തൊടുപുഴ കുടയത്തൂരിൽ ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ചു. കാണാതായവരിൽ മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഒരു വീട് പൂർണമായും തകർന്നു. കുടയത്തൂർ ജംഗ്ഷനിലുള്ള മാളിയേക്കൽ കോളനിക്ക് മുകളിലാണ് ഉരുൾപൊട്ടലുണ്ടായത്.
ചിറ്റടിച്ചാൽ സോമന്റെ വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, കൊച്ചുമകൻ ആദിദേവ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ തങ്കമ്മ, ആദിദേവ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന് പേർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
തങ്കമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ മൂന്നിനും 3.30 നുമിടെയാണ് ഉരുൾപൊട്ടലുണ്ടായത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നത്.
കേരളത്തിൽ കിഴക്കൻ മേഖലയിൽ ഇന്നും നാളെയും ഇടിയോടു കൂടെ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ