ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് എത്തി

കൊളംമ്പോ: ഇന്ത്യയുടെ കടുത്ത എതിർപ്പും ആശങ്കകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ 'യുവാൻ വാങ് 5' ശ്രീലങ്കൻ തുറമുഖത്ത് അടുത്തു. ചൊവ്വാഴ്ച രാവിലെയാണ് കപ്പൽ ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് എത്തിയത്. പ്രാദേശിക സമയം 8.30 ഓടെ തുറമുഖത്ത് എത്തിയ കപ്പൽ ഈ മാസം 22 വരെ ശ്രീലങ്കൻ തുറമുഖത്തുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഈ മാസം 11-ന് എത്തേണ്ടിയിരുന്ന കപ്പൽ, ആദ്യഘട്ടത്തിൽ ശ്രീലങ്ക അനുമതി നിഷേധിച്ചതോടെയാണ് വൈകിയത്.


യുവാൻ വാങ് 5 ലങ്കൻ തീരത്തേക്ക് എത്തുന്നതിൽ കടുത്ത ആശങ്കയാണ് ഇന്ത്യ ഉയർത്തിയത്. തുടർന്ന് ആദ്യഘട്ടത്തിൽ യാത്ര നീട്ടിവെയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങളും ശ്രീലങ്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലായിരുന്നു ചൈന. ഇന്ത്യ ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് ചൈന ആരോപിച്ചത്. ചൈനയും ശ്രീലങ്കയും തമ്മിലുള്ള സഹകരണം തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണണെന്ന് ചില കക്ഷികളോട് അഭ്യർഥിക്കുന്നു എന്നാണ് ഇന്ത്യയുടെ പേര് പരാമർശിക്കാതെ ചൈന വിഷയത്തിൽ പ്രതികരിച്ചത്.

ഓഗസ്റ്റ് 16 മുതൽ 22 വരെ ശ്രീലങ്കയിൽ ചൈനീസ് മേൽനോട്ടത്തിലുള്ള ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിടാൻ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ശ്രീലങ്കൻ ഹാർബർ മാസ്റ്റർ നിർമൽ പി. സിൽവ വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ട് അനുമതി നൽകരുതെന്ന ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നൽകിയില്ലെന്നും അതുകൊണ്ടാണ് അനുമതി നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോയതെന്ന് ശ്രീലങ്കൻ സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു.


ഇന്ത്യയുടെ ആശങ്കകൾ

ഇന്ധനം നിറയ്ക്കാനാണ് കപ്പൽ ലങ്കയിൽ എത്തുന്നതെന്നാണ് ചൈന പറയുന്നതെങ്കിലും ഇന്ത്യൻ മാഹസമുദ്രത്തിൽ നിരീക്ഷണമാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ഉപഗ്രഹങ്ങളേയും മിസൈലുകളേയുമടക്കം അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ളതാണ് അത്യാധിനിക സംവിധാനങ്ങളുള്ള ഈ ചാരക്കപ്പൽ. അതിനാൽ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിരീക്ഷണത്തിനാണ് കപ്പൽ എത്തുന്നതെന്നാണ് വിലയിരുത്തിയിരുന്നത്.

750 കിലോമീറ്റർ പരിധിയിലെ വരെ സിഗ്നലുകൾ പിടിച്ചെടുക്കാൻ കപ്പലിന് സാധിച്ചേക്കുമെന്നതിനാൽ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ചോർത്തിയേക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ദക്ഷിണേന്ത്യൻ തുറമുഖങ്ങൾ കപ്പലിന്റെ നിരീക്ഷണ പരിധിയിൽ വരുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഒപ്പം കൂടങ്കുളം, കൽപാക്കം ആണവ നിലയങ്ങളിലെയും ശ്രീഹരിക്കോട്ടയും പരിധിയിൽ വരുന്നു. കപ്പലിലെ ഉപഗ്രഹനിരീക്ഷണസംവിധാനം സുരക്ഷാഭീഷണിയായി തന്നെയാണ് വിലയിരുത്തുന്നത്.