ആരാധകരെ നിയമം പാലിക്കുവിൻ
ഈ കാണുന്നതൊന്നും ഒരു വാഹന ഷോറൂമിലെ വണ്ടികളല്ല. നമ്മുടെ കുട്ടികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അനധികൃതമായി ഓടിച്ചുകൊണ്ടുവന്നതിന് പോലീസ് പിടികൂടിയ വാഹനങ്ങളാണ്.
കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഹനിക്കുന്ന വിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, അമിത ലാഭേച്ഛയോടെയുള്ള ലഹരി പദാർത്ഥങ്ങളുടെ നിയമ വിരുദ്ധമായ വിൽപ്പന എന്നിവ തടയുന്നതിനും, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ച് നിരന്തരം അടികലശലുകളിലേർപ്പെട്ട് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും, നിയമാനുസരണം ഡ്രൈവിംഗ് ലൈസൻസും, മറ്റ് രേഖകളും ഇല്ലാതെ ടൂ വീലറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിത വേഗതയിലും, ട്രിപ്പിൾ റൈഡ് ആയും അപകടകരമായും ഓടിക്കുക വഴി അപകടം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അത്തരം കൃത്യങ്ങൾ തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ. സുജിത് ദാസ്. എസ്. ഐ. പി. എസ്-ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ
പോലീസ് ഉദ്യോഗസ്ഥർ സ്കൂളുകൾ കേന്ദ്രീകരിച്ച് “ഓപ്പറേഷൻ തല്ലുമാല” എന്ന പേരിൽ പ്രത്യേകം മിന്നൽ പരിശോധനകൾ നടത്തുകയുണ്ടായി.
മിന്നൽ പരിശോധനയിൽ ലൈസൻസില്ലാതെ വാഹനം ഓടിച്ച കുറ്റത്തിന് 53 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെയും, മതിയായ രേഖകൾ ഇല്ലാതെ വാഹനം ഓടിച്ച കുറ്റത്തിന് 41 വിദ്യാർത്ഥികൾക്കെതിരെയും, മൂന്ന് ആളുകളെ കയറ്റി മോട്ടോർ സൈക്കിൾ ഓടിച്ചതിന് 69 വിദ്യാർത്ഥികൾക്കെതിരെയും, നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിച്ചതിന് 22 വിദ്യാർത്ഥികൾക്കെതിരെയും മോട്ടോർ വാഹന നിയമ പ്രകാരവും, ഐ.പി.സി പ്രകാരവും നിയമ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് മൊത്തം 200 ഓളം കേസുകൾ ഇതു വരെ രജിസ്റ്റർ ചെയ്തിട്ടുള്ളതും, ഒറ്റ ദിവസം മാത്രം അഞ്ച് ലക്ഷത്തി മുപ്പത്തൊൻപതിനായിരത്തോളം രൂപ പിഴ അടപ്പിച്ചിട്ടുള്ളതുമാണ്.
ജില്ലയിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മാത്രം ആകെ 205 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുള്ളതാണ്. മേലാറ്റൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ പരിസരങ്ങളിൽ വെച്ച് ലഹരി ഉപയോഗം നടത്തിയതിന് ഒരാൾക്കെതിരെ NDPS Act പ്രകാരം കേസെടുത്തിട്ടുള്ളതും 5 ഓളം വിദ്യാർത്ഥികൾക്ക് പോലീസ് സന്മാർഗ്ഗ ഉപദേശം നൽകി വിട്ടയച്ചിട്ടുള്ളതുമാണ്. വാഴക്കാട് പോലീസ് സ്റ്റേഷനിൽ കലോത്സവത്തോടനുബന്ധിച്ച് കൊടി ഉയർത്തുന്ന കാര്യത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ പോലീസിന്റെ ഫലപ്രദമായ ഇടപെടൽ കാരണം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നിട്ടുള്ളതുമാണ്. ആയതിന് കേസെടുത്തിട്ടുള്ളതുമാണ്.
വിവിധ സ്കൂളുകളിൽ നിന്നും ഹൈസ്കൂൾ തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളാണ് പരിശോധനയിൽ പോലീസിന്റെ പിടിയിലായത്. വർദ്ധിച്ച് വരുന്ന വാഹനാപകടങ്ങൾ കുറവ് ചെയ്യുന്നതിനും, വിദ്യാർത്ഥികളിൽ മോട്ടോർ ട്രാൻസ്പോർട്ട് നിയമങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും, വിദ്യാർത്ഥികളിൽ കുറ്റവാസന ഇല്ലാതാക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണ്. #malappurampolice
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ