വീട്ടുജോലിക്കാരിയുടെ വിസാ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് ഇന്ത്യൻ കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി കോണ്‍സലായിരുന്ന ജനറല്‍ ദേവയാനി ഖോബ്രഗഡെയെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത് 2013 ഡിസംബറിലാണ്. ശരീര പരിശോധനയടക്കം നടത്തി മറ്റു തടവുകാര്‍ക്കൊപ്പം അവരെ ജയിലിൽ അടയ്ക്കുകയുണ്ടായി. രണ്ടരലക്ഷം ഡോളര്‍ ജാമ്യത്തിൽ അവരെ പിന്നീട് വിട്ടയച്ചു.
അമേരിക്കൻ സർക്കാരിനോടു കേസ് പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും നിയമപ്രശ്നം ചൂണ്ടിക്കാണിച്ച് അവരതിനു തയ്യാറായില്ല. ഇന്ത്യ അതിനോടുള്ള പ്രതിഷേധം അറിയിച്ചത് ഇങ്ങനെയാണ്-
അമേരിക്കയുടെ ഡല്‍ഹിയിലെ എംബസിക്കു മുന്നില്‍ സുരക്ഷയുടെ ഭാഗമായി വെച്ചിരിക്കുന്ന ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് നീക്കം ചെയ്തായിരുന്നു ആദ്യഘട്ടം. അടുത്തത് ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും എയര്‍പോര്‍ട്ട് പാസുകളും നയതന്ത്ര പരിരക്ഷ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളും ഇന്ത്യ തിരിച്ചുവാങ്ങി. അമേരിക്കന്‍ എംബസി ജീവനക്കാർക്ക് കുറഞ്ഞ നിരക്കിൽ മദ്യം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ തടഞ്ഞു. അമേരിക്കന്‍ എംബസി വാഹനങ്ങൾക്ക് ട്രാഫിക് നിയമങ്ങള്‍ ബാധകമാക്കി. അമേരിക്കൻ എംബസി സ്കൂളിലെ വർക്ക് പെർമിറ്റ്, വിസ, ആദായനികുതി തട്ടിപ്പ് എന്നീ ആരോപണങ്ങളില്‍ ഇന്ത്യൻ ആദായനികുതിയും എമിഗ്രേഷൻ അധികൃതരും അന്വേഷണം ആരംഭിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോൾ ദേവയാനിക്കെതിരായ കേസ് അമേരിക്ക ഉപേക്ഷിച്ചു.
മൗനിബാബയെന്നു ബി.ജെ.പി ഇന്നും പരിഹസിക്കുന്ന മൻമോഹൻ സിങ് ആയിരുന്നു അന്നു പ്രധാനമന്ത്രി. ഇങ്ങനെ ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിങ് വരെ ഭരണാധികാരികളായിരുന്ന 67 വർഷങ്ങൾ. കൃത്യമായിപ്പറഞ്ഞാൽ ഇന്ത്യ എന്ന രാജ്യം മറ്റു രാജ്യങ്ങൾക്കു മുന്നിൽ മാപ്പു ചോദിക്കാൻ ബാധ്യതപ്പെട്ടു പോകാതിരുന്ന 67 അഭിമാനവർഷങ്ങൾ. സാമ്പത്തിക, സൈനിക, നയതന്ത്ര മാർഗങ്ങൾ ഉപയോഗിച്ചു ലോകപോലീസിനെ വരെ തിരുത്തിക്കാൻ കഴിയുന്ന ശക്തിയായി ഇന്ത്യ നിലനിന്നിരുന്ന കാലം.
ഇന്ന് ഇന്ത്യ മാറുകയാണ്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ചാനൽ ചർച്ചകളിലും ട്വിറ്ററിലും തുപ്പുന്ന വിദ്വേഷത്തിന് ഇന്ത്യൻ സ്ഥാനപതികളെ വിളിച്ചുവരുത്തി ശാസിക്കാനും ഇന്ത്യയെ ക്ഷമ ചോദിക്കാൻ നിർബന്ധിക്കാനും കഴിയുന്ന നിലയിലേക്കു സാഹചര്യമെത്തിയിരിക്കുന്നു. ലോകത്തിനു മുന്നിൽ ഇന്ത്യയെന്ന 140 കോടി മനുഷ്യരുടെ മഹാരാജ്യം എത്രയോ ചെറുതാകുകയാണ്. 56 ഇഞ്ചു നെഞ്ച് എത്ര വിശാലമായി വിരിച്ചു വെച്ചാലും ലോകത്തിനു മുന്നിൽ വെറുപ്പും വിദ്വേഷവും പുറപ്പെടുവിക്കുന്ന സംവിധാനമായി ഇന്ത്യയുടെ ഭരണകൂടം മാറുകയാണ്.
എത്രയൊക്കെ നിശബ്ദത പാലിച്ചപ്പോഴും നെഹ്‌റു മുതൽ മൻമോഹൻ സിങ് വരെയുള്ള ഭരണാധികാരികളുടെ കാലത്ത് ഇന്ത്യ എന്ന രാജ്യത്തിന്റെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് അപമാനിക്കപ്പെടുന്നത് ഇന്ത്യയാണ്. ഈ ഇന്ത്യയെ നോക്കി നെഹ്‌റു വേദനിക്കുന്നുണ്ടാകും, ഈ ഭരണാധികാരിയെ അധികാരത്തിലേറ്റിയ ജനവിധിയെ നോക്കി മൻമോഹൻ പുഞ്ചിരിക്കുന്നുണ്ടാകും.
Hari Mohan
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ