മലപ്പുറത്ത് മതസൗഹാർദത്തിന്റെ പ്രതീകമായി മാറി ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വേങ്ങര കിളിനക്കോട് കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവം ആരംഭിച്ചത്. മഹോത്സവത്തിലെ പ്രധാന ചടങ്ങ് കൂടിയായ അന്നദാനത്തിന്റെ സമാപനദിവസമാണ് അതിഥിയായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമെത്തിയത്. ദാനങ്ങളിൽ ഏറ്റവും പുണ്യകരവും മാഹാത്മ്യമേറിയതുമായ ചടങ്ങിൽ സാദിഖലി തങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ മതസൗഹാർദ്ദം വിളിച്ചോതുന്ന വേദി കൂടിയായി മാറി. “കൂടിച്ചേരാനുള്ള അവസരം നമ്മൾ നഷ്ടപ്പെടുത്തരുത്. അടുത്ത് ഇരുന്ന് ലോഹ്യം ഒക്കെ പറയുമ്പോഴാണ് നാം അടുക്കുന്നത്. അകന്ന് പോവുമ്പോഴാണ് പ്രശ്‌നങ്ങൾ വരുന്നത്. ഭക്ഷണത്തിന്റെ രുചി നാവിനാണെങ്കിലും അതിലുമേറെ രുചി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച മനസുകൾക്കാണ്. ആ രുചിയാണ് നാം നിലനിർത്തേണ്ടത്”- സാദിഖലി തങ്ങൾ പറയുന്നു.
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.