*
എ.ആർ.നഗർ:കോഴിക്കോട് -തൃശ്ശൂർ ദേശീയപാതയിൽ കൊളപ്പുറത്ത് പെട്രോൾ പമ്പിനടുത്തുവെച്ച് ആസിഡ് ചോർന്നത് നീക്കാനായില്ല. ടാങ്കർ ലോറിയിൽനിന്ന് വേങ്ങര കൂരിയാട് പാടത്ത് ജലസംഭരണികളിൽ ശേഖരിച്ചതും വണ്ടിയിൽ ബാക്കിയുള്ള ആസിഡുമാണുള്ളത്. ഇത് ബുധനാഴ്ച രാത്രിവരെ നീക്കാനായില്ല. ആസിഡ് കൊണ്ടുപോകാനായി മറ്റൊരു ടാങ്കർലോറി എത്തിയെങ്കിലും ഫൈബർ പമ്പുസെറ്റ് കിട്ടാത്തതിനാൽ ആസിഡ് മാറ്റാനായില്ല. കാർവാറിൽനിന്ന് കൊച്ചിയിലേക്ക് ദേശീയപാതയിലൂടെയുള്ള യാത്രയ്ക്കിടെ ആസിഡ് ചോർന്നതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി ഒരുമണിക്ക് വേങ്ങര കൂരിയാട് പാടത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനംനിർത്തിയാണ് ടാങ്കറിലെ പകുതിയോളം ആസിഡ് ജലസംഭരണികളിലേക്ക് മാറ്റിയത്. കൊച്ചിയിലേക്ക് ഡിറ്റർജെന്റ് നിർമിക്കാൻ കൊണ്ടുപോവുകയായിരുന്ന ഗാഢ ഹൈഡ്രോക്ലോറിക് ആസിഡാണ് ചോർന്നത്. ആസിഡ് നീക്കാൻ ലോഹനിർമിതമായ പമ്പുസെറ്റ് ഉപയോഗിക്കാൻ പറ്റില്ല. ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ അന്വേഷിച്ചെങ്കിലും പമ്പുസെറ്റ് ലഭ്യമായിട്ടില്ല. ആസിഡിന്റെ വിലയേക്കാൾ തുക ഇത് നീക്കംചെയ്യാൻ വേണമെന്ന കാരണത്താൽ ഇവിടെ ഉപേക്ഷിച്ചുപോകുമോ എന്നതാണ് അധികൃതരുടെ ആശങ്ക. സംഭവസ്ഥലം വേങ്ങര പോലീസിെന്റയും ഹൈവേ പോലീസിെന്റയും നിരീക്ഷണത്തിലാണ്. തഹസിൽദാർ പി.ടി. ജാഫർ സ്ഥലം സന്ദർശിക്കുന്നുണ്ട്.