അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ കാണാതായ ഷാഫിയുടെ മയ്യിത്ത് കണ്ടെത്തി; വിനയായത് അടിയൊഴുക്ക്..!
വടകര സാൻഡ് ബാങ്ക്സ് അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ കടലില്‍ കാണാതായ പറമ്പിൽ പീടിക സ്വദേശി കാളംബ്രാട്ടില്‍ വീരാൻകുട്ടിയുടെ മകൻ മുഹമ്മദ് ഷാഫി(42)യുടെ മയ്യിത്ത് കണ്ടെത്തി. ഇന്നലെ രാവിലെ എട്ടുമണിയോടെമീൻ പിടിക്കുന്നതിനിടെ കാണാതായ മുഹമ്മദ് ഷാഫിക്കായി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്ന് അല്പ സമയം മുമ്പാണ് മയ്യിത്ത് കണ്ടെത്തിയത്.
പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് വീശുവല ഉപയോഗിച്ച് മീൻപിടിക്കുമ്പോഴാണ് സംഭവം. വല കടലിലേക്ക് ആഴ്ന്നപ്പോള്‍ മുഹമ്മദ് ഷാഫി തിരിച്ചുവലിക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കില്‍പ്പെട്ടു. കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു മത്സ്യത്തൊഴിലാളികള്‍ അടുത്തെത്തിയപ്പോഴേക്കും മുഹമ്മദ് ഷാഫി ആഴത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.
ഷാഫിക്കായി നടത്തിയ തിരച്ചിലിനെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിരുന്നു. പുഴയും കടലും ചേരുന്ന ഭാഗമായതുകൊണ്ടുതന്നെ ഇവിടെ അടിയൊഴുക്ക് കൂടുതലായതാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ഇതും ശക്തമായ തിരമാലയും മഴയും തിരച്ചിലിന് തടസ്സമുണ്ടാക്കി. കൂടാതെ, ശക്തമായ മഴവെള്ളത്തിന്റെ ഒഴുക്കും. പരിശീലനം ലഭിച്ചവർക്കും ഈ സ്ഥലത്തെപ്പറ്റി അറിയുന്നവർക്കും മാത്രമേ ഇവിടെ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെടാൻ സാധിക്കുമായിരുന്നുള്ളൂ.
ഷാഫി പറമ്പില്‍ എം.പി., കെ.കെ. രമ എം.എല്‍.എ., വടകര നഗരസഭാധ്യക്ഷ, വടകര തഹസില്‍ദാർ, വില്ലേജ് ഓഫീസർ, പാറക്കല്‍ അബ്ദുള്ള, പയ്യോളി മുനിസിപ്പല്‍ ചെയർമാൻ, പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ്, വടകര പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, തീരദേശ പോലീസ്, കടലോര ജാഗ്രതാസമിതിയംഗങ്ങള്‍ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
കോസ്റ്റ് ഗാർഡ്, മറൈൻ, ഫിഷറീസ്, ഫയർഫോഴ്സ്, തീരദേശ പോലീസ്, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരാണ് തിരച്ചില്‍ നടത്തുന്നത്. കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കെടുത്തിരുന്നു.
സംഭവത്തെത്തുടർന്ന് സാൻഡ് ബാങ്ക്സില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ