130 പവന്‍ സ്വര്‍ണ്ണവും 15 ലക്ഷം രൂപയും തട്ടി ;വേങ്ങര സ്വദേശിയായ വ്യാജ സിദ്ധന്‍ പിടിയില്‍
വേങ്ങര പറമ്പില്‍ പടി സ്വദേശിയായ മങ്ങാടന്‍ അബ്ദുല്‍ മന്‍സൂര്‍ എന്ന 42 കാരനെയാണ് താനൂര്‍ സി.ഐ ജീവന്‍ജോര്‍ജും സംഘവും അറസ്റ്റ് ചെയ്തത്.
അമ്പത് കാരിയായ വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും രോഗശമനത്തിനായി മന്ത്രവാദിയെ ബന്ധപ്പെട്ടത് മുതലാണ് കുടുംബത്തെ കൊള്ളയടിച്ച് തുടങ്ങിയത്. 2022 മാര്‍ച്ചില്‍ വീട്ടമ്മയുടെ മകളുടെ കയ്യില്‍ നിന്ന് മന്ത്രവാദ ചികിത്സക്കെന്നും കോഴി കച്ചവടത്തില്‍ പങ്കാളിയാക്കാം എന്നും പറഞ്ഞ് 75 പവനും 15 ലക്ഷം രൂപയും ഇയാൾ കൈവശപ്പെടുത്തി. പിന്നീട് വീട്ടമ്മയുടെ മരുമകളും ഇയാളുടെ കെണിയലകപ്പെട്ടു.
അവരുടെ കയ്യില്‍ നിന്ന് 25 പവന്‍ സ്വര്‍ണ്ണമാണ് തട്ടിയത്. വീട്ടമ്മയില്‍ നിന്ന് 30പവന്‍ സ്വര്‍ണ്ണം തട്ടിയതിന് പിന്നാലെയായിരുന്നു മറ്റുള്ളവരെയെല്ലാം ഇരകളാക്കിയത്. വേങ്ങര പറമ്പില്‍പടി സ്വദേശിയായ അബ്ദുല്‍മന്‍സൂറും മകനുമാണ് തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്. ആകര്‍ഷകമായ പെരുമാറ്റമായിരുന്നതില്‍ മന്‍സൂറിന്റെ വാക്കുകള്‍ അന്ധമായി വിശ്വസിച്ച് കുടുംബം കൂടുതല്‍ കെണിയിലകപ്പെടുകയായിരുന്നു. രാത്രിയും മറ്റും വീട്ടിലെത്തിയാണ് ചികിത്സ നടത്തിയിരുന്നത്.
വേങ്ങര കുറ്റാളൂരിനടുത്ത് മുറി കേന്ദ്രീകരിച്ചും ചികിത്സ നടത്തിയിരുന്നു. ഇയാള്‍ മന്ത്രവാദ ചികിത്സ നടത്തുന്നത് അടുത്ത ബന്ധുക്കളോ നാട്ടുകാരോ പോലും അറിഞ്ഞിരുന്നില്ലെന്ന് പറയുന്നു. വളരെ രഹസ്യമായി ബന്ധം സ്ഥാപിച്ചാണ് ചികിത്സക്ക് ആളുകളെ ഇരകളാക്കിയിരുന്നത്. കോഴിക്കച്ചവടമായിരുന്നു ഇയാളുടെ പ്രധാന ജോലി. പല കേന്ദ്രങ്ങളിലും കോഴിക്കടകള്‍ നടത്തിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് കോഴി വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പണം കൈവശപ്പെടുത്തിയത്.
വിവിധ ചികിത്സകള്‍ നടത്തിയിട്ടും വീട്ടിലുള്ളവരുടെ രോഗങ്ങള്‍ മാറാതെ വന്നതോടെയാണ് വീട്ടമ്മ മന്ത്രവാദ ചികിത്സകന്റെ സഹായം തേടിയത്. വീട്ടിലുള്ള ഓരോരുത്തരെയായി ഇരയാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. താനൂർ എസ് ഐ ജലീല്‍ കറുത്തേടത്ത്, ജയപ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഷ, അനീഷ്, ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.