2/2/19

പുലര്‍ച്ചെ നാലു മണി: ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് ഏറ്റവും വേഗത കൂടിയ സമയം


↪ഇന്റര്‍നെറ്റിന്റെ വേഗത എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. ചില സമയങ്ങളില്‍ ഇന്റര്‍നെറ്റില്‍ കയറാതിരിക്കുന്നതാണ് നല്ലതെന്നും തോന്നിപ്പോവും. മറ്റു ചില സമയങ്ങളിലോ, അതിന്റെ വേഗതയില്‍ നമ്മള്‍ ലയിച്ചുപോവും. ഇന്ത്യയില്‍ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭിക്കുന്ന സമയത്തെപ്പറ്റി ഒരു പഠനം പുറത്തുവന്നിരിക്കുകയാണിപ്പോള്‍.പുലര്‍ച്ചെ നാലു മണിക്കും അഞ്ചു മണിക്കും ഇടയിലാണ് ഏറ്റവും വേഗത ലഭിക്കുന്നത്. രാത്രി പത്തു മണിക്കുള്ള വേഗതയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണിത്.ഓപ്പണ്‍ സിഗ്നല്‍ എന്ന സ്ഥാപനമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. രാജ്യത്തെ 20 നഗരങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. പുലര്‍ച്ചെ നാലു മണിക്ക് 16.8 എം.ബി.പി.എസ് സ്പീഡിലാണ് നെറ്റ് ലഭിക്കുന്നത്. രാത്രി പത്തു മണിക്കാവട്ടേ, 3.7 എം.ബി.പി.എസ് മാത്രം.

⏹ *കൊടും തണുപ്പിന്റെ പിടിയില്‍ അമേരിക്ക;ഏതുനിമിഷവും ഐസാകുന്ന അവസ്ഥയില്‍ ഷിക്കാഗോ*
↪കൊടുംതണുപ്പിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് അമേരിക്ക. അതിശൈത്യത്തെ അതിജീവിക്കാന്‍ കഴിയാത്ത വിധത്തില്‍ ആണ് കാര്യങ്ങള്‍ പോകുന്നത്. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചില്ലെങ്കില്‍ ശരീരഭാഗം അഞ്ച് മിനിറ്റിനുള്ളില്‍ മരവിച്ച് പേകുമെന്ന് പോലും മുന്നറിയിപ്പുണ്ടായിരുന്നു. ഇപ്പോഴിതാ തണുപ്പിന്റെ കാഠിന്യം വെളിപ്പെടുത്തുന്ന ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. അമേരിക്കന്‍ നഗരമായ ഷിക്കാഗോയില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. – 29 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മുകളിലേക്ക് താപനില താഴുമ്പോള്‍ ഏതുനിമിഷവും ഐസാകുന്ന അവസ്ഥയിലാണ് ഷിക്കാഗോ.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഷിക്കാഗോയുടെ കൊടും തണുപ്പ് വെളിപ്പെടുത്തുന്ന വീഡിയോയാണ്. തിളച്ച വെള്ളം അന്തരീക്ഷത്തിലേക്ക് ഒഴിക്കുമ്പോള്‍ മഞ്ഞായി മാറുന്ന ദൃശ്യങ്ങളും വീഡോയായുമാണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധിയാളുകളാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

⏹ *ഇന്ത്യ പുതിയ ആന്റി റേഡിയേഷന്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ലക്ഷ്യം ശത്രുക്കളുടെ റഡാറുകള്‍*
↪തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശത്തുനിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ആന്റി റേഡിയേഷന്‍ മിസൈല്‍ എന്‍ഗാം (New Generation Anti Radiation Missile-NGARM) വിജയകരമായി പരീക്ഷിച്ചു. സുഖോയ്- 30MKI യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന മിസൈലിന് ശത്രുക്കളുടെ റഡാറുകള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ കഴിയും.100 കിലോമീറ്ററാണ് എന്‍ഗാമിന്റെ പരിധി. റഷ്യയുമായി ചേര്‍ന്ന് ബ്രഹ്മോസ് ക്രൂയ്‌സ് മിസൈല്‍ വികസിപ്പിച്ചെടുത്തതിന് ശേഷം ഡിആര്‍ഡിഒ നിര്‍മ്മിക്കുന്ന വായുവില്‍ നിന്ന് ഭൂമിയിലേക്ക് വിക്ഷേപിക്കാവുന്ന ആദ്യ മിസൈലാണിത്. ബലാസോറിലെ ടെസ്റ്റ് റെയ്ഞ്ചില്‍ ജനുവരി 18-ന് ആണ് മിസൈലിന്റെ ആദ്യ പരീക്ഷണം നടന്നത്. സുഖോയ്- 30MKI-യില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചു. ഏത് ഉയരത്തില്‍ നിന്നും വേഗതയിലും മിസൈല്‍ വിക്ഷേപിക്കാനാകുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

⏹ *ഏപ്രില്‍ രണ്ട് മുതല്‍ ഗൂഗിള്‍ പ്ലസ് ഇല്ല; ഡേറ്റ നഷ്ടമാവാതിരിക്കാന്‍ ഉപയോക്താക്കള്‍ ചെയ്യേണ്ടത്*
↪കഴിഞ്ഞ നവംബറിലാണ് ഗൂഗിളിന്റെ സോഷ്യൽ മീഡിയാ സേവനങ്ങളിലൊന്നായ ഗൂഗിൾ പ്ലസ് അടച്ചുപൂട്ടുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചത്. 2019 ഏപ്രിൽ രണ്ട് മുതൽ ഗൂഗിൾ പ്ലസ് സേവനം അവസാനിപ്പിക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ഗൂഗിൾ ഉപയോക്താക്കൾക്ക് അയച്ചുതുടങ്ങി.ഉപയോക്താക്കളുടെ കുറവും ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന ഉൽപ്പന്നമാക്കി നിലനിർത്തുന്നതിൽ വെല്ലുവിളികളുള്ളതുകൊണ്ടുമാണ് ഈ തരുമാനമെന്ന് ഉപയോക്താക്കൾക്കയച്ച സന്ദേശത്തിൽ ഗൂഗിൾ പറഞ്ഞു. ഗൂഗിൾ പ്ലസിനൊപ്പം നിന്ന ഉപയോക്താക്കൾക്ക് നന്ദി പറഞ്ഞ ഗൂഗിൾ, ഉപയോക്താക്കൾ സ്വീകരിക്കേണ്ട തുടർനടപടികളും വ്യക്തമാക്കി.ഏപ്രിൽ രണ്ട് മുതൽ നിങ്ങളുടെ ഗൂഗിൾ പ്ലസ് അക്കൗണ്ടും നിങ്ങൾ നിർമിച്ച ഗൂഗിൾപ്ലസ് പേജുകളും പിൻവലിക്കപ്പെടും. അന്ന് മുതൽ തന്നെ ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം നീക്കം ചെയ്തു തുടങ്ങുമെന്നും ഗൂഗിൾ പറഞ്ഞു. ഗൂഗിൾ പ്ലസിൽ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങൾ, വീഡിയോകൾ, ആൽബം ആർക്കൈവ്,ഗൂഗിൾ പ്ലസ് പേജുകൾ എല്ലാം നീക്കം ചെയ്യപ്പെടും. ഈ ഉള്ളടക്കങ്ങൾ നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലാത്തവർക്ക് അവരുടെ ഡേറ്റ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഏപ്രിലിന് മുന്നിൽ അവ ഡൗൺലോഡ് ചെയ്തിരിക്കണം. അതേസമയം ഗൂഗിൾ ഫോട്ടോസിലേക്ക് ബാക്ക് അപ്പ് ചെയ്ത ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്യപ്പെടില്ല.