കെ റെയിലില്‍ ഹൈക്കോടതിയുടെ ചെങ്കൊടി. അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണം. പദ്ധതിക്കുവേണ്ടി രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ തൂണുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കല്ലുകള്‍ നീക്കം ചെയ്യാന്‍ എന്തു നടപടി സ്വീകരിക്കുമെന്നും കോടതി ചോദിച്ചു.
🔳സില്‍വര്‍ ലൈന്‍ സ്ഥലം ഏറ്റെടുക്കുന്നതു ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ കൂടുതല്‍ ഹര്‍ജികളെത്തി. ഇവ പരിഗണിക്കവേയാണ് ഹൈക്കോടതി സുപ്രധാന ഉത്തരവു പുറപ്പെടുവിച്ചത്. സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കാതെ പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. കോട്ടയം, തൃശൂര്‍, കോഴിക്കോട് സ്വദേശികളാണ് ഹര്‍ജിക്കാര്‍.
🔳സംസ്ഥാനത്ത് റേഷന്‍ വിതരണം ഏഴു ജില്ലകളില്‍ രാവിലേയും മറ്റ് ഏഴു ജില്ലകളില്‍ ഉച്ചയ്ക്കു ശേഷവുമാക്കി മാറ്റുന്നു. സെര്‍വര്‍ തകരാര്‍മൂലം ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഒരാഴ്ചയായി റേഷന്‍ വിതരണം മുടങ്ങിയതിനാലാണ് ഈ ക്രമീകരണം. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ 12 വരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.
🔳പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിനുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അധ്യക്ഷയായുള്ള സമിതി അന്വേഷിക്കും. സുപ്രീംകോടതിയാണ് സമിതിയെ നിയോഗിച്ചത്. വഴിതടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരവും പോലീസ് നടപടികളും പരിശോധിക്കും.
🔳പെരിയ ഇരട്ടക്കൊലക്കേസിലെ 24 പ്രതികളുടെയും റിമാന്‍ഡ് രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. ജയില്‍ മാറ്റം വേണമെന്ന അപേക്ഷ ഈ മാസം 25 നു പരിഗണിക്കും. എറണാകുളം സിജെഎം കോടതിയാണു കേസ് പരിഗണിച്ചത്. പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കാക്കനാട് ജയിലിലുമാണുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള ഒന്നാം പ്രതി ഉള്‍പ്പടെ 11 പേരെ കാക്കനാട് ജയിലിലേക്കു മാറ്റണമെന്ന് സിബിഐ അന്വേഷണ സംഘവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് കാക്കനാട് ജയിലിലുള്ള പ്രതികളും നല്‍കിയ അപേക്ഷകളാണ് കോടതി പരിഗണിക്കുക.
🔳ശബരിമല തിരുവാഭരണ ഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.29 ന് മകരസംക്രമപൂജയും സംക്രാഭിഷേകവും നടക്കും. മകരവിളക്ക് ദിവസം തീര്‍ത്ഥാടകര്‍ക്ക് മലയറുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പാണ്ടി താവളത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുമെങ്കിലും പര്‍ണശാലകള്‍ കെട്ടാനോ പാചകത്തിനോ അനുമതിയില്ല. സന്നിധാനത്ത് 24 മണിക്കൂര്‍ തങ്ങാം. അന്നദാനം ഉണ്ടാകും. മകരവിളക്കു കഴിഞ്ഞ് സന്നിധാനത്തു തങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരവുമുണ്ടാകും.
🔳പാലക്കാട് ഉമ്മിനിയിലെ വീട്ടില്‍ കുഞ്ഞുങ്ങളെ പ്രസവിച്ച തള്ളപ്പുലിയെ പിടിക്കാനുളള വനംവകുപ്പ് അധികൃതരുടെ നാലാം ദിവസത്തെ ശ്രമവും പരാജയപ്പെട്ടു. ഇന്നലെ രാത്രി തള്ളപ്പുലി എത്തിയില്ല. കെണിയായി ഒരുക്കിയ കൂട്ടില്‍ വച്ചിരുന്ന പുലിക്കുഞ്ഞിനെ വനംവകുപ്പ് അധികാരികള്‍ പരിചരണ കേന്ദ്രത്തിലേക്കു മാറ്റി. കഴിഞ്ഞ ദിവസം രാത്രി ഒരു കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയിരുന്നു.
🔳പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സുരക്ഷ ഒരുക്കിയിട്ടുണ്ട്.
🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ ആള്‍ക്കൂട്ട നിയന്ത്രണം നിലനില്‍ക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത സമൂഹ തിരുവാതിര സംഘടിപ്പിച്ച് സിപിഎം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കമുള്ള നേതാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.
🔳സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ട് ബീച്ച് റോഡില്‍ പൊതുസമ്മേളനം നടത്തുമെന്നു ജില്ലാ സെക്രട്ടറി പി.മോഹനന്‍. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണു സമ്മേളനം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും സിപിഎം പൊതുസമ്മേളനം തുടരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കേയാണ് വിശദീകരണം.
🔳ഇത്തവണത്തെ റിപ്പബ്ലിക്ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യം ഉണ്ടാകില്ല. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പരേഡ്. ശ്രീനാരായണഗുരു പ്രതിമയും ജഡായുപാറയും ഉള്‍പെടുന്ന നിശ്ചലദൃശ്യമാണു കേരളം സമര്‍പ്പിച്ചത്. പകരം ആദിശങ്കരന്റെ നിശ്ചലദൃശ്യം തയാറാക്കാന്‍ പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരളം അതു നിരസിച്ചതോടെ പരേഡില്‍ കേരളത്തിന്റെ ദൃശ്യം ഉണ്ടാകില്ലെന്ന് ഉറപ്പായി.
🔳ഇടുക്കി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി ധീരജിനെ കുത്തിക്കൊന്ന കേസില്‍ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായില്ല. പ്രതികളായ നിഖില്‍ പൈലിയേയും ജെറിന്‍ ജോജോയേയും കോടതിയില്‍ ഹാജരാക്കി തെളിവെടുപ്പിനു കസ്റ്റഡിയില്‍ വാങ്ങും.
🔳രക്തസാക്ഷിയെ കിട്ടിയതിന്റെ ആഹ്ലാദത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരുവാതിര കളിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ധീരജിന്റെ വിലാപയാത്ര നടക്കുമ്പോള്‍ തിരുവനന്തപുരത്ത് പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള മെഗാ തിരുവാതിരക്കളി നടത്തി ആഘോഷിക്കുകയായിരുന്നെന്ന് സുധാകരന്‍ ആരോപിച്ചു.
🔳യൂത്ത് കോണ്‍ഗ്രസ് ഇളംചോര കൊതിക്കുന്ന ഡ്രാക്കുളയായെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികള്‍. കൊലയാളിയെപ്പോലും ലജ്ജിപ്പിക്കുന്ന നിലപാടാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേത്. കേരളത്തില്‍ കലാപത്തിനുള്ള ആഹ്വാനമാണ് സുധാകരന്‍ നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.
🔳വിവാഹയാത്ര കിടിലനാക്കാന്‍ വധൂവരന്മാരെ ആംബുലന്‍സില്‍ കയറ്റി സൈറണ്‍ മുഴക്കി പാഞ്ഞു. ഒടുവില്‍ ആംബുലന്‍സിനു പണികിട്ടി. വധുവരന്മാരുമായി സൈറണ്‍ മുഴക്കി പായുന്ന ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത് പൊലീസിനു കൈമാറി. കായംകുളം കറ്റാനത്തുള്ള ആംബുലന്‍സാണ് പിടിയിലായത്. കറ്റാനം ഓര്‍ത്തഡോക്സ് പള്ളിയിലായിരുന്നു വിവാഹം.
🔳മാഹിയില്‍നിന്ന് പിക്കപ്പ് വാനില്‍ കടത്തികൊണ്ടുവന്ന 200 ലിറ്ററോളം മദ്യവുമായി മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടാളിയും പിടിയിലായി. പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ മദ്യ വില്‍പ്പന നടത്തിയ കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കല്‍ ശരത് ലാല്‍ (30), പാറക്കോട്ടില്‍ നിതിന്‍ (31) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാണ്ടിക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു ശരത് ലാല്‍.
🔳കിറ്റെക്സ് എംഡി സാബു ജേക്കബിനെതിരെ പി.വി ശ്രീനിജന്‍ എംഎല്‍എ അവകാശലംഘനത്തിന് സ്പീക്കര്‍ക്കു നോട്ടീസ് നല്‍കി. തന്നെയും എംഎല്‍എ പദവിയേയും അവഹേളിച്ചെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്. ചാനല്‍ ചര്‍ച്ചയില്‍ എംഎല്‍എ എന്ന ഭരണഘടനാ പദവിയെ മോശമായി പരാമര്‍ശിക്കുകയും തെരുവില്‍ കിടക്കുന്നവന്റെ സംസ്‌ക്കാരമുള്ളവനുമായി സംസാരിക്കാനില്ലെന്ന് അധിക്ഷേപിക്കുകയും ചെയ്തെന്ന് എംഎല്‍എ വിശദീകരിക്കുന്നു.
🔳സില്‍വര്‍ലൈന്‍ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രാനുമതിയുണ്ടെന്ന് മുഖ്യമന്ത്രി. റെയില്‍വെ ബോര്‍ഡ് തത്വത്തില്‍ പദ്ധതിക്ക് അംഗീകാരം തന്നിട്ടുണ്ട്. വികസനത്തിനു വായ്പയെടുക്കാത്ത ഒരു സര്‍ക്കാരും ഇല്ലെന്നും 'ചിന്ത' വാരികയിലെഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ മുഖ്യമന്ത്രി ലേഖനമെഴുതിയാല്‍ പോരാ, കേന്ദ്രാനുമതി എത്തരത്തിലുള്ളതാണെന്ന് കൃത്യമായി വിശദീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
🔳കെ റെയിലിന് അനുകൂലമായ പ്രചാരണത്തിന് സര്‍ക്കാര്‍ കൈ പുസ്തകം പുറത്തിറക്കുന്നു. 50 ലക്ഷം കൈപ്പുസ്തകമാണ് തയാറാക്കുന്നത്. ഇതിനായി സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു.
🔳പുനലൂര്‍ ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ജീവനക്കാരില്‍നിന്ന് കണക്കില്‍പെടാത്ത പണവും കോഴയായി ലഭിച്ച പഴവര്‍ഗങ്ങളും പച്ചക്കറികളും കണ്ടെത്തി.
🔳കോട്ടയത്തെ കിടങ്ങൂരില്‍ 88 വയസുള്ള വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന്‍ (20) എന്ന യുവാവിനെയാണു പോലീസ് പിടികൂടിയത്.
🔳വയനാട്ടില്‍ ഗുണ്ടാസംഘം മയക്കുമരുന്നു പാര്‍ട്ടി നടത്തിയ റിസോര്‍ട്ടിനെതിരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസ്. ഒത്തുകൂടിയത് ഗുണ്ടകളാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് റിസോര്‍ട്ട് നടത്തിപ്പുകാര്‍ പറയുന്നത്. കൊച്ചിയിലെ പ്രധാന ക്വട്ടേഷന്‍ സംഘത്തലവന്‍ അടക്കം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതായി സൂചന. സിസിടിവി ദൃശ്യങ്ങളും പിടിയിലായവരുടെ ഫോണ്‍ കോളുകളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
🔳സ്വാമി വിവേകാന്ദ ജയന്തി ദിനത്തില്‍ ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു സ്വാമി വിവേകാനന്ദന്റേതെന്ന് മോദി പറഞ്ഞു. ദേശീയ യുവജന ദിന ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
🔳ബിജെപിയില്‍നിന്നു രാജിവച്ചതിനു പിറകേ, എംഎല്‍എയെ കാണാനില്ലെന്ന പരാതിയുമായി മകള്‍. ഉത്തര്‍ പ്രദേശ് എംഎല്‍എ വിനയ് ഷാക്യയുടെ മകളായ റിയ ആണ് പിതാവിനെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. അമ്മാവനും മുത്തശ്ശിയും ചേര്‍ന്ന് പിതാവിനെ ലക്നൊവിലേക്കു കൊണ്ടുപോയിരുന്നു.
🔳വിള നശിപ്പിക്കാനിറങ്ങിയ കാട്ടാനകള്‍ കനാലില്‍ കുടുങ്ങി. മൈസൂര്‍ നാഗര്‍ഹോളെ കടുവാ സങ്കേതത്തിന് സമീപമുള്ള ഗുരുപുര ഗ്രാമത്തിലാണ് സംഭവം. വിള നശിപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ കര്‍ഷകര്‍ തുരത്തിയോടിച്ചപ്പോഴാണു കനാലില്‍ കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കനാലില്‍നിന്ന് ആനക്കൂട്ടത്തെ കരയ്ക്കു കയറ്റിയത്.
🔳യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഥുരയില്‍ നിന്ന് മത്സരിക്കേണ്ടെന്ന് ബിജെപി കോര്‍ കമ്മിറ്റി. അയോധ്യയില്‍ യോഗിയെ മത്സരിപ്പിക്കാനാണ് ആലോചന. അയോധ്യയിലെ ക്ഷേത്ര നിര്‍മാണം മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കാനും നിര്‍ദേശമുണ്ട്. ആദിത്യനാഥിനെ നേരത്തേ മത്സരിച്ച ഗോരഖ് പൂരിലേക്ക് മാറ്റാനും ആലോചനയുണ്ടായിരുന്നു.
🔳സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സ്വര്‍ണ നിക്ഷേപ മാര്‍ഗമായ സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) പദ്ധതിയില്‍ 14 വരെ നിക്ഷേപിക്കാം. 2021-2022 സീരീസിന്റെ ഒന്‍പതാം ഘട്ട വിതരണമാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,786 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഡിജിറ്റലായി പണമിടപാട് നടത്തുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ബോണ്ട് വില്‍പന ആരംഭിക്കുന്നതിനു തൊട്ടുമുന്‍പുള്ള 3 പ്രവൃത്തി ദിവസങ്ങളിലെ, 999 പരിശുദ്ധ സ്വര്‍ണത്തിന്റെ ശരാശരി ക്ലോസിങ് വില അടിസ്ഥാനമാക്കിയാണ് ബോണ്ട് നിരക്ക്.
🔳സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,840 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4480 ആയി. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞനിലവാരത്തില്‍ വില എത്തിയിരുന്നു.35,600 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്ക്.
🔳മഹേഷ് നാരായണന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'അറിയിപ്പ്. കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്. 'അറിയിപ്പ്' എന്ന പുതിയ ചിത്രത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ആദ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വേറിട്ട ലുക്കിലാണ് അറിയിപ്പ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍. നോയിഡയിലാണ് മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.
🔳സായ് പല്ലവി നായികയായെത്തിയ ചിത്രമാണ് 'ശ്യാം സിന്‍ഹ റോയി'. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്ത് നാനി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ പുതിയൊരു വീഡിയോ ഗാനം പുറത്തുവിട്ടു. 'പ്രണവാലയ' എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നാനിയും സായ് പല്ലവിയുമാണ് ചിത്രത്തിലെ ഗാനരംഗത്തുള്ളത്. സിരിവെന്നെലെ സീതാരാമ ശാസ്ത്രിയാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.
🔳ഇന്ത്യയില്‍ നിര്‍ണായക നാഴിക്കല്ല് പിന്നിട്ട് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. 60 ലക്ഷം ഉല്‍പ്പാദനം എന്ന നാഴിക്കല്ലാണ് കമ്പനി താണ്ടിയത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള കമ്പനിയുടെ ഫാക്ടറിയിലെ ഉല്‍പ്പാദന നിരയില്‍ നിന്നാണ് 60 ലക്ഷം എന്ന എണ്ണം തികച്ച ഇരുചക്ര വാഹനം പുറത്തിറക്കിയത്. പുതിയ സുസുക്കി അവെനിസ് 125 ആണ് കമ്പനിയുടെ ഉല്‍പ്പാദന നിരയില്‍ നിന്ന് പുറത്തിറങ്ങുന്ന 60 ലക്ഷം എന്ന മാന്ത്രിക സംഖ്യയുടെ ഉടമയായ ഇരുചക്രവാഹനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳ശക്തമെന്നും സുരക്ഷിതമെന്നും കരുതപ്പെടുന്ന ലോക്കറുകള്‍ 'ജിമ്മി വാലന്റൈന്‍' എന്ന കവര്‍ച്ചക്കാരനുമുന്നില്‍ വെണ്ണ കണക്കെ മൃദുലമാകുന്നു. ബാങ്കുകൊള്ള തുടര്‍ക്കഥയാക്കിയ ബുദ്ധിമാനായ ഈ കുറ്റവാളിയെ തിരഞ്ഞെത്തുകയാണ് ഡിറ്റക്ടീവ് ബെന്‍ പ്രൈസ്. കുറ്റവാളിയില്‍ ഒരു പരിവര്‍ത്തനം സാധ്യമാണോ? ഒരു കുറ്റവാളി എന്നും കുറ്റവാളിതന്നെയായി തുടരുമോ? എന്ന ചോദ്യമാണ്, ഒ. ഹെന്റിയുടെ ഈ വിഖ്യാതരചനയുടെ മര്‍മം. പുനരാവിഷ്‌കാരം: ജയ്സണ്‍ കൊച്ചുവീടന്‍. എച്ച് ആന്‍ഡ് സി ബുക്സ്. വില 45 രൂപ.
🔳സാധാരണ ജലദോഷത്തിലൂടെ ശരീരം കൈവരിക്കുന്ന പ്രതിരോധം കൊറോണ വൈറസിനെ തടയുമെന്ന് പഠനം. ജലദോഷത്തിലൂടെ ഉയര്‍ന്ന തോതില്‍ ടി സെല്ലുകള്‍ ആര്‍ജിക്കുന്നവര്‍ക്ക് കോവിഡ് വരാന്‍ സാധ്യത കുറവാണെന്നാണ് നാച്വര്‍ കമ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകരാണ് പഠനം നടത്തിയത്. ടി സെല്ലുകള്‍ കോവിഡില്‍നിന്ന സംരക്ഷിത കവചമായി പ്രവര്‍ത്തിക്കുന്നതിനു തെളിവു നല്‍കുന്ന ആദ്യ പഠനമാണ് ഇത്. ജലദോഷം ഉള്‍പ്പെടെയുള്ള കൊറോണ വൈറസ് ബാധയിലൂടെ ആര്‍ജിക്കുന്ന ടി സെല്ലുകള്‍ കോവിഡിനു കാരണമാവുന്ന സാര്‍സ് കൊറോണ വൈറസിനെ തിരിച്ചറിയുമെന്ന് നേരത്തെ തന്നെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതു പ്രതിരോധമായി മാറുമെന്നാണ് പുതിയ കണ്ടെത്തല്‍. ഒമൈക്രോണ്‍ ഉള്‍പ്പെടെയുള്ള പുതിയ വകഭേദങ്ങളെ തടയാനാവുന്ന, കോവിഡിനെതിരെ പ്രയോഗിക്കാവുന്ന സാര്‍വജനീനമായ വാക്‌സിന്‍ നിര്‍മിക്കുന്നതിലേക്കു സൂചന നല്‍കുന്നതാണ് പുതിയ പഠനമെന്ന് ഗവേഷകര്‍ പറയുന്നു. കോവിഡിന്റെ വരാനിരിക്കുന്ന വകഭേദങ്ങളെയും തടയാന്‍ ഇത്തരത്തിലൊരു വാകസിനു കഴിയുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസിലെ പ്രോട്ടീന്‍ സെല്ലിനെയാണ് ടി സെല്‍ ഇല്ലായ്മ ചെയ്യുന്നത്. വാക്‌സിനുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന ആന്റി ബോഡി വൈറസിലെ സ്‌പൈക്ക് പ്രോട്ടിന് എതിരെയാണ് പ്രവര്‍ത്തിക്കുക. ഇതിനെ നേരിടാനുള്ള ശേഷി വൈറസ് കൈവരിക്കുന്നത് സാധാരണമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.99, പൗണ്ട് - 100.85, യൂറോ - 84.04, സ്വിസ് ഫ്രാങ്ക് - 80.04, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.32, ബഹറിന്‍ ദിനാര്‍ - 196.23, കുവൈത്ത് ദിനാര്‍ -244.60, ഒമാനി റിയാല്‍ - 192.18, സൗദി റിയാല്‍ - 19.71, യു.എ.ഇ ദിര്‍ഹം - 20.14, ഖത്തര്‍ റിയാല്‍ - 20.32, കനേഡിയന്‍ ഡോളര്‍ - 58.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ