വേങ്ങര: ഹൃദയസംബന്ധമായ രോഗ പ്രതിരോധത്തിനും രക്തശുദ്ധീകരണത്തിനുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ലാറ്റിനമേരിക്കൻ ഫലവർഗ്ഗമായ പാഷൻ ഫ്രൂട്ട് കൃഷിയെ വ്യാപിപ്പിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. കോട്ടക്കൽ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർന്മാരാണ് വേങ്ങര പൊലീസ് സ്റ്റേഷൻ വളപ്പിൽ തൈകൾ നട്ട് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.എസ്.ഐ വിജയൻ, അഡീഷണൽ എസ്.ഐ സജീഷ്, എ.എസ്.ഐ വത്സൻ എന്നിവർ പാഷൻ ഫ്രൂട്ട് തൈകൾ നട്ട് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.തുടർന്ന് വളണ്ടിയർമാർ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ശേഷം സി.പി.ഒ അരുൺ പൊലീസ് സ്റ്റേഷൻ പ്രവർത്തന രീതികൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി ക്ലാസെടുത്തു.പരിപാടിയുടെ രണ്ടാം ഘട്ടമായി കൂടുതൽ തൈകൾ വളർത്തിയെടുത്ത് വീടുകളിൽ വിതരണം ചെയ്യാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ. പ്രോഗ്രാം ഓഫീസർ വി.രാജേഷ്, ഷാഹിദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ