ആലുവയിലെ കണ്ണീർ മായും മുൻപ് വീണ്ടും; നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി, സംഭവം ചേളാരിയിൽ



_ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം അരങ്ങേറിയത്_

തിരൂരങ്ങാടി  അതിഥി തൊഴിലാളിയുടെ 4 വയസ്സായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പീഡിപ്പിച്ചത്.
ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്. ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്‌വ (ബണ്ടി-30) യെ തിരൂരങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഉച്ച ഭക്ഷണത്തിനു ശേഷം ഇവരുടെ ക്വാർട്ടേഴ്സിലെത്തിയ പ്രതി കുഞ്ഞിനെ കളിപ്പിക്കാൻ കൊണ്ടു പോകുന്നു എന്നു പറഞ്ഞു വിളിച്ചു കൊണ്ടു പോയതാണ്. പിന്നീട് കുട്ടി കരഞ്ഞു വരുന്നത് കണ്ട് മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്.
ഉടനെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതേത്തുടർന്ന് യുവതി തന്നെ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. തേഞ്ഞിപ്പലം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു തിരൂരങ്ങാടി സ്റ്റേഷന് കൈമാറി. കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തി. മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പ്രതിക്ക് 30 വയസാണ് പ്രായം. മാതാപിതാക്കൾ വിവരമറിയിച്ച് ആദ്യം സ്ഥലത്തെത്തിയ തേഞ്ഞിപ്പാലം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാർബിൾ പണിക്കായി എത്തിയ അതിഥി തൊഴിലാളികൾ ധാരാളമായി താമസിച്ചിരുന്ന ക്വാർട്ടേർസിലാണ് സംഭവം. പ്രതിയും കുട്ടിയുടെ മാതാപിതാക്കളും മധ്യപ്രദേശുകാരാണ് എന്നാണ് വിവരം. ഇന്നലെ ഉച്ചയോടെയാണ് പ്രതി കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. കുട്ടിക്ക് ആരോഗ്യനില തൃപ്തികരമാണ്.