കോഴിക്കോട് വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കോടിയുടെ ആനക്കൊമ്പുമായി വേങ്ങരക്കാരടക്കം 4 പേർ പിടിയിൽ

കോഴിക്കോട് ⚫ വിൽപനയ്ക്കു കൊണ്ടുവന്ന ഒരു ജോടി ആനക്കൊമ്പ് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് സംഘം പിടികൂടി. ആവശ്യക്കാർ എന്ന വ്യാജേന സമീപിച്ചാണ് പ്രതികളിൽ നിന്ന് ഫോറസ്റ്റ് സംഘം ആനക്കൊമ്പ് കണ്ടെടുത്തത്. വിപണിയിൽ ഇതിനു 2 കോടി രൂപയോളം വിലമതിക്കുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര സ്വദേശികളായ ജാഫർ സാദിഖ് (30), മുഹമ്മദ് ബാസിൽ (25), ഷുക്കൂർ (33), പെരിന്തൽമണ്ണ കാക്കോട്ട് സ്വദേശി അബ്ദുൽ റഷീദ് (50) എന്നിവരെയാണ് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് വിജിലൻസ് ആർഎഫ്ഒ പി.പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.

ആനക്കൊമ്പ് കടത്തി കൊണ്ടുവന്ന കാർ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇന്നലെ വൈകിട്ട് 6.30 ന് മാവൂർ റോഡ് ജംക്‌ഷനിൽ വ്യാപാര ഭവനു സമീപത്തെ ചായക്കടയിൽ നിന്നാണ് സംഘം പിടിയിലായത്. 4 കിലോ വരുന്ന രണ്ടു കൊമ്പുകളാണ് കണ്ടെടുത്തത്. ആനക്കൊമ്പ് വിൽപന നടത്തുന്നതായി രഹസ്യ വിവരത്തെ തുടർന്നാണ് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് വിജിലൻസ് സംഘം എത്തിയത്. പ്രതികൾ 8 കിലോ തൂക്കം വരുന്ന രണ്ടു കൊമ്പുകൾ കാറിൽ നഗരത്തിൽ എത്തിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. പ്രതികൾ കാറുമായി വ്യാപാരഭവനു സമീപത്തെ ചെറിയ ചായക്കടയിൽ എത്തി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് ഒരു കോടി 60 ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് 'കച്ചവടം' ഉറപ്പിച്ചു. കാറിൽ നിന്നു കൊമ്പ് എടുക്കുന്നതിനിടിയിലാണ് പിടികൂടിയത്. തുടർന്ന് സംഘത്തെ മാത്തോട്ടം വനശ്രീ ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്തു. 

ആനക്കൊമ്പ് തമിഴ്നാട്ടിൽ നിന്ന് എത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. രാത്രിയോടെ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി താമരശ്ശേരി റേഞ്ച് ഓഫിസിലേക്ക് മാറ്റി. അന്വേഷണ സംഘത്തിൽ ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എ എബിൻ, ബീറ്റ് ഓഫിസർമാരായ എ ആയിഫ്, കെ വി ശ്രീനാഥ്, ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പി കെ ജിനീഷ് പങ്കെടുത്തു.