CCTV ദൃശ്യം വിനയായി; മോഷ്ടാവിനെ കുറിച്ച് സൂചന നൽകി; മമ്പുറം നേർച്ചക്കിടെ കവർന്ന സ്വർണ മാല മോഷ്ടാവ് തിരിച്ചേല്പിച്ചു...!
മമ്പുറം നേർച്ചയുടെ സമാപനത്തിനിടെ മമ്പുറം മഖാമിൽ നിന്ന് കവർന്ന കുഞ്ഞിന്റെ സ്വർണ മാല മോഷ്ടാവ് തിരിച്ചേല്പിച്ചു. മുന്നിയൂർ പാറക്കാവ് പാല മുറ്റത്ത് സ്വാലിഹിന്റെ മകൾ ആയിഷ റിസ (3)യുടെ ഒന്നേകാൽ പവന്റെ സ്വർണ മാലയാണ് മോഷണം പോയിരുന്നത്.
സ്വാലിയുടെ മാതാവിനും സഹോദരിക്കും ഒപ്പമാണ് കുഞ്ഞ് മമ്പുറം പോയിരുന്നത്. മഖാമിനുള്ളിൽ പ്രാർത്ഥിച്ച ശേഷം മടങ്ങുമ്പോഴാണ് കുട്ടിയുടെ മാല നഷ്ടമായത്. സി സി ടി വി നോക്കിയപ്പോൾ സംശയകരമായ സാഹചര്യത്തിൽ ഒരു സ്ത്രീയെ കണ്ടിരുന്നു.
സംഭവം ശ്രദ്ധയിൽ പെട്ട പെരിന്തൽമണ്ണയിൽ നിന്നുള്ളവരാണ് മോഷ്ടാവിനെ കുറിച്ച് സൂചന നൽകിയത്. പെരിന്തൽമണ്ണയിൽ വെച്ച് ഇവരുടേതും ഇത്തരത്തിൽ മോഷ്ടിച്ചിരുന്നു. ഇവർ നൽകിയ വിവരമനുസരിച്ച് ചെർപ്പുളശ്ശേരിയിലെ സ്ത്രീയുമായി പോലീസ് ബന്ധപ്പെട്ടു. ഒടുവിൽ സ്ത്രീ കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച ആഭരണം തിരൂരങ്ങാടി സ്റ്റേഷനിൽ എത്തി കൈമാറുകയും ചെയ്തു. അബദ്ധം പറ്റിയതാണ് എന്നാണ് പറയുന്നത്. എന്നാൽ ഇവരുടെ സ്ഥിരം പരിപാടിയാണെന്നും സംശയമുണ്ട്.