മഞ്ഞും വെയിലും മിന്നിമിന്നി കാലാവസ്ഥ; പനി വീണ്ടും വൈറലാവുന്നു;

മഞ്ഞും വെയിലും മിന്നിമിന്നി കാലാവസ്ഥ; പനി വീണ്ടും വൈറലാവുന്നു; രണ്ടാഴ്ച്ചയ്ക്കിടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ എത്തിയത് 16,393 പേർ..!

മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥ കാരണം മലപ്പുറം ജില്ലയിൽ വൈറൽ പനിയുടെ വ്യാപനം കൂട്ടുന്നു. മൺസൂൺ വിട വാങ്ങിയതിന് പിന്നാലെ വൈറൽ പനിയുമായി ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞിരുന്നെങ്കിലും വീണ്ടും ആശുപത്രികളിൽ തിരക്ക് കൂടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ 16,393 പേർ വൈറൽ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 104 പേരെ അ‌ഡ്‌മിറ്റ് ചെയ്തു. ഇന്നലെ 1,362 പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് വൈറൽ പനി റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറത്താണ്. ഓരോദിവസവും പനി ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് ആരോഗ്യ വകുപ്പിന്റെ കൈവശമില്ല.

ഡെങ്കി, എലിപ്പനി കേസുകളും ജില്ലയിൽ വർദ്ധിക്കുന്നുണ്ട്. ഡെങ്കി ലക്ഷണങ്ങളോടെ 44 പേർ ചികിത്സ തേടിയപ്പോൾ ഇതിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. മേലാറ്റൂർ, ചോക്കാട്, കുഴിമണ്ണ, നെടിയിരുപ്പ് എന്നിവിടങ്ങളിലാണിത്. കോഡൂർ, പോരൂർ, തിരുവാലി, മലപ്പുറം, മക്കരപ്പറമ്പ്, പൂക്കോട്ടൂർ, കണ്ണമംഗലം, തിരുവാലി, തുവ്വൂർ, മൊറയൂർ, ഊരകം എന്നിവിടങ്ങളിലും രണ്ടാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കിടെ 22 പേർ എലിപ്പനി ലക്ഷണങ്ങളോടെ സർക്കാർ  ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഒരുമരണവും ഉണ്ടായി. ഇന്നലെ കൂട്ടിലങ്ങാടി, നെടുവ എന്നിവിടങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വേനൽ കടുക്കുംമുമ്പേ 2,406 പേർ അതിസാരം ബാധിച്ച് ചികിത്സ തേടി.

ഹെപ്പറ്റൈറ്റിസ് എ മൂന്ന് പേർക്കും ഹെപ്പറ്റൈറ്റിസ് ബി രണ്ട് പേർക്കും സ്ഥിരീകരിച്ചു. 140 പേർക്ക് ചിക്കൻപോക്സും ബാധിച്ചിട്ടുണ്ട്.

today news

കൂടുതൽ‍ കാണിക്കുക

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സംസ്ഥാനത്ത് ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം; മരുന്നുകളും ദുരുപയോഗം ചെയ്യുന്നു, ലഹരി വ്യാപാരി ജോബിനായി തെരച്ചിൽ