07/02/2019

മത്സ്യത്തൊഴിലാളികളെ ഔദ്യോഗികമായി നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് ശശി തരൂര്‍

കേരളം വിറങ്ങലിച്ച മഹാപ്രളയത്തില്‍ കൈപ്പിടിച്ചുയര്‍ത്താന്‍ മുന്നില്‍ നിന്ന കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് ശശി തരൂര്‍ എംപി. ട്വീറ്ററിലൂടെയാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. സമാധാന നൊബേലിന് ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വ്യക്തികളെയും സംഘടനകളെയും ശുപാര്‍ശ ചെയുന്നതിന് അനുമതിയുണ്ട്. ഇത് ഉപയോഗിച്ചാണ് ശശി തരൂര്‍ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത്. ഇന്നലെയായിരുന്നു നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയുന്നതിന് അവസാന ദിവസം.നില്‍ക്കാതെ പെയ്ത മഴയും ഡാമുകള്‍ തുറന്നതും കേരളത്തെ വെള്ളത്തിലാഴ്ത്തിയപ്പോള്‍ പതിനായിരക്കണക്കിന് ജീവനുകള്‍ സ്വജീവന്‍ അപകടത്തിലാക്കി പോലും രക്ഷാപ്രവര്‍ത്തനമാണ് ലോകത്തിലെ പരമോന്നത പുരസ്‌ക്കാരങ്ങളിലൊന്നായ നൊബേലിന് ഇവരെ ശുപാര്‍ശ ചെയ്യാന്‍ കാരണമെന്ന് തരൂര്‍ വ്യക്തമാക്കി.

#⃣ *കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് പദ്ധതിക്ക് തുടക്കമായി*
↪കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സര്‍വര്‍ പദ്ധതി കൊക്കോണിക്സിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ കൊക്കോണിക്സ് നിര്‍മിക്കുന്ന ലാപ്ടോപ്പ് മുഖ്യമന്ത്രിക്കു കൈമാറി. കൊക്കോണിക്സിന്റെ ആദ്യനിര ലാപ്ടോപ്പുകള്‍ ഫെബ്രുവരി 11-നു ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിങ് സമ്മിറ്റില്‍ അവതരിപ്പിക്കും.പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക് ഉത്പാദന രംഗത്തെ ആഗോള കമ്പനിയായ യു.എസ്.ടി ഗ്ലോബലുമായി കൈകോര്‍ത്തു കൊണ്ടാണ് കേരളത്തില്‍ തന്നെ ഗുണമേന്‍മയുള്ള ലാപ്ടോപ്പുകളും സര്‍വറുകളും ഉത്പാദിപ്പിക്കുന്ന സംരംഭത്തിനു തുടക്കം കുറിക്കുന്നത്. ഇലക്ട്രോണിക്സ് ഉപകരണ ഉല്‍പാദന രംഗത്ത് പ്രമുഖരായ ഇന്റല്‍ കമ്പനിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും സാങ്കേതിക സഹായവും ലഭ്യമാക്കിക്കൊണ്ടാണ് കൊക്കോണിക്സ് എന്ന പൊതു-സ്വകാര്യ സംരംഭത്തിന് രൂപം നല്‍കിയത്.

#⃣ *സലയുടെ മൃതദേഹം കണ്ടെത്തി*
↪ഫുട്ബോള്‍ ലോകത്തിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുത്തി സലയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി.വിമാനയാത്രയ്ക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സലയെ കൂടാതെ ഒപ്പമുണ്ടായിരുന്ന പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

#⃣ *സ്പോര്‍ട്സ് ഷൂവുമായി ഷവോമി*
↪സ്മാർട്ട്ഫോൺ വിപണിയിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചതിനു പിറകെ, സ്പോർട്സ് ഷൂവുമായി ഷവോമി. ‘എം.ഐ മെൻസ് സ്പോര്‍ട്സ് ഷൂ 2’വുമായാണ് (Mi Men's Sports Shoes 2) ഷവോമി എത്തുന്നത്. നൂതനമായ സാങ്കേതികത ഉപയോഗിച്ചുള്ളതായിരിക്കും പുറത്തിറക്കുന്ന ഷൂ എന്ന് ചെെനീസ് കമ്പനി വ്യക്തമാക്കി.5-ഇൻ-വൺ മോൾഡിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പുറത്തിറങ്ങുന്ന ഷൂ അഞ്ച് വിവിധ തരം മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് അവകാശവാദം. എം.ഐ സൗണ്ട്ബാർ, എം.ഐ ടെലവിഷൻ, എം.ഐ മെെക്രോ യു.എസ്.ബി, 2.5A ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവ ഇന്ത്യയിൽ പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ സംരംഭവുമായി കമ്പനി എത്തിയിരിക്കുന്നത്.

#⃣ *ഓട്ടോറിക്ഷ മുതല്‍ ക്ഷേത്രം വരെ;പുതിയ ഇമോജി*
↪ഇമോജി ലോകത്തേക്ക് നമ്മുടെ സ്വന്തം ഓട്ടോറിക്ഷയും, ഹിന്ദു ക്ഷേത്രവുമടക്കം 230ഓളം പുതിയ ഇനങ്ങൾ കൂടി ചേർത്ത് യൂണികോഡ് കൺസോർഷ്യം. 2014ന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അപ്ഡേഷനുകളിൽ ഒന്നാണ് ഈ വർഷം നടന്നിരിക്കുന്നത്. ഇമോജികൾക്ക് രൂപം നൽകുകയും, അംഗീകാരം നൽകുകയും ചെയ്യുന്ന 501ൽപ്പരം സംഘങ്ങളുടെ കൂട്ടായ്മയായ യൂണികോഡ് കൺസോർഷ്യം ആണ് പുതിയ ഇമോജികൾ അവതരിപ്പച്ചത്.പുതുതായി ഇറങ്ങാനിരിക്കുന്ന ഇമോജികളുടെ സാമ്പിൾ രൂപമാണ് കൺസോർഷ്യം അവതരിപ്പിച്ചിരിക്കുന്നത്. വെബ് സെെറ്റുകളും പി.സി - സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഇതിനോട് ബന്ധപ്പെട്ടുള്ള അവരവരുടെ സോഫ്റ്റ്‍വെയറിന് അനുയോജ്യമായ തരത്തിലാണ് ഇമോജികള്‍ അവതരിപ്പിക്കുക. പുതിയ 59 തരം ബേസ് ഇമോജികളാണ് ഇറക്കിയിട്ടുള്ളതെങ്കിലും, ഇതിലെ 171 വേരിയന്റുകളടക്കം 230 ഇമോജികൾ ഇതോടെ യൂസേഴ്സിന് ലഭ്യമാവും.