
നിലവാരമുള്ള ഒരു ഇംഗ്ലീഷ് മാഗസിൻ സൗജന്യമായി നിങ്ങളുടെ പേരിൽ വീട്ടിലേക്ക് എത്താൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. അവർക്കായുള്ള കുറിപ്പ് ആണ്. അമേരിക്കയിലെ ടെക്സസിൽ നിന്ന് പബ്ലിഷ് ചെയ്യുന്ന Aramco World മാഗസിൻ ഫ്രീ ആണ്. സംസ്കാരം, കല, ആര്കിടെക്ചർ, യാത്ര, ചരിത്രം, സാഹിത്യം, തത്വശാസ്ത്രം, ഫോട്ടോഗ്രാഫി, ഭക്ഷണം എന്നിവയെല്ലാമാണ് പ്രധാന കണ്ടന്റ് ആയി വരുന്നത്.
സഊദി അറേബ്യൻ എണ്ണക്കമ്പനിയായ Saudi Aramco-യാണ് ഇതിനു ഫണ്ട് ചെയ്യുന്നത്. മുസ്‌ലിം രാജ്യങ്ങളെയും, അവിടത്തെ സംസ്കൃതിയെയും കുറിച്ചുള്ള വിഭവങ്ങൾ ആനുപാതികമായി കൂടുതലായിരിക്കാം. അത്തരം വായനകൾ തന്നെ വളരെ വിജ്ഞാനപ്രദവും ഹൃദയഹാരിയുമാണ്. ഗംഭീരമായ അമേരിക്കൻ ഇംഗ്ലീഷിലാണ് കണ്ടന്റുകൾ ഉണ്ടാകാറ്. ലോകത്തെ പ്രശസ്ത മാധ്യമ പ്രവർത്തകർ, എഴുത്തുകാർ എല്ലാം ഇതിൽ എഴുതിവരുന്നു. റിവ്യൂ കോളത്തിൽ, ഓരോ ലക്കത്തിലും എട്ടോ പത്തോ പുസ്തകങ്ങളും പരിചയപ്പെടുത്തുന്നു.
മാഗസിന്റെ ഗുണമേന്മയും രൂപഭംഗിയും സവിശേഷമായി എടുത്തുപറയേണ്ടത്. മനോഹരമായ പേജുകളും, ലേ ഔട്ടുമാണ്. ചിത്രങ്ങൾക്ക് കൂടുതൽ സ്‌പേസ് നൽകുന്നതിനാൽ വായനയും സുഖപ്രദം. ഞാൻ ഏതാണ്ട് പത്തുവർഷമായി വീട്ടിലേക്കും, ഓഫീസിലേക്കും കോപ്പിവരുത്തുന്നു. അടുത്ത സുഹൃത്തുക്കളിൽ ചിലരും വരുത്തുന്നുണ്ട്. നമ്മുടെ വീടുകളിലേക്ക് എന്നപോലെ നാട്ടിലെ ലൈബ്രറി, കോളേജ് ലൈബ്രറികൾ എന്നിവിടങ്ങളിലേക്കെല്ലാം നമുക്ക് അഡ്രസ് നൽകാവുന്നതാണ്.
മാർച്- ഏപ്രിൽ ലക്കമാണ് അവസാനമായി കയ്യിൽ കിട്ടിയത്. ആര്കിടെക്ച്ചർ, പെയിന്റിംഗ് എന്നിവയിൽ നീലനിറം എത്രമേൽ പ്രധാനവും, അത്തരം ആവിഷ്കാരങ്ങളുടെ മനോഹാരിതയും വിവരിക്കുന്ന കവർസ്റ്റോറി ഏറെ വിജ്ഞാനപ്രദമാണ്. യാത്രയെഴുത്തിൽ ശ്രദ്ധേയനായ
Tristan Rutherford-ന്റെ ഇന്തോനേഷ്യയിലെ ഉരുനിർമാണ ചരിത്രത്തെ കുറിച്ചുള്ള ഫീച്ചറും ആസ്വാദ്യമായി തോന്നി.
വളരെ എളുപ്പമാണ് Aramco World സബ്സ്ക്രൈബ് ചെയ്യാൻ. അന്താരാഷ്ട്ര ഓപ്‌ഷൻ നൽകി നമ്മുടെ വീട്ടഡ്രസ് തെറ്റില്ലാതെ കൊടുത്താൽ മതി. ഓരോ രണ്ടു മാസങ്ങൾ കൂടുമ്പോഴും നിങ്ങളെത്തേടി മനോഹരമായ ഒരു വായനാവിഭവമെത്തും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ