ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക: 'നോട്ട'യും 'എൻഡ്' ബട്ടണും ശ്രദ്ധിക്കണം; നടപടിക്രമങ്ങൾ ഇങ്ങനെ..
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ട വോട്ടറാണെങ്കിൽ പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ലേബലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ.
എന്നാൽ, നിങ്ങൾ ഒരു ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടതുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് വാർഡിലേക്കും, ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും, ജില്ലാ പഞ്ചായത്ത് വാർഡിലേക്കുമായാണ്.
ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള യൂണിറ്റിന് വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഈ നിറങ്ങൾ അനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്.
മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർ ശ്രദ്ധിക്കുക, തദ്ദേശ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) എന്ന ഓപ്ഷൻ ഇല്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളിൽ ആർക്കും വോട്ട് ചെയ്യാൻ താത്പര്യമില്ലെങ്കിൽ ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമുള്ള 'എൻഡ്' ബട്ടൺ അമർത്താം.
ഇഷ്ടമുള്ള ഒന്നോ രണ്ടോ സ്ഥാനാർത്ഥികൾക്ക് മാത്രം വോട്ട് രേഖപ്പെടുത്തിയ ശേഷവും ഈ 'എൻഡ് ബട്ടൺ' അമർത്തി മടങ്ങാൻ സാധിക്കും. ഉദാഹരണത്തിന്, ഗ്രാമപ്പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥിക്കുമാത്രം വോട്ട് ചെയ്തശേഷം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഒഴിവാക്കി എൻഡ് ബട്ടൺ അമർത്താവുന്നതാണ്.
അതേസമയം, മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലുമുള്ള ബാലറ്റിൽ 'എൻഡ് ബട്ടൺ' ലഭ്യമല്ല.
♦️ *വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ ഇങ്ങനെയാണ്:*
പോളിങ് ബൂത്തിലേക്ക് കടക്കുമ്പോൾ ആദ്യത്തെ പോളിങ് ഉദ്യോഗസ്ഥൻ നിങ്ങളുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കും. രണ്ടാമത്തെ പോളിങ് ഉദ്യോഗസ്ഥനാണ് കൈവിരലിൽ മഷി പുരട്ടുകയും വോട്ട് രജിസ്റ്ററിൽ ഒപ്പുവെപ്പിക്കുകയും ശേഷം വോട്ട് ചെയ്യാനുള്ള സ്ലിപ്പ് നൽകുകയും ചെയ്യുന്നത്.
ഈ സ്ലിപ്പ് വോട്ടിങ് യന്ത്രത്തിൻ്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥന് കൈമാറുമ്പോൾ അദ്ദേഹം കൺട്രോൾ റൂമിലെ ബാലറ്റ് മെഷീൻ അമർത്തി വോട്ടിങ് മെഷീൻ സജ്ജമാക്കും. തുടർന്ന് വോട്ടിങ് കംപാർട്ട്മെന്റിലേക്ക് കടന്ന് സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്.
വോട്ട് ചെയ്താൽ സ്ഥാനാർത്ഥിയുടെ പേരിന് നേരെയുള്ള ചുവപ്പ് ലൈറ്റ് പ്രകാശിക്കുകയും ബിപ്പ് ശബ്ദം കേൾക്കുകയും ചെയ്യും. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ പ്രിസൈഡിങ് ഓഫീസറോട് ചോദിക്കാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ