ഹോള്‍ഡിങ് തീറ്റ നല്‍കേണ്ടിവരും. മുട്ടയിടാത്ത അവസരത്തില്‍ കൊടുക്കേണ്ട തീറ്റയാണിത്. ഇതില്‍ അസംസ്‌കൃത മാംസ്യത്തിന്റെയും കാല്‍സ്യത്തിന്റെയും അളവ് കുറച്ചുമതി.
ഇറച്ചിത്താറാവുകളുടെ പരിപാലനം
താറാവിറച്ചിക്ക് ഇന്ന് വന്‍ഡിമാന്റാണുള്ളത്. വിഗോവ, മസ്‌കോവി, വൈറ്റ് പെക്കിന്‍, ഐല്‍സ്‌ബറി എന്നീ ജനുസ്സുകളെയാണ് ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നത്. ഇതിനു പുറമേ ചില സങ്കരയിനങ്ങളെയും വളര്‍ത്തി വരുന്നു. ഇവ പെട്ടെന്നു വളരുന്നതും 7-8 ആഴ്‌ച പ്രായമാകുമ്പോള്‍ 2�-3� കി.ഗ്രാം തൂക്കം വയ്‌ക്കുന്നതും എല്ല് മൃദുവായതും നെഞ്ചില്‍ കൂടുതല്‍ മാംസം ഉള്ളതും ആയിരിക്കണം. ഇറച്ചിത്താറാവുകള്‍ പെട്ടെന്ന് വളരുന്നതായതിനാല്‍ കൂട്ടില്‍ നല്ല വായുസഞ്ചാരം വേണം. ഇറച്ചിത്താറുവകളെ പൂവനും പിടയും തിരിക്കാതെയാണ് വളര്‍ത്തുന്നത്. ഇവയ്‌ക്ക് ആദ്യത്തെ മൂന്നാഴ്‌ച സ്റ്റാര്‍ട്ടര്‍ തീറ്റയും തുടര്‍ന്ന് 8 ആഴ്‌ചവരെ ഫിനിഷര്‍ തീറ്റയും നല്‍കാന്‍ ശ്രദ്ധിക്കണം. സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ 22 ശതമാനവും ഫിനിഷര്‍ തീറ്റയില്‍ 18 ശതമാനവും മാംസ്യമുണ്ടായിരിക്കണം. ഉദാഹരണം ഡക്ക് ബ്രോയില്‍ തീറ്റ.
ബ്രൂഡിങ്-കുട്ടനാടന്‍ രീതി
കുട്ടനാടന്‍ പ്രദേശങ്ങളില്‍ കര്‍ഷകര്‍ ബ്രൂഡിങ് നടത്താറില്ല. ഒരു ദിവസം പ്രായമായ താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് 1 മാസം വരെ കോഴിത്തീറ്റ, ചോറ്, തവിട്, ചോളം, ഉണക്ക മല്‍സ്യം എന്നിവ കലര്‍ത്തിയ തീറ്റക്കൊടുക്കുന്നതാണ് ഇവരുടെ രീതി. ഓലയോ, പ്ലാസ്റ്റിക് ഷീറ്റോ മേഞ്ഞ ഷെഡ്ഡിന്റെ തറയില്‍ ഉണങ്ങിയ മണല്‍ വിരിച്ച് പ്രത്യേകമായി ചൂടൊന്നും നല്‍കാതെ വളര്‍ത്തി വരുന്നതായാണ് കാണുന്നത്.
രണ്ടാം ദിവസം തൊട്ട് ചോറും നാളികേരം ചിരവിയതും 3:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് ഒരാഴ്‌ച നല്‍കും. അതിനുശേഷം നാളികേരത്തിന്റെ അളവുകുറച്ച് മീന്‍പൊടിയോ ഉണക്കമല്‍സ്യമോ ചേര്‍ക്കും. ഒരു മാസം പ്രായമായാല്‍ ഇവയെ പാടശേഖരത്തിലേക്ക് മേയാന്‍ വിടും. ആദ്യത്തെ ആഴ്‌ചപ്രത്യേകം മരുന്നു ചേര്‍ത്ത വെള്ളമാണ് നല്‍കുന്നത്. വയമ്പ്, കുരുമുളക്, മഞ്ഞള്‍, കരിപ്പൊടി എന്നിവ ചേര്‍ത്താണ് വെള്ളം നല്‍കുക. ഒരു യൂണിറ്റില്‍ 2000 മുതല്‍ 6000 വരെ താറാവിന്‍ കുഞ്ഞുങ്ങളുണ്ടാകും. കൂടിനോട് ചേര്‍ന്നുള്ള മുന്‍വശത്ത് തുറന്നസ്ഥലത്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ചാണ് തീറ്റകൊടുക്കുന്നത്.
താറാവുകള്‍ക്ക് ദിവസവും മൂന്നുനേരമാണ് വെള്ളം കൊടുക്കുന്നത്. ഇതിനായി പ്ലാസ്റ്റിക് ബേസിനുകളാണ് ഉപയോഗിക്കുന്നത്. ചില കര്‍ഷകര്‍ ആന്റിബയോട്ടിക്കുകള്‍ വെള്ളത്തില്‍ കലക്കികൊടുക്കം. ഓറിയോമൈസിന്‍ എന്ന മരുന്നാണ് ഇതിനായി ഉപയോഗിക്കുന്നത്.
രണ്ട് ആഴ്‌ചക്കുശേഷം ഇവയെ കൂട്ടത്തോടെ കുളത്തിലോ തോട്ടിലോ നീന്താന്‍ വിടും. ദിവസം അര മണിക്കൂര്‍ വീതമാണ് വിടുക. പിന്നീട് ഇതിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച് ഒരു മാസം കഴിയുമ്പോഴേക്കും ഒരു ഭക്ഷണ സമയം മുതല്‍ അടുത്ത ഭക്ഷണസമയം വരെ വെള്ളത്തില്‍തന്നെ കഴിയുവാന്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാം. ചിലപ്പോള്‍ കര്‍ഷകര്‍ ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ഞാറ്റടിയില്‍ കയറ്റാറുണ്ട്. പാടത്തെ കീടങ്ങളുടെ ജൈവനിയന്ത്രണത്തിനുതകുന്ന പരിപാടിയാണിത്. ഇക്കാലത്ത് കുഞ്ഞുങ്ങളും മരണനിരക്ക് കുറവായിരിക്കും.
നാലാഴ്‌ചകള്‍ക്കുശേഷം താറാവുകുഞ്ഞുങ്ങളെ കൊയ്‌ത് ഒഴിഞ്ഞപാടങ്ങളില്‍ വിടുകയായി. 2-3 സെ.മീ. വരെ ആഴത്തില്‍ വെള്ളമുള്ള പാടങ്ങളില്‍ ഇവയെ ഇറക്കും. ജലോപരിതലത്തിലെ ജീവികളെ തിന്നാനുള്ള പരിശീലന കാലമാണിത്. കൊഴിഞ്ഞുകിടക്കുന്ന നെല്‍വിത്തുകളും മല്‍സ്യക്കുഞ്ഞുങ്ങളും ചെറിയ ഒച്ചുകളും ഇവയുടെ ഭക്ഷണമാകും. ഈ സമയത്ത് കരയില്‍ നിന്നുതന്നെ തീറ്റകൊടുക്കുന്നത് നിര്‍ത്തും. എന്നാല്‍ വയലില്‍ തീറ്റ വളരെ കുറവാണെങ്കില്‍ ഉണക്കമല്‍സ്യവും ചെമ്മീന്‍ പൊടികളും നല്‍കാറുണ്ട്.
മുട്ടയിടുന്ന താറാവുകളുടെ പരിപാലനം
ഇവയെ മൂന്നു രീതിയില്‍ വളര്‍ത്താം:
1. തുറസ്സായ സ്ഥലത്ത് തുറന്നുവിട്ട് വളര്‍ത്തുക
2. രാത്രിയില്‍ വിശ്രമിക്കാന്‍ ഷെഡ്ഡും പകല്‍തുറന്ന സ്ഥലത്തും വിടുന്നരീതി
3. ഡിപ്പ് ലിറ്റര്‍രീതി
താറാവുകള്‍ 5-6 മാസം പ്രായമാകുമ്പോള്‍ മുട്ടയിടാന്‍ തുടങ്ങും. എന്നാല്‍ ഇറച്ചിത്താറാവിനങ്ങള്‍ കുറച്ചുകൂടി താമസിച്ചേ മുട്ടയിടൂ. ശുചിയായ മുട്ട ലഭിക്കുന്നതിനു മുട്ടയിട്ടു തുടങ്ങുന്നതിന് ഒരു മാസം മുമ്പേ കൂട്ടില്‍ നെസ്റ്റ് ബോക്‌സ് വെക്കേണ്ടതാണ്. ഇതിനായി പഴയ ടിന്നോ, വീഞ്ഞപ്പെട്ടിയോ മതിയാകും. ഇതില്‍ ഈര്‍പ്പമില്ലാത്ത വൈക്കോല്‍ നുറുക്കിയതോ, അറക്കപ്പൊടിയോ ഇടണം. 30x45 x30 സെ.മീ. വലിപ്പമുള്ള ഒരു പെട്ടി മൂന്നു താറാവുകള്‍ക്ക് മതിയാകും. ഈ പെട്ടിയിലെ ലിറ്റര്‍ ഇടയ്‌ക്കിടക്ക് മാറ്റേണ്ടതാണ്.
കൃത്രിമവെളിച്ചം നല്‍കിയാല്‍ കോഴികളെപ്പോലെ താറാവുകളും കൂടുതല്‍ മുട്ടയിടും. ശരിക്കുള്ള ശരീരവളര്‍ച്ചയെത്തിയശേഷമേ മുട്ടയിടാനായി കൃത്രിമ വെളിച്ചം നല്‍കാവൂ. അല്ലെങ്കില്‍ താറാവുകള്‍ നേരത്തെ പ്രായപൂര്‍ത്തിയെത്തുകയും മുട്ടയിടാന്‍ തുടങ്ങുകയും ചെയ്യും. ഇങ്ങനെയായാല്‍ മുട്ടകള്‍ ചെറുതായിപ്പോകും. ദിവസവും 14 മണിക്കൂര്‍ വെളിച്ചം നല്‍കണം. ഇതിനായി 200 ചതുരശ്ര അടി സ്ഥലത്ത് 40 വാട്ടിന്റെ 1 ബള്‍ബ് മതി. മുട്ടയിട്ട് 5-6 ആഴ്‌ചയാകുമ്പോള്‍ ഇവ പരമാവധി ഉല്‍പ്പാദനത്തിലെത്തും. പിന്നീട് 7 മാസം കഴിഞ്ഞ് വീണ്ടും മുട്ടയുല്‍പ്പാദനം കൂടുന്നത് താറാവുകളുടെ ഒരു പ്രത്യേകമാണ്.
മുട്ടയിടുന്ന താറാവിനു സമീകൃതാഹാരം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഊര്‍ജ്ജം മാംസ്യം, കാല്‍സ്യം എന്നിവ ആവശ്യമായ തോതില്‍ തീറ്റയിലടങ്ങിയിരിക്കണം. വയലില്‍ മേഞ്ഞു വളര്‍ന്നവ ഒച്ച്, പ്രാണി, നെല്ല്, പുല്ല് എന്നിവ ഭക്ഷിച്ച് ഒരുപരിധിവരെ ഭക്ഷണത്തിന്റെ ആവശ്യകത നിറവേറ്റും. എന്നാല്‍ ഡിപ്പ് ലിറ്റര്‍ രീതിയിലോ കേജ് രീതിയിലോ വളര്‍ത്തുന്നവയ്‌ക്ക് പ്രത്യേകം നല്‍കണം. മല്‍സ്യവും ആവശ്യത്തിനു നല്‍കിയില്ലെങ്കില്‍ മുട്ടയുടെ വലിപ്പവും ശരീരതൂക്കവും കുറയും. തൂവല്‍ പൊഴിക്കല്‍ നേരത്തേ ആവുകയും ചെയ്യും.
താറാവുകള്‍ക്ക് കൃത്യമായ അളവിലും സമയത്തും തീറ്റ നല്‍കണം. ഇവയ്‌ക്ക് രാവിലെയും വൈകിട്ടും തീറ്റ നല്‍കിയാല്‍ മതി. 10 മിനിട്ട് സമയം കൊണ്ട് തീറ്റ മുഴുവനും തിന്നു തീര്‍ക്കുകയാണെങ്കില്‍ താറാവിന് ആവശ്യമുള്ള തീറ്റ ഉണ്ടെന്ന് അനുമാനിക്കാം.
ശരിയായ തീറ്റ നല്‍കാതിരിക്കുക, ആവശ്യത്തിനുള്ള വെള്ളം കൊടുക്കാതിരിക്കുക, കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ താറാവുകളെ വളര്‍ത്തുക എന്നിവമൂലം താറാവുകള്‍ തൂവല്‍ കൊത്തിപ്പറിക്കാന്‍ കാരണമാകും. തീറ്റയില്‍ പെട്ടെന്നു മാറ്റം വരുത്തുകയോ പുതിയ ചുറ്റുപാടില്‍ വളര്‍ത്തുകയോ ചെയ്യുമ്പോള്‍ താറാവുകള്‍ തൂവല്‍ പൊഴിക്കാന്‍ തുടങ്ങും. കൂടാതെ താറാവുകള്‍ക്കു പെട്ടെന്ന് സംഭ്രാന്തി ഉണ്ടായാലും തൂവല്‍ പൊഴിക്കാന്‍ തുടങ്ങും.
വളരുന്ന താറാവുകളുടെ പരിപാലനം കുട്ടനാടന്‍ രീതി
ഒരു മാസം മുതല്‍ അഞ്ച് മാസം വരെയുള്ള കാലഘട്ടമാണ്. വളരുന്ന പ്രായം. മുട്ടയുല്‍പ്പാദനം തുടങ്ങുന്നതുവരെയുള്ള ഈ പ്രായത്തില്‍ താറാവുകള്‍ രാത്രിയും പകലും കനാലുകളിലൂടെ നീന്തിതുടിക്കുന്നു. അതുകൊണ്ടു തന്നെ ഇവ മിക്ക സമയത്തും പാടത്തും തീരത്തുമായി കഴിച്ചു കൂട്ടുന്നു. ചിറകുകള്‍ മുളയ്‌ക്കുന്ന പ്രായമായതുകൊണ്ട് കൂട്ടമായി കൂട്ടിലാക്കുകയില്ല. മൂന്നാം മാസം മുതല്‍ ഇവ നന്നായി നീന്താന്‍ തുടങ്ങും. അപ്പോള്‍ ഇവയെ ആഴമുള്ള പുഴകളിലോ തോടുകളിലോ വയലുകളിലോ മേയാനിറക്കും. ഈ പ്രായത്തില്‍ നല്ല ആണ്‍താറാവുകളെ മാത്രം നിര്‍ത്തി ബാക്കി പൂവനെ വിറ്റുകളയുന്ന കര്‍ഷകരുണ്ട്.
ഇത്തരം ആണ്‍താറാവുകളെ കൂട്ടമായി കൊണ്ടു നടന്ന് ഇറച്ചിക്കായി വില്‍ക്കുന്നത് സ്ഥിരം കാഴ്‌ചയാണ്. പെണ്‍ താറാവുകള്‍ 135-140 ദിവസം പ്രായമായാല്‍ മുട്ടയിട്ടു തുടങ്ങും. എന്നാല്‍ തീറ്റയുടെ ലഭ്യതയനുസരിച്ച് ഇതില്‍ വ്യത്യാസം വരാം.
മുട്ടത്താറാവുകളുടെ പരിപാലനം: കുട്ടനാടന്‍ രീതി
അതിരാവിലെ 3-4 മണിയോടുകൂടിയാണ് താറാവുകള്‍ ഏറിയതോതും മുട്ടയിടുക. അര്‍ദ്ധരാത്രി മുതല്‍ മുട്ടയിട്ടു തുടങ്ങും. രാവിലെ 5-6 മണിയോടെ മുട്ടയിടല്‍ അവസാനിക്കുകയും ചെയ്യും.
വൃത്താകൃതിയില്‍ അടിച്ചുറപ്പിച്ചു നൈലോണ്‍ വലയത്തിനുള്ളിലെ പരിധിക്ക് സമീപമായിരിക്കും മുട്ടകളിക. ഈപ്രയോഗം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ചില കര്‍ഷകര്‍ ഇരട്ട വലയങ്ങളുള്ള സങ്കേതകങ്ങള്‍ ഒരുക്കാറുണ്ട്. ഒന്നിന് ചുറ്റുമായി മറ്റൊന്ന് എന്ന കണക്കില്‍ വൃത്താകാരത്തിലുള്ള വലയങ്ങളാണിവ. അകത്തെ വേലിക്കകത്തായിരിക്കും രാത്രി മുഴുവന്‍ താറാവുകള്‍. രാവിലെ ഈ വേലി എടുത്തു മാറ്റിക്കൊടുക്കും. രാത്രിയില്‍ കാഷ്‌ഠവും മറ്റും വീണ് വൃത്തികേടായ കേന്ദ്രവൃത്തം വിട്ട താറാവുകള്‍ പുറം വൃത്തങ്ങളിലേക്ക് കടക്കും. ഇവിടെയിടുന്ന മുട്ടകള്‍ കാഷ്‌ഠം പുരളാതെ വൃത്തിയുള്ളവയായിരിക്കും.
രാവിലെ 5.30 ഓടെ കര്‍ഷകര്‍ മുട്ടശേഖരണം പൂര്‍ത്തിയാക്കുന്നു. മുട്ട കഴുകാതെ കുട്ടകളിലാക്കും. സൂര്യപ്രകാശമേല്‍ക്കാതെ മുട്ടശേഖരിക്കുന്നത് മുട്ട കേടുകൂടാതെയിരിക്കാനും നന്നായി വിരിയിക്കാനും സഹായിക്കുമെന്ന് കര്‍ഷകര്‍ മനസിലാക്കിയിട്ടുണ്ട്. മുട്ട ശേഖരിച്ചയുടനെ 6.30 മണിയോടു കൂടി താറാവുകളെ നീന്താന്‍ വിടുകയാണ് പതിവ്. വെള്ളത്തില്‍ തുഴഞ്ഞും മറിഞ്ഞും മുങ്ങിയും പൊങ്ങിയും വെള്ളത്തിലൂടെ നീന്തുന്ന താറാവുകള്‍ക്ക് ചെറുജീവികളെ പ്രാതലായി ലഭിക്കും. ഏകദേശം 1.30 മണിക്കൂര്‍ നീന്തിയശേഷം ഇവയെ പാടത്തെത്തിക്കുന്നു. രാവിലെ 11.30 വരെ അവയെ കരയ്‌ക്കുകയറ്റി വിശ്രമിക്കാനനുവദിക്കും. ഏതെങ്കിലും മരത്തിന്റെ തണലിലായിരിക്കും വിശ്രമം. വൈകിട്ട് 3.30 തോടുകൂടി വീണ്ടും പാടത്തേക്കിറങ്ങുകയായി. വൈകിട്ട് 5.30-6 മണിവരെ പാടത്തുതന്നെ മേയാന്‍ അനുവദിക്കും. പാടങ്ങളില്‍ തീറ്റ കുറവാണെന്നു കണ്ടാലും അതുമൂലം മുട്ടയുല്‍പ്പാദനം കുറഞ്ഞാലും മറ്റു ഭാഗങ്ങളിലേക്ക് നീന്തിത്തുടങ്ങും.
സന്ധ്യയ്‌ക്ക് 6.30 ഓടു കൂടി കരയ്‌ക്കെത്തുന്ന താറാവുകള്‍ വളരെ ക്ഷീണിതരായിരിക്കും. കരയില്‍വച്ച് ഇവയ്‌ക്ക് കക്കത്തുണ്ടുകള്‍ (ഷെല്‍ഗ്രിറ്റ്) കൊടുക്കും. മുട്ടയുല്‍പ്പാദനത്തിനും മുട്ടത്തോടിന്റെ ഉറപ്പിനും ഇത് അത്യാവശ്യമാണ്. വൈകിട്ട് ഇവയ്‌ക്ക് ഒരു സന്ധ്യാ സ്‌നാനം കൂടുകൊടുത്തു. ഇതിനായി അടുത്ത കുളങ്ങള്‍/പുഴകള്‍/തോടുകള്‍ എന്നിവയിലേക്ക് ഇറക്കും. ശരീരം വൃത്തിയാക്കലാണ് കുളിയുടെ പ്രത്യേകത. അര മണിക്കൂറിനകം കുളികഴിഞ്ഞ് കരയ്‌ക്കെത്തുന്ന ഇവയുടെ പ്രധാന പ്രവൃത്തി തൂവല്‍ ഉണക്കലാണ്. തൂവലുകള്‍ ചുണ്ടുകള്‍കൊണ്ട് കോതിമിനുക്കിയും ശരീരം കുടഞ്ഞും ശരീരമുണക്കും പിന്നീടവ പൂര്‍ണ വിശ്രമത്തിലായിരിക്കും.
മുട്ടശേഖരണം
ആരോഗ്യമുള്ള താറാവുകള്‍ക്ക് നല്ല പരിപാലനം കൊടുത്താല്‍ ആദ്യവര്‍ഷം 250-320 മുട്ടകള്‍ വരെ ലഭിക്കും. തൂവല്‍പൊഴിക്കല്‍ 5-6 ആഴ്‌ച നിയന്ത്രിച്ചു നിര്‍ത്തിയാല്‍ രണ്ടാംവര്‍ഷം മുട്ടയുല്‍പ്പാദനത്തില്‍ 25 ശതമാനം മാത്രമേ കുറയുകയുള്ളൂ.
താറാവു മുട്ട വളരെ സൂക്ഷ്‌മതയോടെ വേണം കൈകാര്യം ചെയ്യേണ്ടത്. താറാമുട്ടത്തോടിലെ സുക്ഷിരങ്ങള്‍ വലുതായാല്‍ മുട്ടക്കകത്തെ അണുബാധ എളുപ്പമാണ്. താറാവുമുട്ട 12 ദിവസത്തിനകം ഭക്ഷിക്കണം. ഒരാഴ്‌ച കഴിഞ്ഞാല്‍ മുട്ട വില്‍ക്കാനും പാടില്ല. മുട്ടകള്‍ രാവിലെ 9 മണികഴിഞ്ഞ് ശേഖരിക്കുകയും അന്നത്തെ തീയതി മുട്ടത്തോടില്‍ രേഖപ്പെടുത്തുകയും വേണം. മുട്ട ശേഖരിക്കുന്ന ട്രേയ്‌ക്കകത്ത് അല്‍പം വൈക്കോല്‍ വിരിച്ചിരിക്കണം. താറാവുകളെ പരിഭ്രാന്തരാക്കാതെ വേണം മുട്ട ശേഖരിക്കാന്‍. കൂര്‍ത്തവശം താഴേക്കാക്കി വേണം മുട്ടകള്‍ വെക്കേണ്ടത്. ഉള്ളി, മല്‍സ്യം തുടങ്ങിയ തീക്ഷ്‌ണഗന്ധമുള്ള വസ്‌തുക്കള്‍ മുട്ടയ്‌ക്കു സമീപം വെക്കരുത്. വൃത്തിയുള്ള മുട്ടകള്‍ ശേഖരിച്ചയുടനെ റെഫ്രിജറേറ്ററില്‍ വച്ചാല്‍ 10 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം. സോഡിയം സിലിക്കേറ്റ് (വാട്ടര്‍ഗ്ലാസ്) ലായനിയില്‍ മുക്കിയും മുട്ട സൂക്ഷിച്ചുവെക്കാം. ഇവ മുട്ടത്തോടിലെ സുഷിരങ്ങള്‍ അടച്ച് ഉള്ളില്‍നിന്നും വായു പുറത്തേക്ക് പോകാതെയും പുറമേനിന്ന് അണുജീവികള്‍ ഉള്ളില്‍ കയറാതെയും ഭദ്രമായി അടയ്‌ക്കണം. ഇത്തരം മുട്ടകള്‍ ഉപ്പുവെള്ളത്തിന്‍ കഴുകിയശേഷം ഉപയോഗിക്കണം.
മുട്ടയുടെ ഗുണവും ന്യൂനതകളും
മൃദുവായ തോട്: മുട്ടകള്‍ ഇട്ടു തുടങ്ങുന്ന ആദ്യകാലങ്ങളിലാണ് ഇതുണ്ടാകുന്നത്. ഉല്‍പ്പാനകാലത്തിന്റെ അവസാന സമയങ്ങളിലും ഇത് കാണപ്പെടുന്നു. ഈ ന്യൂനത തുടര്‍ന്നു നില്‍ക്കുകയാണെങ്കില്‍ താറാവിന്റെ തീറ്റയില്‍ ഷെല്‍ഗ്രിറ്റ് (കക്ക)പൊടിച്ചത് ചേര്‍ക്കണം.
പൊട്ടലുകള്‍: മുട്ടുകള്‍ പൊട്ടുന്നത് തെറ്റായ പരിപാലനരീതികള്‍ മൂലമാണ്. ശേഖരിക്കുന്ന സമയത്ത് വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക. കൂടുകളില്‍ വേണ്ടത്ര വിരിപ്പില്ലാതിരിക്കുക, മുട്ടകള്‍ ശേഖരിക്കുന്ന സമയത്ത് താറാവുകള്‍ പേടിക്കാനിടയാകുക എന്നീ കാരണങ്ങളാണ് മുട്ടകള്‍ പൊട്ടുന്നത്. വളരെ അപൂര്‍വമായേ താറാവുകള്‍ പൊട്ടിയ മുട്ട ഇടാറുള്ളു.
ശരിയായ ആകൃതി ഇല്ലാത്തവ
തോടിന്റെ വശങ്ങള്‍ നിരപ്പായിരിക്കുക, ഉന്തിയിരിക്കുക, വരകളുള്ളതോ പരുപരുത്തതോ ആയിരിക്കുക എന്നിവ കാര്യമായ ന്യൂനതകളില്ല. എങ്കിലും ഇവ വിരിയിക്കാന്‍ എടുക്കാറില്ല. ഇത്തരം മുട്ടകള്‍ ഭക്ഷ്യയോഗ്യമാണ്.
പടരുന്ന വെള്ളക്കരു: മുട്ട പഴകിയതയാലും ഉയര്‍ന്ന ചൂടില്‍ സൂക്ഷിച്ചാലും പൊട്ടിച്ചൊഴിക്കുമ്പോള്‍ വെള്ളക്കരു പത്രത്തിലുടനീളം പടരും. പടക്കമില്ലാത്ത മുട്ടയിലെ മഞ്ഞക്കരു വ്യക്തമായി ഉയര്‍ന്നു നില്‍ക്കുകയും വെള്ളക്കരു അതിനുചുറ്റും ഒരു വൃത്തമായി വിന്യസിക്കുകയും ചെയ്യും. പച്ചപ്പുല്ലും ഇലകളും തീറ്റയില്‍ ഉള്‍പ്പെടുത്താതിരുനാല്‍ മഞ്ഞക്കരു വിളറിയ പോലെയിരിക്കും.
മീറ്റ്‌സ്‌പോട്ട് (ബ്ലെഡ് സ്‌പോട്ട്)
ഇതില്‍ മഞ്ഞക്കരുവിന്റെ അരികുചേര്‍ത്ത് രക്തത്തിന്റെ പാടുപോലെയോ, പൊട്ടുപോലെയോ കാണപ്പെടുന്നു. മുട്ടയുടെ രൂപീകരണസമയത്തുള്ള നേരിയ രക്തസ്രാവം മൂലമോ കോശങ്ങള്‍ പൊട്ടുന്നതുമൂലമോ ആണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരം മുട്ടകള്‍ വിരിയാനെടുക്കുകയില്ലെങ്കിലും ഭക്ഷ്യയോഗ്യമാണ്. ഇതു വെളിച്ചത്തിന്റെ സഹായത്തോടെ കണ്ടുപിടിക്കുന്ന രീതിയാണ് കാന്റിലിങ്. ഇതിനായി 10 x10 ഇഞ്ച് വലിപ്പത്തിലുള്ള ഒരു പെട്ടിയില്‍ 60 വാട്ടിന്റെ ഒരു ബള്‍ബ് പിടിപ്പിക്കുക. പെട്ടിയുടെ ഒരു വശത്ത് ഒരു ഇഞ്ച് വ്യാസത്തില്‍ ഒരു ദ്വാരവും വേണം. വെളിച്ചം വരുന്ന ദ്വാരത്തിനു നേരെ ചെറുതായി വീതി കൂടിയ ഭാഗം മുകള്‍ഭാഗത്താക്കിപ്പിടിച്ച് അതിന്റെ അച്ചുതണ്ട് സങ്കല്‍പ്പിച്ച് തിരിക്കുക. പുതിയ മുട്ടയിലെ വായു അറയ്‌ക്ക് കാല്‍ ഇഞ്ച് താഴ്‌ചയുണ്ടായിരിക്കും. മുട്ട തിരിക്കുമ്പോഴും മഞ്ഞക്കരു വെള്ളക്കരുവിനുള്ളില്‍ ചലിക്കുന്നതായി കാണാം. പഴകിയ മുട്ടകളില്‍ വായു അറ കൂടുതല്‍ താഴ്‌ചയില്‍ കാണുകയും മുട്ട തിരിക്കുകയും മഞ്ഞക്കരു വെള്ളക്കരുവിനുള്ളില്‍ ചലിക്കുന്നതായും കാണാം.
താറാവുകളുടെ തീറ്റക്രമം
താറാവുകളുടെ തീറ്റയിലെ പോഷകങ്ങളുടെ ആവശ്യകത കോഴികളുടേതു പോലെതന്നെയാണെങ്കിലും ഇവ തമ്മില്‍ നേരിയ വ്യത്യാസമുണ്ട്. താറാവുകള്‍ക്ക് ആദ്യത്തെ രണ്ടാഴ്‌ചത്തെ വളര്‍ച്ച കോഴികുഞ്ഞുങ്ങളേക്കാള്‍ ഇരട്ടിയാണ്.
പൊടിരൂപത്തിലുള്ള തീറ്റയും ഗുളികരൂപത്തിലുള്ള തീറ്റയും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഗുളിക രൂപത്തിലുള്ള തീറ്റ നല്‍കുന്നതാണ് ഉത്തമം. ഇതു കൊടുക്കുമ്പോള്‍ ജോലി ഭാരം കുറയുന്നു. വളര്‍ച്ചാനിരക്ക് കൂടുന്നു. കൂടാതെ തീറ്റ പാഴായിപ്പോകുന്നതു കുറയുകയും ചെയ്യും. പൊടിത്തീറ്റ നനച്ചു കൊടുക്കുമ്പോള്‍ പൂപ്പല്‍ പിടിക്കാനും സാധ്യതയുണ്ട്.
കുഞ്ഞുങ്ങള്‍ വിരിഞ്ഞ് 36 മണിക്കൂര്‍ കഴിഞ്ഞാല്‍ തീറ്റ നല്‍കിത്തുടങ്ങണം. 3 ആഴ്‌ച പ്രായമായാല്‍ ദിവസവും 4-5 തവണ തീറ്റ നല്‍കണം. ഒരിക്കല്‍ നല്‍കുന്ന തീറ്റ 10 മിനിറ്റ് തിന്നാനുള്ളതാവണം. 3 ആഴ്‌ചക്കുശേഷം ദിവസത്തില്‍ 3 പ്രാവശ്യം തീറ്റ നല്‍കേണ്ടതുണ്ട്. നനച്ച തീറ്റ നല്‍കുമ്പോള്‍ ബാക്കി വന്ന തീറ്റ ശേഷിക്കാതെ പാത്രം വൃത്തിയാക്കണം. തീറ്റ നനയ്‌ക്കുമ്പോള്‍ അധികം വെള്ളം ചേര്‍ക്കാതെ നോക്കണം. കൈകൊണ്ടമര്‍ത്തിയാല്‍ കട്ടയാകുന്ന പാകത്തിനുമാത്രമേ നനയ്‌ക്കാന്‍ പാടുള്ളു. താറാവുകുഞ്ഞുങ്ങള്‍ക്ക് ഗുളികരൂപത്തിലുള്ള തീറ്റയ്‌ക്ക് 3.2 മീറ്ററും വലുതിന് 4.6 മി.മീറ്ററും വലിപ്പം ഉണ്ടായിരിക്കണം.
മുട്ടയിടുന്ന താറാവ് കൊല്ലത്തില്‍ ഏകദേശം 56-60 കി.ഗ്രാം തീറ്റതിന്നും. എന്നാല്‍ ഒരു കോഴിക്ക് വര്‍ഷത്തില്‍ 36-40 കി.ഗ്രാം തീറ്റ മതിയാകും. കോഴിയേക്കാള്‍ 25% കൂടുതല്‍ തീറ്റ താറാവിന് വേണമെന്നര്‍ത്ഥം. ഒരു ഡസന്‍ മുട്ടയിടുന്നതിന് താറാവിന് 3 കി.ഗ്രാം തീറ്റവേണ്ടി വരും.
താറാവുകള്‍ക്ക് മൂന്നുതരത്തിലുള്ള തീറ്റകള്‍ ലഭ്യമാണ്. സ്റ്റാര്‍ട്ടര്‍, ഗ്രോവര്‍, ലെയര്‍ എന്നിവയാണിവ. ആദ്യത്തെ നാല് ആഴ്‌ചവരെ കൊടുക്കുന്ന തീറ്റയാണ് സ്റ്റാര്‍ട്ടര്‍. 4 മുതല്‍ 16 ആഴ്‌ചവരെ കൊടുക്കുന്ന തീറ്റയാണ് ഗ്രോവര്‍. 16 ആഴ്‌ചയ്‌ക്കുശേഷം ലെയര്‍ തീറ്റയുമാണ് കൊടുക്കേണ്ടത്.
കോഴിത്തീറ്റയില്‍ മാംസ്യത്തിനായി കടലപ്പിണ്ണാക്ക് ചേര്‍ക്കാറുണ്ട്. എന്നാല്‍ താറാവു തീറ്റയില്‍ കടലപ്പിണ്ണാക്ക് ചേര്‍ക്കുന്നത് അപകടം ചെയ്യും. കടലപ്പിണ്ണാക്കില്‍ വളരുന്ന പൂപ്പല്‍ താറാവുകളില്‍ പൂപ്പല്‍ വിഷബാധയുണ്ടാക്കും. കാക്കിക്യാബല്‍ ഇനം താറാവുകള്‍ക്ക് ഈ വിഷബാധ വളരെ മാരകമാണ്. കടലപ്പിണ്ണാക്കിനു പകരമായി എള്ളിന്‍ പിണ്ണാക്കോ തേങ്ങാപ്പിണ്ണാക്കോ ഉപയോഗിക്കാം. താറാവിന്‍ തീറ്റയില്‍ ജന്തുജന്യ മാംസ്യവും അടങ്ങിയിരിക്കണം. അതിനാല്‍ ഉപ്പിടാത്ത ഉണക്കമല്‍സ്യം ചേര്‍ത്താല്‍ മതി. താറാവിന്റെ തീറ്റയില്‍ ലവണങ്ങളും കൃത്യമായും അടങ്ങിയിരിക്കണം. കാല്‍സ്യം ഫോസ്‌ഫറസ്, ഉപ്പ്, അയഡിന്‍, മാംഗനീസ്, സിങ്ക് എന്നീ മൂലകങ്ങള്‍ തീറ്റയില്‍ പ്രത്യേകം ചേര്‍ക്കേണ്ടതാണ്. ശരിയായ വളര്‍ച്ചയ്‌ക്കും മുട്ടയുല്‍പ്പാദനത്തിനും ജീവകങ്ങളും അത്യന്താപേക്ഷിതമാണ്. ജീവകം എ, ഡി, ബി, ഇ, കെ, ബി2, നിയാസിന്‍ പാന്റോത്തനിക് ആസിഡ്, ഫോളിക് ആസിഡ്, കോളിന്‍ എന്നിവ മുട്ടയിടുന്ന താറാവിന്റെ തീറ്റയില്‍ പ്രത്യേകതം ചേര്‍ക്കണം. കേരളത്തില്‍ ലഭ്യമായ തീറ്റവസ്‌തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന മാതൃക തീറ്റ താഴെ കൊടുക്കുന്നു.
മേല്‍പ്പറഞ്ഞ തീറ്റയില്‍ 100 കി.ഗ്രാമില്‍ 25 ഗ്രാം ഇന്‍ഡോമിക്‌സ് അല്ലെങ്കില്‍ 20 ഗ്രാം വിറ്റാബ്‌ളെന്‍ഡ് ചേര്‍ക്കേണ്ടതാണ്. അതിനു പുറമേ നിയാസിന്‍ പാന്റേത്തനിക് ആസിഡ്, ഫോളിക് ആസിഡ്, കോളിന്‍, ബി12 എന്നീ ജീവകങ്ങളും ചേര്‍ക്കണം.
കുട്ടനാടന്‍ രീതിയിലുള്ള തീറ്റ
കുട്ടനാടന്‍ കര്‍ഷകര്‍ താറാവുകള്‍ക്ക് കൃത്രിമ തീറ്റ നല്‍കാതെ അഴിച്ചുവിട്ടു മേയ്‌ക്കുമ്പോള്‍ തീറ്റ കുറഞ്ഞ സമയങ്ങളില്‍ കൈത്തീറ്റ നല്‍കാറുണ്ട്. ഗോതമ്പ്, അരി, പതിര്, മണിച്ചോളം, ചെറുമീന്‍, കപ്പലണ്ടിപ്പിണ്ണാക്ക്, അരിത്തവിട്, പനച്ചോറ് എന്നിവയാണവ. കൈത്തീറ്റ തിരഞ്ഞെടുക്കുന്നത് അതിന്റെ ലഭ്യതയും വിലയും നോക്കിയാണ്. ഇതില്‍ രണ്ടോ മൂന്നോ എണ്ണം വിശ്രിതമാക്കിയും നല്‍കാറുണ്ട്. കുടപ്പനച്ചോറ് കലാകാലങ്ങളായി കുട്ടനാട്ടെ കര്‍ഷകര്‍ താറാവിനു നല്‍കിവരുന്നു. 70 അടിയോളം പൊക്കത്തില്‍ വരുന്ന പനപൂത്തുകഴിഞ്ഞാല്‍ നശിച്ചുപോകും. പന പൂക്കുന്നതിനു മുമ്പായി മുറിക്കണം. പനച്ചോറില്‍ മിതമായ അളവില്‍ മാംസ്യവും ധാരാളമായി അന്നജവും അടങ്ങിയിരിക്കുന്നു. പനത്തടി വെട്ടിയരിഞ്ഞ് ചെറിയ ക്ഷണങ്ങളാക്കി ചോറുപരുവത്തിലാക്കിയതിനുശേഷം ഗോതമ്പ്, മീന്‍, പിണ്ണാക്ക്, അരിത്തവിട് എന്നിവ ചിലതെങ്കിലും ഒന്നോ എല്ലാം കൂട്ടമായോ ചേര്‍ത്ത് മഴക്കാലങ്ങളില്‍ മുട്ടത്താറാവുകള്‍ക്ക് നല്‍കിവരുന്നു. കൊയ്‌ത്തുകാലം വരെ കഴിഞ്ഞു കൂടുന്നതിന് താറാവുകള്‍ക്ക് പനച്ചോര്‍ മാത്രം മതിയാകുമെന്ന് കുട്ടനാട്ടെ കര്‍ഷകര്‍ പറയുന്നു. ഒട്ടും വെള്ളത്തിലിറക്കാതെ പൂര്‍ണമായും സ്റ്റാര്‍ട്ടര്‍ തീറ്റയും ഗ്രോവര്‍ തീറ്റയും നല്‍കി താറാവുകളെ വളര്‍ത്തുന്നവരും കുട്ടനാട്ടില്‍ ഉണ്ട്.
പൂവന്‍ താറാവുകള്‍ക്ക് പത്താമത്തെ ആഴ്‌ചയില്‍ ശരാശരി 1447 ഗ്രാം തൂക്കവും 18-ാമത്തെ ആഴ്‌ചയില്‍ 1511 ഗ്രാം തൂക്കവും ലഭിക്കും. പിടകള്‍ക്ക് 10-ാമത്തെ ആഴ്‌ചയില്‍ 1431 ഗ്രാമും 20-ാമത്തെ ആഴ്‌ചയില്‍ 1522 ഗ്രാം തൂക്കവും ഉണ്ടാകും. സ്വാഭാവിക രീതിയില്‍ കൊയ്‌ത്തുകാലത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന താറാവു വളര്‍ത്തല്‍ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനമാക്കി മാറ്റുവാന്‍ ഡീപ്പ്‌ലിറ്റര്‍ രീതി സഹായകമാകും.
താറാവുകളുടെ രോഗങ്ങള്‍
താറാവുകള്‍ കോഴികളേക്കാള്‍ രോഗപ്രതിരോധ ശേഷിയുള്ളവയാണെങ്കിലും ചില രോഗങ്ങള്‍ ഇവയ്‌ക്ക് ഇടയ്‌ക്കിടെ കണ്ടുവരുന്നുണ്ട്. കുട്ടനാടന്‍ പ്രദേശങ്ങളില്‍ താറാവിന്‍ കൂട്ടങ്ങള്‍ കൂട്ടത്തോടെ ചത്തുപോകാറുണ്ട്. അശാസ്‌ത്രീയ പരിപാലനരീതികള്‍ പ്രതിരോധകുത്തിവയ്‌പു എടുക്കാതിരിക്കല്‍, പോഷകാഹാരകമ്മി എന്നിവയാണ് താറാവുകള്‍ക്ക് രോഗമുണ്ടാകുന്ന കാരണങ്ങള്‍.
ഡക്ക് വൈറസ് ഹെപ്പറ്റൈറ്റിസ്
താറാവിന്‍ കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒരു പ്രധാനസംക്രമികരോഗമാണിത്. കോഴികളിലും ടര്‍ക്കികളിലും വാത്തകളിലും ഈ രോഗം കാണാറില്ല. മൂന്ന് ആഴ്‌ചയ്‌ക്കു താഴെ പ്രായമുള്ളതിനെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്. നാല് ആഴ്‌ചയില്‍ കൂടുതല്‍ പ്രായമുള്ളതിനെ ബാധിച്ചാല്‍ പോലും മരണനിരക്ക് കുറവാണ്. രോഗം പിടിപെട്ടാല്‍ 24 മണിക്കൂറിനകം താറാവിന്‍ കുഞ്ഞുങ്ങള്‍ മരണപ്പെടും. 2-3 ദിവസങ്ങള്‍ക്കകം എല്ലാ കുഞ്ഞുങ്ങളും ചത്തുവീഴും. ഏറ്റവും വളര്‍ച്ചയും പുഷ്‌ടിയുമുള്ള താറാവായിരിക്കും ആദ്യം ചത്തുവീഴുന്നത്. രോഗബാധ ഏറ്റ് 30 മിനിറ്റിനുള്ളില്‍ ഉന്മേഷരഹിതരായി തീറ്റ തിന്നാതെ മറ്റുള്ളവയില്‍ നിന്ന് അകന്നുനില്‍ക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ അവ വശം ചരിഞ്ഞ് വീഴുകയും കാലിട്ടടിക്കുകയും ചെയ്യും. പച്ചനിറത്തില്‍ വെള്ളം പോലെ കാഷ്‌ഠിക്കും.
തീറ്റയിലൂടെയും സ്‌പര്‍ശനത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറസ് കാഷ്‌ഠത്തില്‍ കാണപ്പെടും. ലിറ്ററിലും ബ്രൂഡറിലും വൈറസ് ആഴ്‌ചകളോളം ജീവിക്കും. അതുകൊണ്ട് അടുത്ത ബാച്ച് കുഞ്ഞുങ്ങളെയും രോഗംബാധിക്കും. ഈ രോഗത്തിന് പ്രതിരോധകുത്തിവയ്‌പ് നിലവിലുണ്ട്. വിരിയിച്ചിറക്കുന്ന താറാവിന്‍ കുഞ്ഞുങ്ങളുടെ കാല്‍വിരലുകള്‍ക്കിടയിലുള്ള ചര്‍മ്മത്തിലാണ് ഈ വാക്‌സിന്‍ കുത്തിവയ്‌ക്കുന്നത്. പ്രജനനത്തിനുപയോഗിക്കുന്ന പ്രായപൂര്‍ത്തിയെത്തിയ താറാവുകളില്‍ കുത്തിവയ്‌പ് നടത്തിയാല്‍ മുട്ടയിലൂടെ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശക്തി ലഭിക്കും.
ഡക്ക്‌പ്ലേഗ്
കേരളത്തില്‍ താറാവുകളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗമാണിത് സാധാരണയായി തുറന്നു വിട്ടു വെള്ളത്തില്‍ വളര്‍ത്തുന്നവയിലാണ് ഈ രോഗം കാണപ്പെടുന്നത്.
ലക്ഷണങ്ങള്‍
താറാവിന്‍ പറ്റങ്ങളില്‍ രോഗബാധയേറ്റാല്‍ ഏതാനും താറാവുകള്‍ ചത്തു വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതാണ് ആദ്യലക്ഷണം. രോഗാണുസംക്രമണം കഴിഞ്ഞ് 3-7 ദിവസങ്ങള്‍ക്കകമാണ് മറ്റു ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചിറകുകള്‍ താഴ്‌ത്തിയിട്ട് നീങ്ങാന്‍ കഴിയാതെ ഇരിക്കും. പച്ചനിറത്തില്‍ വെള്ളം പോലെ കാഷ്‌ഠിക്കുകയും മലദ്വാരത്തിനു ചുറ്റുമുള്ള തൂവലുകളില്‍ കാഷ്‌ഠം ഒട്ടിപ്പിടിച്ചിരിക്കുകയും ചെയ്യും. കണ്ണില്‍നിന്നും മൂക്കില്‍നിന്നും സ്രവം ഒഴുകി മുഖം വൃത്തിക്കേടാവും. ചിലപ്പോള്‍ തലതാഴ്‌ത്തി ചുണ്ടു നിലത്തുമുട്ടി കുഴഞ്ഞു പോകുന്നതായി കാണപ്പെടും. മരണ മടയുന്ന പൂവന്റെ ലിംഗം പുറത്തേക്ക് തള്ളിനില്‍ക്കുന്നതായി കാണാറുണ്ട്.
പോസ്റ്റുമോര്‍ട്ടം പരിശോധനയിലൂടെയും വൈറോളജി ടെസ്റ്റിലൂടെയും രോഗത്തെ തിരിച്ചറിയാം. രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്‌പ് നിലവിലുണ്ട്. പാലോട്ടുള്ള വി.ബി.ഐ. എന്ന സ്ഥാപനമാണ് ഡക്ക്‌പ്ലേഗ് വാക്‌സിന്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്. ഒരു ആമ്പ്യൂള്‍ 200 താറാവുകള്‍ക്ക് ഉപയോഗിക്കാം. ഗാഢ ശീതീകരിച്ച ആമ്പ്യൂളാണ് വാക്‌സന്‍. ഡിസ്റ്റില്‍ഡ് വാട്ടര്‍, നോര്‍മല്‍ സലൈന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് നൂറ് മില്ലി എടുത്തതില്‍ വാക്‌സിന്‍ ലയിപ്പിക്കണം. സംയോജിപ്പിച്ച വാക്‌സിന്‍ സൂര്യപ്രകാശമോ ചൂടോ ഏല്‍ക്കാതെ വയ്‌ക്കുകയും വേണം. രണ്ടു മണിക്കൂറിനകം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാക്കി വരുന്ന വാക്‌സിന്‍ കളയണം. ഓരോന്നും 0.5 മല്ലി ലിറ്റര്‍ വീതം പേശികളിലോ തൊലിയിലോ കുത്തിവയ്‌ക്കണം. ചിറകിനുള്ളിലോ തൊലിമടക്കിലോ ചിറകിന്റെ ഉള്‍വശത്തോ കുത്തിവയ്‌പ് നടത്താം. പ്രായം കുറഞ്ഞവയില്‍ കാലിലോ നെഞ്ചിലെയോ മാംസപേശിയില്‍ കുത്തിവയ്‌ക്കാറുണ്ട്. ആദ്യത്തെ കുത്തിവയ്‌പ് 4-6 ആഴ്‌ച പ്രായത്തില്‍ എടുക്കാം. രണ്ടാമത്തെ കുത്തിവയ്‌പ് 8-ാം ആഴ്‌ചയിലും മൂന്നാമത്തേത് 16-ാമത്തെ ആഴ്‌ചയിലും എടുക്കണം. ഒരിക്കല്‍ കുത്തിവച്ചാല്‍ 1-1� വര്‍ഷക്കാലത്തേക്ക് പ്രതിരോധശേഷി ലഭിക്കും. കുത്തിവയ്‌പ് മൂലം ഒരു തരത്തിലുമുള്ള റിയാക്ഷനും ഉണ്ടാവാറില്ല. മുട്ടയിടുന്ന താറാവുകളില്‍ മുട്ടയുല്‍പ്പാദനം തല്‍ക്കാലം കുറയുമെങ്കിലും പിന്നീട് പൂര്‍വസ്ഥിതി പ്രാപിക്കും. ആരോഗ്യം കുറഞ്ഞവയില്‍ കുത്തിവയ്‌പ് നടത്തരുത്. രോഗബാധ കണ്ടശേഷവും കുത്തിവയ്‌പ് നടത്തരുത്. രോഗബാധ കണ്ടശേഷവും കുത്തിവയ്‌പിക്കാന്‍ പാടില്ല. അത്യുഷ്‌ണ കാലാവസ്ഥയിലും കുത്തി വയ്‌ക്കുന്നത് ഒഴിവാക്കണം.
വാക്‌സിന്‍ റഫ്രിജറേറ്ററില്‍ ഒരു മാസവും ഫ്രീസിങ് ചേംമ്പറില്‍ രണ്ടുമാസവും സൂക്ഷിക്കാം. ഐസ്‌കട്ട ബോക്‌സിനകത്തായി മാത്രമേ വാക്‌സിന്‍ കൊണ്ടുപോകാന്‍ പാടുള്ളു.
ഡക്ക് കോളറ
പാസ്‌ച്വറില്ല വര്‍ഗത്തില്‍പ്പെട്ട ബാക്‌ടീരിയയാണ് രോഗമുണ്ടാക്കുന്നത്. പ്രതികൂല കാലാവസ്ഥ, ശുചിത്വമില്ലാത്ത കൂടും പരിസരവും, തിങ്ങിക്കൂടല്‍, വായുസഞ്ചാരം കുറഞ്ഞ കൂട് എന്നിവയാണ് രോഗമുണ്ടാക്കുന്ന സാഹചര്യങ്ങള്‍. വാക്‌സിനുകള്‍ ലഭ്യമാണ്. പ്രായമാതിന് അര മില്ലി പേശികളില്‍ കുത്തിവെയ്‌ക്കണം. 6 മാസത്തില്‍ താഴെയുള്ളതിന് 0.3 മില്ലി മതിയാകും.
ലക്ഷണങ്ങള്‍
തീറ്റയോട് മടുപ്പ്, വര്‍ധിച്ച ദാഹം, പനി എന്നിവയാണ് ആദ്യലക്ഷണങ്ങള്‍. രോഗം പിടിപ്പെട്ടവ വേദനകൊണ്ട് പ്രയാസപ്പെടുന്നതായി കാണിക്കുകയും ശല്യപ്പെടുത്തുമ്പോള്‍ മാത്രം അങ്ങോട്ടുമിങ്ങോട്ടും തിരിയുകയും തല കൂടെകൂടെ വെട്ടിത്തിരിക്കുകയും ചെയ്യും. മഞ്ഞയോ പച്ചയോ നിറത്തിലുള്ള വെള്ളം പോലുള്ള കാഷ്‌ഠം പോകും. കണ്ണുകളില്‍ നീര്‍കെട്ടി നില്‍ക്കുകയും മൂക്കില്‍ വഴുവഴുപ്പുള്ള ശ്ലേഷമം പറ്റിയിരിക്കുകയും ചെയ്യുന്നു. ചിലതില്‍ പാദങ്ങളും സന്ധികളും വീര്‍ത്തിരിക്കും. സാധാരണയായി നാല് ആഴ്‌ചയോ അതിനു മുകളിലോ പ്രായമുള്ളവയെയോ ആണ് രോഗം ബാധിക്കുന്നത്. മരണനിരക്ക് 80-90 ശതമാനം വരെ എത്താറുണ്ട്. ലക്ഷണങ്ങളിലൂടെയും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലൂടെയും രോഗത്തെ തിരിച്ചറിയാം. ശരിയായ ആന്റിബയോട്ടിക് കൊടുത്താല്‍ രോഗം മാറ്റാവുന്നതാണ്. രോഗബാധയേറ്റു ചത്തു പോയ താറാവുകളെ ആഴത്തില്‍ കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ വേണം.
സാള്‍മൊണല്ലോസിസ്
സാള്‍മൊണല്ല വിഭാഗത്തില്‍പ്പെട്ട ബാക്‌ടീരിയ ഉണ്ടാക്കുന്ന രോഗമാണിത്. ദിവസങ്ങള്‍ മാത്രമുള്ളവയെ ഈ രോഗം ബാധിക്കും. ഇന്‍കുബേറ്ററില്‍ വച്ചായിരിക്കും മിക്കവാറും അണുബാധയുണ്ടാകുന്നത്.
ലക്ഷണങ്ങള്‍
തീറ്റയ്‌ക്ക് രുചിയില്ലാതാവുകയും തുടര്‍ന്ന് വയറിളക്കം മൂലം ക്ഷീണിച്ചവശരായ താറാവിന്‍ കുഞ്ഞുങ്ങള്‍ ബ്രൂഡറിന്റെ ചൂടില്‍നിന്നും അകന്നുമാറാതെ കിടക്കുകയും തുടര്‍ന്ന് നെഞ്ചിടിച്ച് വീഴുകയും ചെയ്യുന്നു. വീണു കിടക്കുന്നിടത്തുനിന്നും എഴുന്നേല്‍ക്കാന്‍ വളരെപ്രയാസം നേരിടും. കാര്യമായി രോഗലക്ഷണമൊന്നും കാണിക്കാതെയും കുഞ്ഞുങ്ങള്‍ ചത്തുപോകും.
പകരുന്ന വിധം: എലികള്‍ ഈ രോഗത്തിന്റെ വാഹകരായി തീരുന്നു. ഇവയുടെ കാഷ്‌ഠം വീണ് മലീവസമാക്കുക വഴി രോഗം പിടിപെടും. പ്രത്യുല്‍പ്പാദനക്ഷമതയില്ലാത്ത മുട്ട, ഇന്‍കുബേറ്റര്‍ വേസ്റ്റ്, മുട്ടത്തോട് എന്നിവ തീറ്റയുടെ കൂടെ നല്‍കുന്നതിലൂടെയും രോഗം പ്രത്യക്ഷപ്പെടാം. രോഗവിമുക്തമായ താറാവിന്‍ കുഞ്ഞുങ്ങള്‍ രോഗവാഹകരായിത്തീരും. ഇവ മാസങ്ങളോളം കാഷ്‌ഠത്തിലൂടെ അണുക്കളെ വിസര്‍ജ്ജിച്ചു കൊണ്ടിരിക്കും. രോഗവാഹകര്‍ ഇടുന്ന മുട്ടത്തോടില്‍ കാഷ്‌ഠം പറ്റിപ്പിടിച്ചിരുന്നാല്‍ അണുക്കള്‍ നശിച്ചുപോകാതെ പിന്നീടവ ഇന്‍കുബോന്‍ സമയത്ത് തോടിനുള്ളിലൂടെ അകത്ത് കടന്ന് പെരുകാനിടവരും.
രോഗപ്രതിരോധവും നിയന്ത്രണവും
കൂടും ലിറ്ററും വൃത്തിയായി സൂക്ഷിക്കണം. രാവിലെതന്നെ മുട്ടകള്‍ ശേഖരിക്കണം. അടവെക്കുന്നതിനുള്ള മുട്ടകള്‍ വെള്ളത്തില്‍ മുക്കുകയോ അഴുക്ക് പുരണ്ട തുണികൊണ്ട് തുടയ്‌ക്കുകയോ ചെയ്യാതിരിക്കുക. രോഗം മാറിയവയെ പ്രജനനത്തിനായി ഉപയോഗിക്കരുത്. രോഗം ബാധിച്ച കൂട്ടിലെ ലിറ്ററും മറ്റും തീവച്ചു നശിപ്പിക്കണം. കൂടും ഉപകരണങ്ങളും വൃത്തിയായി കഴുകി അണുനാശിനികള്‍ തളിക്കണം.
ന്യൂഡക്ക് രോഗം
ഒരുതരം ബാക്‌ടീരിയ ആണ് രോഗകാരി. 4 മുതല്‍ 9 വരെ ആഴ്‌ചപ്രായമുള്ള വളരുന്ന താറാവുകളിലാണ് രോഗം ബാധിക്കുന്നത്. പ്രായപൂര്‍ത്തിയായവയ്‌ക്ക് സാധാരണയായി രോഗം പിടിപ്പെടാറില്ല. രോഗലക്ഷണങ്ങള്‍ തുടങ്ങിയാല്‍ താറാവിന്‍ക്കുഞ്ഞുങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടയും. അല്‍പംകൂടി പ്രായമായവയില്‍ 6-7 ദിവസങ്ങളോളം രോഗം നീണ്ടുനില്‍ക്കാറുണ്ട്. രോഗം ബാധിച്ചവയില്‍ കുറച്ചെണ്ണം രക്ഷപ്പെട്ടേക്കാമെങ്കിലും നല്ല വളര്‍ച്ച ലഭിക്കാത്തതിനാല്‍ അവയെ മാറ്റുന്നതായിരിക്കും നല്ലത്.
ലക്ഷണങ്ങള്‍
കോഴിവസന്ത രോഗത്തിന്റെ ലക്ഷണങ്ങളാണ് ഈ രോഗത്തില്‍ കാണുന്നത്. കണ്ണുകളിലും നാസാരന്ധ്രങ്ങളിലും നീരൊലിപ്പുണ്ടാകും. ഉന്മേഷമില്ലായ്‌മ തീറ്റയ്‌ക്കു വിരക്തി, പച്ചനിറത്തിലുള്ള കാഷ്‌ഠം എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. രോഗബാധയേറ്റവ പെട്ടെന്ന് ക്ഷീണിക്കുകയും എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാതെ വീണുപോവുകയും ചെയ്യും. ചിലത് തലയും കഴുത്തും നിരന്തരം തിരിക്കുകയും വാല് ഇളക്കുകയും ചെയ്യാറുണ്ട്. ഏതാനും ദിവസം രോഗബാധ ചെറുത്തുനില്‍ക്കുന്ന താറാവുകള്‍ക്ക് ഞരമ്പുസംബന്ധമായ തകരാറുകള്‍ പിടിപെടും. അതിന്റെ ഫലമായി ഇവ തീറ്റ തിന്നാതെ ചത്തുപോകും. ഇവയുടെ തൂവലുകള്‍ വരണ്ടും മെലിഞ്ഞും വൃത്തിഹീനമായി കാണപ്പെടും. സന്ധികളില്‍ നീര്‍വീക്കവും കാണാറുണ്ട്.
രോഗലക്ഷണങ്ങള്‍, പോസ്റ്റുമോര്‍ട്ടം പരിശോധന, ബാക്‌ടീരിയോളജിക്കല്‍ പരിശോധന എന്നിവയിലൂടെ രോഗത്തെ തിരിച്ചറിയാം. ആന്റിബയോട്ടിക്കുകള്‍ നല്‍കി. തുടക്കത്തിലോ ചികില്‍സിച്ചാല്‍ രോഗശാന്തി കിട്ടും ഓക്‌സിടെട്രാസൈക്ലിന്‍ എന്നീ മരുന്നുകള്‍ 1 ടണ്‍ തീറ്റയില്‍ 100 ഗ്രാം എന്ന തോതില്‍ 5 ദിവസം കൊടുക്കണം.
ബ്രൂഡര്‍ ന്യുമോണിയ
ആസ്‌പര്‍ജ്ജില്ലസ് ഫൂമിഗേറ്റസ് എന്ന പൂപ്പല്‍ താറാവുകളില്‍ ഉണ്ടാക്കുന്ന രോഗമാണിത്. ശ്വാസകോശസംബന്ധമായ ഈ രോഗം വന്‍തതോതില്‍ വരണം ഉണ്ടാക്കാറില്ല. പൂപ്പല്‍ പിടിച്ച വൈക്കോല്‍ കൂട്ടിനുള്ളില്‍ വിരിപ്പായി ഉപയോഗിക്കുന്നതു മൂലമാണ് ഇതുണ്ടാകുന്നത്. അതുകൊണ്ട് വിരിപ്പിനുപയോഗിക്കുന്ന വസ്‌തുക്കള്‍ പൂപ്പല്‍ പിടിക്കാതെ നോക്കണം.
അഫ്‌ളോ ടോക്‌സിക്കോസിസ്
ആസ്‌പര്‍ജ്‌ജില്ലസ്‌ഫ്‌ളേവസ് എന്ന പൂപ്പല്‍ വിസര്‍ജ്ജിക്കുന്ന വിഷമാണ്. അഫ്‌ളാടേക്‌സിന്‍ ഇതുമൂലമുണ്ടാകുന്ന രോഗമാണ് അഫ്‌ളാടോക്‌സിക്കോസിസ്. മറ്റു വളര്‍ത്തുപക്ഷികളെ അപേക്ഷിച്ച് ഏറ്റവും പെട്ടെന്ന് പൂപ്പല്‍ വിഷബാധയേല്‍ക്കുന്ന പക്ഷികളാണ് താറാവുകള്‍. ഈ വിഷത്തെ പ്രതിരോധിക്കാനുള്ളശേഷി താറാവുകള്‍ക്ക് തീരെ കുറവാണ്. തീറ്റയില്‍ 6.02 പി.പി.എം.ല്‍ കൂടുതല്‍ വിഷം കലര്‍ന്നാല്‍ അത് താറാവുകള്‍ക്ക് മാരകമാണ്. അതുകൊണ്ട് ഈ അളവില്‍ വിഷം അടങ്ങിയ തീറ്റതീര്‍ത്തും ഒഴിവാക്കേണ്ടതാണ്.
വിഷബാധയുണ്ടായാല്‍ താറാവുകള്‍ കൂട്ടത്തോടെ പെട്ടെന്നുതന്നെ ചത്തൊടുങ്ങുന്നു. ഈ ഫംഗസ് ഏറ്റവും കൂടുതല്‍ വളരാന്‍ സാധ്യതയുള്ള കപ്പലണ്ടിപ്പിണ്ണാക്ക് താറാവ് തീറ്റയില്‍ ഒട്ടും ചേര്‍ക്കാന്‍ പാടില്ല. കൃമികീടങ്ങള്‍ കുത്തിയതും പഴക്കം ചെന്നതുമായ തീറ്റസാധനങ്ങള്‍ ഒന്നുംതന്നെ താറാവുകള്‍ക്ക് കൊടുക്കരുത്. കൂടുതല്‍ കാലം സൂക്ഷിച്ചുവയ്‌ക്കപ്പെടുന്ന തീറ്റസാധനങ്ങളിലാണ് ഈ വിഷവസ്‌തുക്കള്‍ കുമിഞ്ഞുകൂടാറുള്ളത്. ഉയര്‍ന്ന ഊഷ്‌മാവും ഈര്‍പ്പവുമാണ് ഈ വിഷം ഉല്‍പ്പാദിപ്പിക്കുവാന്‍ സഹായകമായഘടകങ്ങള്‍. താറാവുകൂട്ടങ്ങള്‍ പാടശേഖരങ്ങളുടെയും ജലാശയങ്ങളുടെയും അതിരുകള്‍ക്കുള്ളിലാണ് വളരുന്നതെങ്കില്‍ ഈ വിഷബാധയ്‌ക്കുള്ള സാധ്യത വളരെയേറെയാണ്. കൂടുതല്‍ കാലം തീറ്റവസ്‌തുക്കള്‍ സൂക്ഷിക്കാതിരിക്കുകയും പഴയ തീറ്റസാധനങ്ങള്‍ വെയിലത്തു വച്ച് നല്ലവണ്ണം ഉണക്കിയതിനുശേഷം താറാവുകള്‍ക്ക് നല്‍കുകയും ചെയ്യുക എന്നതാണ് പൂപ്പല്‍ വിഷബാധ ഒഴിവാക്കുന്നതിനുള്ള പ്രായോഗികമായ പരിഹാരങ്ങള്‍.
കോക്‌സിഡിയോസിസ്
ഏകകോശ ജീവികള്‍ ഉണ്ടാക്കുന്ന രോഗമാണിത്. തീറ്റതിന്നാതിരിക്കുന്നതാണ് പ്രധാനലക്ഷണം. തുടര്‍ന്ന് ശരീരം ശേഷിക്കുകയും ബലഹീനത അനുഭവപ്പെടുകയും ചെയ്യുന്നു. രക്താതിസാരവും കാണാറുണ്ട്. തീക്ഷ്‌ണ രീതിയില്‍ രോഗമുണ്ടാകുമ്പോള്‍ സല്‍ഫാഡിവിഡിന്‍ ഗുളിക വെള്ളത്തില്‍ ചേര്‍ത്ത് മൂന്നുദിവസം തുടര്‍ച്ചയായി കൊടുത്ത് രോഗത്തെ നിയന്ത്രിക്കാം.
പോഷകാഹാരക്കമ്മി രോഗങ്ങള്‍
പോഷകാഹാരങ്ങളുടെ കുറവു കൊണ്ട് താറാവുകളില്‍ ഉല്‍പ്പാദനക്ഷമത കുറയുകയും രോഗങ്ങള്‍ പിടിപ്പെടുകയും ചെയ്യും.
ജീവകം എയുടെ കുറവുമൂലം വിരിയല്‍നിരക്ക് കുറയുകയും ചെറുപ്രായത്തില്‍ മരണനിരക്ക് കൂട്ടുകയും ചെയ്യുന്നു. നാസാരന്ധ്രങ്ങളില്‍നിന്നും നീരൊലിപ്പുണ്ടാവുകയും തളര്‍ച്ചയുണ്ടാവുകയും ചെയ്യുന്നു. തയമിന്‍ (ബി) അഭാവം മൂലം കഴുത്ത് കാലുകള്‍, ചിറകുകളിലെ പേശികള്‍ എന്നിവ തളര്‍ന്നുപോകുക.
റൈബോ ഫ്‌ളേവിന്റെ കുറവുമൂലം സാവധാനത്തിലുള്ള വളര്‍ച്ച മുതല്‍ മരണം വരെ സംഭവിക്കുക. പാന്റോതെനിക് ആസിഡും സാവധാനത്തിലുള്ള വളര്‍ച്ചയ്‌ക്കും മരണത്തിനും കാരണമാകാം. വാറ്റുശാലകളിലെ ഉപഉല്‍പ്പന്നങ്ങള്‍, ഗോതമ്പ്‌തവിട്, സോയാബീന്‍ മീല്‍, പുല്ലുകള്‍ എന്നിവയിലൂടെ പാന്റോതെനിക് ആസിഡ് ലഭ്യമാക്കുക.
പൈറിഡോക്‌സിന്‍ ബി6 -ന്റെ കുറവ് സാവധാന വളര്‍ച്ചയ്‌ക്കും വിളര്‍ച്ചയ്‌ക്കും കാരണമാകാം. ഫിഷ്‌മീല്‍, ഗോതമ്പ്, അരി, ഇറച്ചിത്തുണ്ടുകള്‍, ഈസ്റ്റ്, ലിവര്‍, മീല്‍ എന്നിവയിലൂടെ പെറിഡോക്‌സിന്‍ ബി6 ലഭ്യമാകും. നിക്കോട്ടിനിക് ആസിഡിന്റെ കുറവ് സാവധാനത്തിലുള്ള വളര്‍ച്ചയ്‌ക്കും, വയറിളക്കത്തിനും, ബലഹീനതയ്‌ക്കും, വില്ലുപോലെ വളഞ്ഞ കാലുകള്‍ക്കും കാരണമാകും. ഫിഷ്‌മീല്‍, മീറ്റ് സ്‌ക്രാപ്പ് സോയാബീന്‍ ധാന്യങ്ങള്‍ ലിവര്‍ മീല്‍ എന്നിവയിലൂടെ നിക്കോട്ടിനിക് ആസിഡ് ലഭ്യമാക്കാം. കോളിന്റെ കുറവ് ടൈറോസിസസിനു കാരണമാകുന്നു. ഫിഷ്‌മീല്‍, മീറ്റ് സ്‌ക്രാപ്പ്, സോയാബീന്‍ ധാന്യങ്ങള്‍ ലിവര്‍മീന്‍ ഇവയിലൂടെ കോളീന്‍ ലഭ്യമാക്കാം.
ബയോട്ടിന്റെ കുറവ് സാവധാനത്തിലുള്ള വളര്‍ച്ചയ്‌ക്കു കാരണാകുന്നു. ഈസ്റ്റ്, കരള്‍, ധാന്യങ്ങള്‍ എന്നിവയിലൂടെ ബയോട്ടിന്‍ ലഭ്യമാക്കാം. വൈറ്റമിന്‍ ഡിയുടെ കുറവ് റിക്കറ്റ്‌സ്, റബ്ബര്‍ പോലെ മൃദുവായ എല്ലുകള്‍, പരുപരുത്ത തൂവലുകള്‍, മോശപ്പെട്ട വളര്‍ച്ച എന്നിവയ്‌ക്ക് കാരണമാകുന്നു. മീനെണ്ണ, നല്ല സൂര്യപ്രകാശം എന്നിവയിലൂടെ ജീവകം ഡി ലഭ്യമാക്കാം. വൈറ്റമിന്‍ ഇ യുടെ കുറവ് ബലഹീനതക്കു കാരണമാകുന്നു. മീനെണ്ണ, നല്ല സൂര്യപ്രകാശം എന്നിവയിലൂടെ വൈറ്റമിന്‍ ഇയുടെ കുറവ് പരിഹരിക്കാം.
രോഗപ്രതിരോധ നിര്‍ദ്ദേശങ്ങള്‍
1. പാര്‍പ്പിടം വൃത്തിയുള്ളതാവണം. താറാവുകളെ വളര്‍ത്തുന്ന സ്ഥലത്ത് എലിശല്യം ഒഴിവാക്കണം. എലികള്‍ സാല്‍മൊണല്ല അണുക്കളുടെ വാഹകരായി പ്രവര്‍ത്തിക്കുന്നു.
2. ഡക്ക് വൈറസ് ഹെപ്പറ്റൈറ്റിസ് രോഗം സന്ദര്‍ശകരിലൂടെ പകരുന്നതാണ്. അതിനാല്‍ സന്ദര്‍ശകരെ നിയന്ത്രിക്കേണ്ടതാണ്.
3. കോഴികളെയും ടര്‍ക്കികളെയും ബാധിക്കുന്ന ചില രോഗങ്ങള്‍ താറാവുകള്‍ക്ക് പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ താറാവിന്‍ കൂട്ടങ്ങളെ ഇവയ്‌ക്കരികില്‍ വളര്‍ത്തരുത്.
4. രോഗം ഇല്ലാത്ത താറാവിന്‍ കൂട്ടത്തില്‍നിന്നും മാത്രമേ പുതിയവയെ വാങ്ങാവൂ.
5. വാങ്ങിയ താറാവുകളെ 3 ആഴ്‌ച പ്രത്യേകം പാര്‍പ്പിച്ച് രോഗമില്ലെന്ന് ഉറപ്പാക്കിയശേഷമേ കൂട്ടത്തില്‍ ചേര്‍ക്കാവൂ.
6. വിവിധ പ്രായത്തിലുള്ള താറാവുകളെ പ്രത്യേകം പാര്‍പ്പിക്കുന്നതാണ് അഭികാമ്യം.
7. ഏതെങ്കിലും താറാവ് രോഗലക്ഷണം കാണിക്കുകയാണെങ്കില്‍ അവയെ കൂട്ടത്തില്‍നിന്നു മാറ്റണം.
8. രോഗം വന്നു ചത്തതിനെ പോസ്റ്റുമോര്‍ട്ടം പരിശോധനക്കു വിധേയമാക്കണം.
9. കാലാകാലങ്ങളില്‍ പ്രതിരോധകുത്തിവെയ്‌പ് നടത്തണം.
മറ്റു രോഗങ്ങള്‍-കാരണങ്ങള്‍ പരിഹാരങ്ങളും
തൂവലുകള്‍ കൊത്തിവലിക്കല്‍
കൂട്ടിനുള്ളില്‍ നിരന്തരമായി അടച്ചു വളര്‍ത്തുന്നവയില്‍ ഈ ദുശ്ശീലം കൂടുതല്‍ കാണപ്പെടുന്നു. 6-7 ആഴ്‌ച പ്രായത്തില്‍ ഇത് കൂടുതല്‍ കാണുന്നു. വേനല്‍ക്കാലങ്ങളിലും കൂടുതലായി ഉണ്ടാകും. കൂടുകളില്‍ ആവശ്യത്തിന് സ്ഥലം നല്‍കുക, ശല്യക്കാരായ കൊത്തുകാരെ മാറ്റുക, പച്ചിലകള്‍ കൂട്ടില്‍ കെട്ടിത്തൂക്കുക, കൊക്ക് മുറിക്കുക, വിവിധ പ്രായത്തിലുള്ളവയെ പ്രത്യേകം വളര്‍ത്തുക.
പൂവന്‍മാരുടെ ലിംഗത്തിന് മുറിവ്
ഇണ ചേരുമ്പോള്‍ ഉണ്ടാകുന്ന മുറിവ്, മലദ്വാരത്തിന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന ലിംഗം ചുരുക്കാന്‍ കഴിയാതെ വിഷമിക്കും. ഇത് ഉണങ്ങിമണല്‍ പുരണ്ട് പൊറ്റെടുക്കുന്നു. ഇത്തരം താറാവുകളെ വളര്‍ത്താതിരിക്കുന്നതാണ് നല്ലത്.
വില്ലുപോലെ വളഞ്ഞകാലുകള്‍
ബ്രൂഡര്‍ ഹൗസില്‍ വേണ്ടത്രസ്ഥലം ഇല്ലാത്തതിനാല്‍ മൂന്നാഴ്‌ച പ്രായത്തില്‍ കാണുന്നു. തീറ്റയില്‍ ഈസ്റ്റ്, നിയാസിന്‍ ഇവ ചേര്‍ത്ത് കൊടുക്കണം.
മറ്റുപ്രശ്‌നങ്ങളില്ലാതെ കാഷ്‌ഠത്തില്‍ കൂടുതല്‍ ജലാംശം കാണുക
തീറ്റയില്‍ ഉപ്പിന്റെ അംശം കൂടുമ്പോഴും വേനലില്‍ കൂടുതല്‍ വെള്ളം കുടിക്കുമ്പോഴും ഉണ്ടാകും.
തൂങ്ങിയതോ വീര്‍ത്തതോ ആയ ക്രോപ്പ്
ക്രോപ്പില്‍ ഏതെങ്കിലും വസ്‌തുക്കള്‍ തടയുക, ക്രോപ്പിന് അണുബാധ ഒരു വെറ്ററിനറി ഡോക്‌ടറുടെ സേവനം തേടണം.
ചിറകുകള്‍ താഴ്‌ന്ന് കിടക്കുക
ചിറകുകളില്‍ മുറിവുകള്‍ ഉണ്ടാകുമ്പോള്‍ ഇങ്ങനെ ചെയ്യും. തക്കതായ ചികില്‍സ ലഭ്യമാക്കുക.
പ്രതീക്ഷിച്ചത്ര മുട്ട ലഭിക്കാതിരിക്കുക
താറാവുകള്‍ മുട്ടതിന്നു തുടങ്ങുക. പേടി കാരണം മുട്ട ഇടാതിരിക്കക. രോഗബാധ ഉണ്ടാവുക. പഴയതീറ്റ നല്‍കുക, വളരെ ചൂടും തണുപ്പുമുള്ള കാലാവസ്ഥ.
കട്ടികുറഞ്ഞതോടുള്ള മുട്ട
കാല്‍സ്യക്കുറവ്, കക്കപ്പൊടി കൊടുക്കുക, നിര്‍മോചനം അടുക്കുമ്പോഴും ഉണ്ടാകും.
ശരിയായ ആകൃതി ഇല്ലാത്ത മുട്ടകള്‍
കാര്യമാക്കേണ്ടതില്ല. തനിയെ ശരിയായിക്കൊള്ളും. ഇതു ഭക്ഷ്യയോഗ്യമാണ്.
മുട്ടത്തോടില്‍ രക്തം പുരണ്ടിരിക്കുക
മുട്ട ഇട്ടു തുടങ്ങുന്ന അവസരത്തില്‍ ലഘുവായ രീതിയില്‍ മാത്രമേയുള്ളൂവെങ്കില്‍ കാര്യമാക്കേണ്ടതില്ല. തുടര്‍ന്നും കാണുകയാണെങ്കില്‍ ആ താറാവിനെ ഒഴിവാക്കുക.
അഴുക്കുപുരണ്ട മുട്ടകള്‍
വൃത്തിഹീനമായ ലിറ്റര്‍, ലിറ്റര്‍ മാറ്റുക
താറാവു വളര്‍ത്തലും നെല്‍കൃഷിയും
ആലപ്പുഴ, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലെ പാടശേഖരങ്ങളും കോള്‍നിരകളുമാണ് താറാവു തീറ്റയുടെ പ്രധാന സ്രോതസ്സുകള്‍ ഇത്രയും പ്രാധാന്യമില്ലെങ്കിലും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും കുമരകം, അങ്കമാലി, തിരൂര്‍ എന്നിവിടങ്ങിലും താറാവുകള്‍ക്ക് തീറ്റ ലഭിക്കാറുണ്ട്. കൊയ്‌ത്തു പാടങ്ങള്‍, കുളങ്ങള്‍, കനാലുകള്‍ എന്നിവയിലൂടെയാണ് താറാവുകളുടെ യാത്ര. തീറ്റ തേടാനുള്ള ഈ യാത്ര തുടങ്ങുന്നത് കുട്ടനാട്ടില്‍ നിന്നാണ്. ഈ യാത്രയ്‌ക്ക് വ്യക്തമായ വഴിയും ക്രമവുമുള്ളതായി കാണാം.
കേരളത്തിന്റെ വിവിധ സ്ഥലങ്ങള്‍ വ്യത്യസ്‌ത സമയങ്ങളില്‍ കൊയ്‌ത്തു നടക്കുന്നത് താറാവുകള്‍ക്ക് അനുകൂലമായ സാഹചര്യമാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെ തൃശൂര്‍ കോള്‍പാടങ്ങളില്‍ കൊയ്‌ത്തുകാലമാണ്. വളരുന്ന താറാവുകള്‍ക്കും മുട്ടയിടുന്ന താറാവുകള്‍ക്കും നല്ല തീറ്റ ലഭിക്കുന്ന സമയമാണിത്.
ജൂലൈ മാസം പഞ്ഞമാസമാണ്. അതുകൊണ്ട് കര്‍ഷകര്‍ താറാവിനെയും കൊണ്ട് മധുര, തഞ്ചാവൂര്‍, ധര്‍മപുരി എന്നീ ഭാഗങ്ങളിലേക്ക് യാത്രതിരിക്കും. ചില കര്‍ഷകര്‍ ഇതേ കാലയളവില്‍ കര്‍ണാടകയിലെ ഹുസൂര്‍, മംഗലപുരം, ഉടുപ്പി എന്നീ സ്ഥലങ്ങളിലേക്ക് നീങ്ങും. ചിലപ്പോള്‍ ഇവിടെനിന്നു യാത്ര ആന്ധ്രയിലെ നെല്ലൂര്‍, ഗുണ്ടൂര്‍, ഗോദാവരി എന്നിവിടങ്ങളിലേക്കും നീളും.
ആഗസ്റ്റ് മാസത്തില്‍ പാലക്കാടന്‍ പ്രദേശങ്ങളില്‍ കൊയ്‌ത്ത് തുടങ്ങും. കേരളത്തിന്റെ നാനാഭാഗത്തുനിന്നും കര്‍ഷകര്‍ താറാവുമായി ഇവിടേയ്‌ക്ക് വരും. നവംബര്‍ വരെ ഇവര്‍ പാലക്കാട്ട് തങ്ങും. ദൂരസ്ഥലങ്ങളിലേക്ക് ലോറിയിലാണ് താറാവുകളെ കൊണ്ടുപോകുന്നത്. വയലുകള്‍ മുളകൊണ്ടോ വൈദ്യുതി വേലികെട്ടിയോ ആണ് സംരക്ഷിക്കുക. ഞാറ് നട്ട് 2 ആഴ്‌ചകഴിയുമ്പോള്‍ 1-2 ആഴ്‌ചപ്രായമായ താറാവിന്‍ കുഞ്ഞുങ്ങളെ ഒരേക്കറിന് 20-30 എണ്ണം എന്ന നിരക്കില്‍ വിടാം. 4 മാസമാവുമ്പോഴേക്കും നെല്ല് കതിരിടും. അതുവരെ താറാവുകള്‍ പാടത്തുതന്നെ മേയട്ടെ. നെല്‍ വയലില്‍ മേയുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍ ചെറുപ്രാണികളെയും വാല്‍മാക്രികളെയും ഞവണിയെയും തിന്നു തീര്‍ക്കും. നെല്ല് കതിരിട്ടു കഴിഞ്ഞാല്‍, താറാവുകള്‍ നെല്‍ക്കതിര്‍ മുറിച്ചുതിന്നും. അതുകൊണ്ട് കതിര്‍ വരുന്നതിനുമുമ്പ് ഇവയെ മാറ്റണം. താറാവിന്‍ കാഷ്‌ഠം വീഴുന്ന വയലുകളില്‍ നെല്ല് തഴച്ചു വളരുന്നത് കാണാം.
വയലുകളിലെ കീടങ്ങളും കളകളും ഒച്ചുകളും, താറാവിനു തീറ്റയാകുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ