29/01/2019

മണ്ണുപരിശോധനാ ഫലം ലഭിച്ചു; എടപ്പാൾ മേൽപാലം പണി 15ന് തുടങ്ങും

എടപ്പാൾ ∙ മേൽപാലത്തിന്റെ നിർമാണം 15ന് ആരംഭിക്കും. ഇതിനു മുന്നോടിയായി മണ്ണുപരിശോധന പൂർത്തിയായി. മേൽപാലം കടന്നുപോകുന്ന 5 ഭാഗങ്ങളിൽനിന്ന് ഖനനം നടത്തി ശേഖരിച്ച മണ്ണ് തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ പരിശോധന നടത്തി ഫലം ലഭിച്ചു. എത്രത്തോളം താഴ്ചയിൽ കാലുകൾ നാട്ടണമെന്ന് അറിയുന്നതിനായാണ് പരിശോധന നടത്തിയത്.
മേൽപാലം രൂപരേഖ അംഗീകാരത്തിനായി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനു സമർപ്പിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം ലഭിക്കുമെന്നാണു സൂചന. ആർബിഡിസികെയുടെ യോഗം അടുത്ത ദിവസം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. ടൗണിലൂടെ കടന്നുപോകുന്ന വൈദ്യുതി കാലുകളും മറ്റും മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. സിഗ്നലുകളും നീക്കം ചെയ്യും.