ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കര്‍ക്കടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ്.ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്...
ഒരിലയില്‍ 63 തരം വിഭവങ്ങള്‍ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യയാണ് വള്ളസദ്യ.
ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് സദ്യയിലെ വിഭവങ്ങള്‍.
വഴിപാട് നടത്തുന്നയാള്‍ 44 പള്ളിയോടങ്ങളില്‍ ഒന്നിനെ വള്ളംകളിക്ക് ക്ഷണിക്കുന്നതോടെ ചടങ്ങിന് തുടക്കമാവും. സദ്യദിനത്തില്‍ വഴിപാടുകാരന്‍ ക്ഷേത്രദര്‍ശനം നടത്തി കൊടിമരത്തിനു മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. ക്ഷേത്രത്തില്‍നിന്ന് പൂജിച്ചു കിട്ടുന്ന മാല കരയിലെത്തി പള്ളിയോടത്തിന് ചാര്‍ത്തുന്നതാണ് അടുത്തപടി .
48 വിഭവങ്ങളുമായാണ് സദ്യ ആരംഭിക്കുന്നത്. ബാക്കി വിഭവങ്ങള്‍ പാട്ടുപാടി ചോദിച്ചുവാങ്ങുകയാണ് രീതി. പദ്യരൂപത്തില്‍ ആവശ്യപ്പെടുന്ന വിഭവങ്ങള്‍ വിളമ്പുകാര്‍ എത്തിക്കുന്ന ചടങ്ങ് രസകരമാണ്. ഊണുകഴിഞ്ഞ് കൈ കഴുകിയ ശേഷം കരക്കാര്‍ വീണ്ടും കൊടിമരച്ചുവട്ടിലെത്തി അവിടെ നിറച്ചുവെച്ചിരിക്കുന്ന പറ മറിക്കും. പറ തളിക്കുക എന്നാണിതിന് പേര്. തുടര്‍ന്ന് പള്ളിയോട കരക്കാര്‍ ദക്ഷിണ സ്വീകരിച്ച് വഴിപാടുകാരെ അനുഗ്രഹിക്കുന്നു. വള്ളപ്പാട്ടുപാടി നീങ്ങുന്ന കരക്കാരെ ക്ഷേത്രക്കടവുവരെ വഴിപാടുകാരും അനുഗമിക്കും. കരക്കാര്‍ പള്ളിയോടത്തിലേറി വള്ളപ്പാട്ട് പാടി സ്വന്തം കരകളിലേക്ക് പോവുന്നതോടെ വള്ളസദ്യയുടെ ചടങ്ങുകള്‍ സമാപിക്കുകയായി. തിരുവോണദിവസം തിരുവോണത്തോണിയിലെത്തുന്ന പച്ചക്കറികളും ധാന്യങ്ങളും പാകംചെയ്താണ് തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കുന്നത്. അന്ന് വള്ളസദ്യ ഉണ്ടായിരിക്കുന്നതല്ല.
സദ്യയ്ക്ക് വള്ളക്കാർ ചോദിക്കുന്നതനുസരിച്ചാണ് കറികൾ വിളമ്പുക, ചോദിക്കുന്നതെല്ലാം വിളമ്പും. അവസാന ദിവസം 51 വിഭവങ്ങൾ ഉണ്ടാകും. ശത്രുദോഷത്തിന് പരിഹാരമായാണ് കരക്കാർ ഇവിടെ വള്ളസദ്യ നടത്തുന്നത്. ഉത്തൃട്ടാതി ഇവിടത്തെ പ്രതിഷ്ഠാദിനം ആണ്. തിരുവോണം കഴിഞ്ഞ് ഉത്തൃട്ടാതി നാളിലാണ് വള്ളംകളി നടക്കുന്നത്. തിരുവോണ തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും, ഉത്തൃട്ടാതി വള്ളംകളിയും, വഞ്ചിപ്പാട്ടും ഏറെ പ്രസിദ്ധമാണ്.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം . പത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ വിശുദ്ധനദിയായ പമ്പയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരന്മാർ രചിച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം...
ആറന്മുളയിൽ വള്ളസദ്യ നേർന്നാൽ നടക്കാത്ത കാര്യമില്ല എന്നാണ് വിശ്വാസം. പ്രധാന വഴിപാടായ വള്ളസദ്യ ഉണ്ണുമ്പോള്‍ ഭഗവാന്റെ അനുഗ്രഹം ഉണ്ണുന്നവർക്കും സദ്യ നടത്തുന്നവർക്കും ലഭിക്കുമെന്ന് പറയപ്പെടുന്നു.(കടപ്പാട് )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ