10 കോടി രൂപ വില പറഞ്ഞുറപ്പിച്ചു; വിദേശത്തേക്കു കടത്താൻ ഇരുതലമൂരി, യുവാവ് പിടിയിൽ...
പാലക്കാട്: 10 കോടി രൂപ വില പറഞ്ഞുറപ്പിച്ചു വിദേശത്തേക്കു കടത്താൻ ആന്ധ്രപ്രദേശിൽ നിന്നു കേരളത്തിലെത്തിച്ച ഇരുതലമൂരി വിഭാഗത്തിൽപെടുന്ന പാമ്പുമായി മലപ്പുറം സ്വദേശിയെ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി എച്ച്.ഹബീബിനെയാണു (35) സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസിലെ പരിശോധനയ്ക്കിടെ പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു പിടികൂടിയത്. നാലേകാൽ കിലോഗ്രാം തൂക്കവും 25 സെന്റീമീറ്റർ വണ്ണവും ഒന്നേകാൽ മീറ്ററോളം നീളവുമുള്ള ഇരുതലമൂരിയെയാണ് ഇയാൾ കടത്തിക്കൊണ്ടു വന്നത്.
വിദേശമലയാളിക്കു വേണ്ടി 10 കോടി രൂപ വിലയുറപ്പിച്ച ഇതിനെ മലപ്പുറത്തെത്തിച്ച ശേഷം വിദേശത്തേക്കു കടത്താനായിരുന്നു ശ്രമമെന്ന് ആർപിഎഫ് പറഞ്ഞു. ബാഗിനുള്ളിൽ തുണിസഞ്ചിക്കുള്ളിൽ ഒളിപ്പിച്ചാണു പാമ്പിനെ സൂക്ഷിച്ചിരുന്നത്. പരിശോധനയ്ക്കിടെ ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. പ്രതിയെയും പാമ്പിനെയും വനംവകുപ്പിനു കൈമാറി. ഇരുതലമൂരി പാമ്പിനെ കൈവശം വച്ചാൽ സമ്പത്തു വർധിക്കുമെന്നും ഭാഗ്യം കൈവരുമെന്നും തെറ്റിദ്ധരിപ്പിച്ച് ആവശ്യക്കാർക്കു കൈമാറുകയാണു പതിവെന്നും സംസ്ഥാനത്തു പിടികൂടുന്ന ഏറ്റവും വലിയ ഇരുതലമൂരിയാണ് ഇതെന്നും വനംവകുപ്പ് അറിയിച്ചു.
ട്രെയിൻ മാർഗമുള്ള അനധികൃത വന്യജീവി കടത്തിനെക്കുറിച്ച് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിനു മാസങ്ങൾക്കു മുൻപേ രഹസ്യവിവരം ലഭിച്ചിരുന്നു. ആർപിഎഫ് പിടികൂടിയ ഇരുതലമൂരിയെ മലമ്പുഴ സ്നേക്ക് പാർക്കിലേക്കു മാറ്റി. വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തിന്റെ പരിശോധനയിൽ ഇതിനു പരുക്കുകളില്ലെന്നും പൂർണ ആരോഗ്യമുണ്ടെന്നും കണ്ടെത്തി. സ്നേക്ക് പാർക്കിൽ 3 ദിവസത്തെ നിരീക്ഷണത്തിനു ശേഷം ഇതിനെ വനത്തിലെ സംരക്ഷണ മേഖലയിൽ വിടുമെന്നു റേഞ്ച് ഓഫിസർ ആഷിക്ക് അലി അറിയിച്ചു.
ഇരുതലമൂരിയെ കൈവശം വയ്ക്കുകയോ കടത്തുകയോ ചെയ്താൽ 3 മുതൽ 7 വർഷം വരെ തടവും 25,000 രൂപ പിഴയുമാണു ശിക്ഷ. ആർപിഎഫ് ഇൻസ്പെക്ടർ ജനറൽ വി.ബീരേന്ദ്രകുമാറിന്റെ നിർദേശപ്രകാരം പാലക്കാട് ആർപിഎഫ് കമൻഡാന്റ് ജെതിൻ ബി.രാജിന്റെ നേതൃത്വത്തിൽ സിഐ എൻ.കേശവദാസ്, എസ്ഐ എ.പി.ദീപക്, എഎസ്ഐ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, കോൺസ്റ്റബിൾ വി.സവിൻ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ